ഒരു തോണിയാത്ര



മഹാകവി വള്ളത്തോൾ 


തിരിക്കയായ്‌ സന്ധ്യ; വഴിക്കിടക്ക
വിരിച്ചു ഞാൻ കേറിയ തോണിതാനും
സ്ഫുരിക്കുമോളങ്ങൾ മുറിച്ചുകൊണ്ട-
സ്സരിത്തിലൂടെ ഗമനം തുടങ്ങി

അങ്ങോട്ടു മിങ്ങോട്ടുമിരുട്ടിലോരോ
കേവഞ്ചിയസ്സിന്ധുവിലെന്ന പോലെ,
അവ്യക്തമായിട്ടു കടന്നുപോയ്ക്കൊ-
ണ്ടിരുന്നു നാനാ നിനവെന്മനസ്സിൽ


നിറഞ്ഞിടട്ടേ തരണിവ്രജത്താൽ;
നിശ്ശൂന്യമാകട്ടെ നിജപ്രദേശം
രണ്ടും ഗണിക്കാതെ ഗമിച്ചു മുന്നോ-
ടുത്സംഗപോലാ നദി ശാന്തവൃത്ത്യാ

സന്നാഹിയായ്ക്കേറിയ കൂരിരുട്ടാൽ
മന്നാകെയാച്ഛാദിതമായ്ച്ചമഞ്ഞും
മിന്നമിനുങ്ങിൻ നിര സഞ്ചരിച്ചു.

തടങ്ങളിൽച്ചേർന്ന ചെടിപ്പടർപ്പിൽ-
ത്തഴച്ചുകാണായ്‌ തമസ്സമൂഹം
ആസന്നചന്ദ്രോദയഭീതിമൂൽ-
മാറ്റിൽപ്പതിപ്പാൻ മുതിരുന്നപോലെ


കുറച്ചുനേരം കഴിയേ പ്രസാദം
സ്ഫുരിച്ചിടും പൂർവ്വദിശാസരസ്സിൽ
നിറഞ്ഞ രാവിൻ ചളിയിങ്കൽനിന്നു
വിരിഞ്ഞ വെൺതണ്ടലരൊന്നുയർന്നു
കാന്തിത്തഴപ്പോടുമുദിച്ചുയർന്ന
പൂന്തിങ്കൾതൻ ബിംബനകൈതവത്താൽ
ഏന്തിത്തൂളുമ്പുന്ന നദീജലത്തിൽ
നീന്തിക്കളിച്ചു കളഹംസകങ്ങൾ

തെളിഞ്ഞെരിഞ്ഞൊരു മഹസ്സു തേഞ്ഞു-
മാഞ്ഞന്ധകാരത്തിൽ മറഞ്ഞ ലോകം
ക്രമേണ മുൻമേന്മയിലേകു കേറാൻ
സുശോഭനാവസ്ഥയിലെത്തി വീണ്ടും

വഞ്ചിക്കെഴും വന്‍ ചിറകായ പായ്മേ-
ലിയറ്റിടും മഞ്ജുളമർമ്മരത്താൽ
രാവിന്റെ വീർപ്പാം കുളിര്‍ മാരുതൻ വ-
ന്നെന്നോടു യാത്രാകുശലോക്തി ചൊല്ലി

ക്ഷണേന മാർഗ്ഗവ്യഥകൊണ്ടു കണ്ണും
ചിമ്മിക്കിടക്കും മമ നെറ്റിതന്മേൽ
സച്ചിൽസുഖം തൂകിന നിദ്ര വന്നു
ചുംബിച്ചിത,ൻപേറുമൊരമ്മപോലെ

ഉറക്കമാം കോഴി മദംഗചേഷ്ടാ-
കണങ്ങളെക്കൊത്തി വിഴുങ്ങി നിൽക്കെ
ആ നാവികന്മാരിരുപേരിലേകൻ
തൻ ചോദ്യമങ്ങോട്ടൊരു കല്ലെറിഞ്ഞു

ഞാനിത്ര വേഗത്തിലുറങ്ങുമെന്നീ-
ബലിഷ്ഠനാം വേട്ടുവനോർത്തിരിക്കാ;
ഇവന്നു രാമായണ വായനയ്ക്കെ-
ന്നനുജ്ഞ കിട്ടായ്കിലബദ്ധമെന്തോ?

സൽഗ്രന്ഥ്പാഠത്തെ മുടക്കിയേക്കാം
ഞാനെന്നിവന്നെങ്ങനെ ശങ്ക തോന്നി?
എഴുത്തു ശീലിച്ചതു തന്റെ ഗർവ്വാ-
യെണ്ണോളിയെന്നാമിതിനാന്തരാർത്ഥം!


ഈയൂഹമാമാവി ഘനീഭവിച്ചു
വെണ്ണീ ർ പൊഴിച്ചു മിഴി രണ്ടിലും മേ;
:ഹാ,നന്നു,യർന്നുള്ളവർ താഴ്‌ന്ന ജാതി-
ക്കാരിൽക്കടത്തും കരുണാകടാക്ഷം
അനർത്ഥഗർത്തങ്ങളാണ്ടുതന്നേ
കിടക്കണം പോലിവർ കീടതുല്യം
വേദേതിഹാസാദിവിഭൂതിയെല്ലാം
മേൽജ്ജാതിതൻ പൈതൃ കമാണു പോലും

വാഗ്ദേവിയെത്താനറിയാതെ തീണ്ടി-
പ്പോയെന്നിവൻ മാപ്പിനിരന്നിടുന്നു
ഭയാനകം ഹാ,. സ്മൃതിവാക്യഘോഷം-
ജാതിപ്പിശാചിൻ പ്രചുരാട്ടഹാസം

സൌഭ്രാത്രസസ്യത്തിനു ജന്മഭൂവീ-
സ്സൽക്ഷേത്ര, മേതോ കെടുനീരൊഴുക്കാൽ
പലേടവും പാഴ്മണൽ വന്നടിഞ്ഞി-
ട്ടി ത്രയ്ക്കു നിമ്നോന്നതമായിയല്ലോ!

ബ്രഹ്മർഷിമാർമുഖ്യനെ മുക്കുവത്തി-
പെറ്റൊരു പുണ്യക്ഷിതി മണ്ഡലത്തിൽ
അഹോ, മനുഷ്യന്നു മനുഷ്യനോടു
സാമീപ്യ സമ്പർക്കമധർമ്മമായി?

സ്വതന്ത്രരശ്മൽകുലപൂർവ്വരാർത്ത-
ത്രാണത്തിനായ്‌ ശസ്ത്രമെടുത്തു കൈയിൽ
പാഴുറ്റ കയ്യാൽപ്പരതന്ത്രർ നാമോ
പാവങ്ങൾ തൻ മൂർദ്ധനി കല്ലിടുന്നു

രമിച്ചു പണ്ടേവരിലേകയോഗ-
ഭാഗ്യത്തൊടും ഭാർഗ്ഗവരാജലക്ഷ്മി,
അപ്പൂർവ്വികന്മാരുടെ ചോര, നായ-
ന്മാരേ, ഭവാന്മാരിലൊരിറ്റുമില്ലേ?

'തമ്പ്രാ'നി-താണെങ്കലിവൻ പതിച്ച
സംബുദ്ധി! ഹേ സാധുമനുഷ്യ, നോക്കൂ;
ഈ നമ്മളെല്ലാമൊരു തമ്പുരാന്റെ
കീഴാളരാ,രാർക്കിഹ തമ്പുരാനാം?

നിന്റേതിലും മുന്തിയതായ്‌വരാമെ-
ന്നുടുപ്പി;-താർക്കും കടയിൽക്കിടയ്ക്കും;
എന്നാലൊരേനൂലുകൾകൊണ്ടു നെയ്ത-
തത്രേ, നമുക്കംബിക തന്ന വസ്ത്രം

ആർ പള്ളിയോടം കയറിക്കളിപ്പൂ
യുഷ്മാദൃശപ്രോഷ്മളബാഷ്പനീരിൽ
അദ്ധന്യർ നിങ്ങൾക്കിത തമ്പുരാന്മ-
രഹോ ജഗത്തിൻ മറിമായമുഗ്രം!"

മുതിർന്നു ഞാനാം പുഴുവെന്റെ നാട്ടിൽ-
സ്സാങ്കൽപ്പികസ്വർഗ്ഗപുരം ചമയ്ക്കേ,
ആവൃത്തമായ്‌ മുമ്പടി, വായനയ്ക്കെ-
ന്നനുജ്ഞ കാംക്ഷിക്കുമവന്റെ ചോദ്യം

'വായിച്ചുകൊൾകെ,ത്രയുമിഷ്ടമാണ-
തിങ്ങെ'ന്നു ഞാനുത്തരമോതിയാറെ
ഇരുണ്ട മണ്ണെണ്ണവീളക്കിനാരാ-
ലിരുന്നിതയാൾ തൊഴുകൈയ്യുമായി

പിന്നീടു തൻ പുസ്തകമൊന്നെടുത്തു
പൂർണ്ണാദരം വായനയും തൂടങ്ങി
ഇണങ്ങിനിൽക്കുൻ ശ്രുതിയില്ല, രാഗ-
മില്ല,ക്ഷരവ്യ ക്തിയുമേറെയില്ല

എന്നാലുമായാളുടെ ഗാനമന്റെ
കർണ്ണത്തിനാഹ്ലാദമനൽപ്പമേകി
തദീയകണ്ഠസ്വരമത്രമാത്രം
ഭക്തിസ്ഫുരന്മാധുരി പൂണ്ടിരുന്നു

കാവ്യം സുഗേയം കഥ രാഘവീയം
കർത്താവു തുഞ്ചത്തുളവായ ദിവ്യൻ
ചൊല്ലുന്നതോ ഭക്തിമയസ്വരത്തി-
ലാനന്ദലബ്ധിക്കിനിയെന്തു വേണം?

അവന്റെ പാട്ടാം മണിയൊച്ച രാവിൻ-
പ്രശാന്തനിശ്ശ്ബദ്തയെപ്പിളർക്കേ 
അതാസ്വദിക്കുന്നതിനെന്നവണ്ണം
സ്തംഭിച്ചു നിന്നൂ ഡിവി താരകങ്ങൾ!

നീളത്തിലഗ്ഗീതമവന്റെ കണ്ഠ-
നാളത്തിൽനിന്നങ്ങു വിനിർഗ്ഗളിക്കേ,
ഓളങ്ങളാകുന്ന കരങ്ങൾകൊണ്ടു
താളം പിടിച്ചു നദി മെല്ലെ മെല്ലെ


രാമാനുജപ്പൈങ്കിളി പാടിയോരു
രാമായണത്തിൻ മധുരപ്രവാഹാൽ
ആ വെണ്ണിലാവങ്ങോരു പാൽക്കുഴമ്പോ-
ടാമേളനം ചെയ്തതുപോലെയായി


ചൊൽക്കൊണ്ട തുഞ്ചങ്ങുരുവിന്റെ കാവ്യ-
രത്നത്തിൽനിന്നേന്തിയ കാന്തിയാലേ
അപ്പോട്ടമണ്ണെണ്ണവിളക്കു വിദ്യുൽ-
പ്രദീപമായെന്നുമെനിക്കു തോന്നീ
ഒരത്ഭുതത്തൂമണമാസ്ഥലത്തു
പരന്നുപാറീ കുളികാറ്റിലെങ്ങും
നിരന്തരം വന്നുപൊഴിഞ്ഞിതേതോ
മരന്ദമൊന്നെന്നുടെ വഞ്ചി തന്നിൽ

തൻചിത്രവർണ്ണാംഗമരീചിയാൽക്ക-
ണ്ണഞ്ചിപ്പൊരോമൽക്കിളിയേറെനേരം
കൊഞ്ചിക്കുളിച്ചു കളനിസ്‌വനത്തോ-
ടെൻ ചിത്തവല്ലിച്ചെറുച്ചില്ലതോറും!

ചുഴിഞ്ഞു വായിപ്പളവേന്നൊടർത്ഥം
ചോദിച്ചിരുന്നൂ ചിലദിക്കിലായാൾ
ഹാ കഷ്ട,മുൽക്കൃഷ്ടവിചാരണാമി-
ജിജ്ഞാസു വിജ്ഞാനവിദൂരസംസ്ഥൻ!


ഈമട്ടേത്ര വിലപ്പെടും മണികളു-
ണ്ടിങ്ങാകരംതോറു!-മാ-
ശ്രീമദ്വസ്തുചയത്തെ-യെന്തു പറയാം
വ്യാമോഹദുർവ്വൈഭവം-
പാഴുണ്ണിൻപൊടി പറ്റുമെന്നു കരുതി-
സ്പർശിക്കയേ ചെയ്‌വതി-
ല്ലോ, മൽസോദരമർദ്ദനക്കറപെടും
മേലാളിമാർത്തൻ കരം!