തിരുവാക്കിനെതിർവാക്കില്ല.




രാജഭരണകാലത്ത്‌ "തിരുവാക്കിനെതിർ വാക്കില്ല" എന്നാണല്ലോ .എല്ലാം രാജാവിന്റെ ആഗ്രഹമനുസരിച്ച്‌ നടക്കുകയുള്ളു. രാജപ്രീതി നേടി സ്ഥാനമാനങ്ങളും ധനവും സ്വന്തമാക്കാമെന്ന്‌ വ്യാമോഹിച്ച്‌ നടക്കുന്ന സേവകന്മാരാവട്ടെ രാജാവ്‌ എന്തു പറഞ്ഞാലും ശരി വെക്കുന്ന പ്രകൃതവും. അവർക്കു ശരിയും തെറ്റുമല്ല പ്രശ്നം . രാജാവിന്റെ പ്രീതിയാണ്‌ ആവശ്യം. അതിനായി ഏതു വിഡ്ഢിത്തവും കാട്ടുവാനും ഇല്ലാത്ത മഹത്വങ്ങൾ രാജാവിനുണ്ടെന്നു വിളംബരം ചെയ്യുവാനും അവർക്ക്‌ മടിയില്ല. രാജാവിന്റെ പിന്നാലെ കൂടി മുഖസ്തുതി പറയുന്നതിലും അവർ വിരുതന്മാരാണ്‌. അതിനെയാണ്  'സേവപിടുത്തം' എന്നു പറയുന്നത്‌.

എന്നാൽ ഇത്തരം മുഖസ്തുതികളിൽ വീണുപോകാത്ത അപൂർവ്വം വ്യക്തിത്വങ്ങളുമുണ്ടായിരുന്നു. അങ്ങിനെയുള്ള ഒരാളായിരുന്നു മാർത്താണ്ഡവർമ്മമഹാരാജാവ്‌. അദ്ദേഹം അവസരം കിട്ടുമ്പോഴൊക്കെ തന്റെ സേവകരുടെ ആത്മാർത്ഥത പരീക്ഷിച്ചറിയുമായിരുന്നു. ആരൊക്കെയാണ്‌ രാജപ്രീതിക്കായി കൂടിയിട്ടുള്ളവരെന്നു തിട്ടപ്പെടുത്താൻ അദ്ദേഹം പലപ്പോഴും ശ്രമിച്ചിട്ടുണ്ട്‌.
ഒരിക്കൽ മാർത്താണ്ഡവർമ്മ മഹാരാജാവ്‌ അമ്പലപ്പുഴക്ക്‌ എഴുന്നള്ളി. അദ്ദേഹത്തിന്‌ നിരവധി സേവകരും അകമ്പടിയായുണ്ടായിരുന്നു. അമ്പലപ്പുഴയിലെത്തിയ രാജാവ്‌ ഊണു കഴിച്ചുകൊണ്ടിരിക്കെ ഒരു പൊടിക്കൈ കാട്ടി തന്റെ സേവകരെ പരീക്ഷിക്കാമെന്ന്‌ തീരുമാനിച്ചു.

ഊണിനു പാൽപ്പായസമുണ്ടായിരുന്നു.അമ്പലപ്പുഴ പാൽപ്പായസം പ്രസിദ്ധമാണല്ലോ.വിളമ്പിയ പായസം രാജാവ്‌ അൽപ്പം രുചിച്ചുനോക്കി.നല്ല മധുരം, നല്ല പാചകം, പക്ഷേ, അദ്ദേഹം പെട്ടെന്ന്‌ മുഖത്ത്‌ ദേഷ്യവും വെറുപ്പും വരുത്തി പായസം നീക്കിവെച്ചുകൊണ്ട്‌ സേവകരെ നോക്കി ഇങ്ങിനെ പറഞ്ഞു."ഹോ! എന്തൊരു കയ്പ്പാണ്‌ ഈ പാൽപ്പായസത്തിന്‌."


സത്യത്തിൽ അതിന്റെ മധുരം കാരണം മതിവരുവോളം കുടിക്കണമെന്നുണ്ട്‌, മഹാരാജാവിന്‌. വരട്ടെ. തന്റെ 'സേവകർ' എന്തു പറയുമെന്നറിയണമല്ലോ. രാജാവ്‌ പറഞ്ഞതു കേട്ടപ്പോൾ സന്തോഷിച്ച്‌ പായസം കുടിക്കുകയായിരുന്ന സേവകർ കുഴഞ്ഞു. അവർ മനസ്സില്ലാമനസ്സോടെ പായസം കഴിക്കൽ നിർത്തി ഓരോരുത്തരായി പറഞ്ഞു തുടങ്ങി;ഉവ്വുവ്വ്‌ ഈ പാൽപ്പായസത്തിന്‌ കയ്പ്പാണ്‌. എന്തൊരു കയ്പ്പ്‌" മറ്റൊരാൾ പറഞ്ഞു."ഞാനത്‌ പറയാൻ തുടങ്ങുകയായിരുന്നു." ഇതാണൊ അമ്പലപ്പുഴ പാൽപ്പായസം.പാവയ്ക്കാനീരുപോലെയുണ്ട്‌"-ചിലർ അഭിപ്രായപ്പെട്ടു. മറ്റു ചിലർ വിളമ്പുകാരനോട്‌ കയർക്കുവാനും മറന്നില്ല. ഇതെല്ലാം കണ്ടും കേട്ടും രാജാവ്‌ ഉള്ളാലെ ചിരിക്കുകയായിരുന്നു. എന്തൊരു വിഡ്ഢികൾ.അഥവാ തന്നെ പ്രീതിപ്പെടുത്താൻ വേണ്ടി വിഡ്ഢിവേഷം കെട്ടുന്നവർ.......

ഗൗരവം വിടാതെ തന്നെ രാജാവ്‌ ഊണ്‌ നിർത്തി എഴുന്നേറ്റു. സ്വിച്ചിട്ടാലെന്ന പോലെ മറ്റുള്ളവരും എഴുന്നേറ്റു. ചിലർ തങ്ങളുടെ ഇലയിൽ വിളമ്പിയിരുന്ന പാൽപ്പായസം നോക്കി നിർവൃതി കൊള്ളുന്നുമുണ്ടായിരുന്നു. രാജാവ്‌ നടക്കാൻ തുടങ്ങവെയാണ്‌ നമ്പ്യാർ ഇതൊന്നും ശ്രദ്ധിക്കാതെ ഒരറ്റത്തിരുന്ന്‌ പായസം കുടിക്കുന്നത്‌ ശ്രദ്ധിച്ചതു. രാജാവ്‌ കയ്പ്പാണെന്നു പറഞ്ഞിട്ടും നമ്പ്യാർ പായസം കുടിച്ചുകൊണ്ടിരിക്കുകയാണ്‌. അദ്ദേഹം നമ്പ്യാരുടെ നേരെ തിരിഞ്ഞു. സേവകർ പരസപരം പറഞ്ഞ്‌." നമ്പ്യാർക്ക്‌ ഇപ്പോൾ തന്നെ തക്ക ശിക്ഷ കിട്ടും:.

രാജാവ്‌ അടുത്ത്‌` ചെന്ന്‌ നമ്പ്യാരോട്‌ തിരക്കി;"എന്താ നമ്പ്യാരെ ,പായസത്തിന്‌ കയ്പ്പില്ലേ?"

നമ്പ്യാർ ഒന്നുകൂടെ കൈവിരൽ നുണഞ്ഞുകൊണ്ട്‌ പറഞ്ഞു;" പാൽപ്പായസത്തിന്‌ അങ്ങു പറഞ്ഞതുപോലെ കയ്പ്പുണ്ട്‌, പക്ഷേ ഈ കയ്പ്പ്‌ അടിയന്‌ ഇഷ്ടമാണ്‌. "

ഇതുകേട്ട രാജാവ്‌ അറിയാതെ ചിരിച്ചുപോയി. കേട്ടു നിന്ന സേവകർക്ക്‌ അപ്പോഴാണ്‌ തങ്ങൾക്കു പിണഞ്ഞ അമളി മനസ്സിലായത്‌. അവർ പരസ്പരം നോക്കിനിന്നു. പാവം സേവകർ,അവർ ഇരിക്കാതെന്തു ചെയ്യാനാണ്  അല്ലേ?