കൃഷ്ണഗാഥ


ചെറുശ്ശേരി


ഇങ്ങനെയോരോരോ മംഗലവാക്കുകൾ
ഭംഗിയിൽ ചൊല്ലിപ്പൂകണ്ണു പിന്നെ
വാനിടം മുന്നിട്ടു പോകത്തുടങ്ങിനാർ
വാനവരെല്ലാരും മെല്ലെമെല്ലെ
മേദിനിദേവിയുമാദ്രവോടു തൻ
വേദന വേറിട്ടു നിന്ന നേരം
മംഗല്യമാളുന്ന ദേവകിദേവിക്കു
ചിങ്ങമാം മാസവും പോന്നുവന്നു
അഷ്ടമിരോഹിണി തങ്ങളിൽ കൂടിനി-
ന്നിഷ്ടമായുള്ളൊരു നൽപൊഴുതും
മംഗലജാലങ്ങൾ തിങ്ങിനിന്നെങ്ങുമേ
പൊങ്ങിയെഴുന്നു തുടങ്ങീതപ്പോൾ
ആരണർക്കുണ്ഡത്തിലഗ്നികളെല്ലാമേ
പാരമെഴുന്നു വലംചുഴുന്നു
സ്വച്ഛങ്ങളായ്‌ വന്നു തോയങ്ങളെല്ലാമേ
സജ്ജ്നമാണസമെന്നപോലെ
താരങ്ങളായുള്ള ഹാരങ്ങൾ പൂണ്ടിട്ടു
പാരം വിളങ്ങി വിയത്തുമപ്പോൾ
മത്ത്ങ്ങളായ്നിന്നു പാടിത്തുടങ്ങിനാർ
ചിത്തന്തെളിഞ്ഞുള്ള ഭൃംഗങ്ങളും
മന്ദമായ്‌ വന്നങ്ങു വീതുതുടങ്ങിനാൻ
സുന്ദരനായൊരു തെന്നൽതാനും
ഇങ്ങനെയോരോരോ നന്മകൾ പിന്നെയും
മംഗലഹേതുക്കളായിവന്നു
കാത്തുനിന്നീടുന്ന കംസനിയോഗികൾ
ചീർത്തൊരു നിദ്രയെപ്പൂണ്ടാരപ്പോൾ
പാവനയായൊരു ദേവകിദേവിക്കു
നോവു തുടങ്ങീതു മെല്ലെ മെല്ലെ
വേദന വേറിട്ടു മേദിനിദേവിക്കു
മേനിയിൽ നോവു കുറഞ്ഞ‍ൂതപ്പോൾ
ചൊൽക്കൻണിതന്നിലെ ദീർഘങ്ങളായുള്ള
ശൂൽക്കാരജാലവുമുണ്ടായപ്പോൾ
മൂർക്ക്വരെത്തിണ്ണം ചുമന്നുള്ള നന്തനു
ശൂൽക്കാർമീഷൽ തളർന്നുതായി
ചീർത്തുനിന്നീടുന്നൊരീറ്റുനോവാണ്ടവൾ
ആർത്തയായേറ്റവും മേവുന്നേരം
ഇന്ദ്രദിഗംഗന ചന്ദ്രനായുള്ളോരു
നന്ദനന്തന്നെയും പെറ്റാളപ്പോൾ
അംബരമായുള്ളൊരങ്കണന്തന്നിലെ
രിംഖണം ചെയ്തവൻ നിന്നനേരം
കോമളമായൊരു രുഗ്മിണിതന്നുടെ 
വാർമുലതന്നിലലങ്കരിപ്പാൻ
ദേവകിയായൊരു കൽപ്പകവല്ലിമേൽ
മേവിനിന്നീടുന്ന ദിവ്യരത്നം
ഭൂതലംതന്നിലങ്ങായതു കാണായി
പൂതനായുള്ളൊരു താതനപ്പോൾ
കാർമുകിൽമാലകൾ കാൽപിടിച്ചീടുന്ന
കാന്തിയെപ്പൂണ്ടൊരു മെയ്യുമായി
രമ്യമായുള്ളൊരു മൗലിയിൽ ചെർന്നുണ്ടു
പൊൻമയമായൊരു നന്മകുടം
കാർമുകിൽമാലയിൽ പാതി മറഞ്ഞൊരു
വാർമതിപ്പൈതൽതാനെന്നപോലെ
കുന്തളജാലംകൊണ്ടഞ്ചിതമാകയാൽ
ചന്തത്തെക്കോലുന്ന ഫാലവുമായ്‌
കമ്പത്തെക്കൊണ്ടേയിപ്പാരിടം തന്നുടെ
സംഭവന്തന്നെയും പാലനവും