മാഫിയ

അരവിന്ദന്‍
              

പ്രഭാതകിരണങ്ങളുടെ സ്പര്‍ശമേററു പൂമുഖത്ത് ചാരുകസേരയിലിരുന്നു പത്രം വായിക്കു മ്പോഴാണ് രണ്ടു ചെറുപ്പക്കാര്‍ പടികടന്നു വന്നത്. നടന്നടുത്ത ചെറുപ്പക്കാരോടയാള്‍ തിരക്കി: 
മനസിലായില്ല. ആരാ?’’              
ഞങ്ങള്‍ ഒരു കാര്യം അന്വേഷിക്കാനായി വന്നവരാ..’’
എന്താ..? കയറിയിരിക്കൂ.’’
ഇരിക്കാന്‍ നേരമില്ല. ഈ വീടും തൊടിയും വില്‍ക്കുന്നുണ്ടെന്നു കേട്ടു.’’ ——
- വന്നവരില്‍ ഒരാള്‍.  
നല്ല വിലതരാം. ഞങ്ങള്‍ വാങ്ങിക്കാം’’ - മറേറയാള്‍.
കണ്ണടയൂരി മുണ്ടിന്റെ കോന്തലയില്‍ തുടച്ചുകൊണ്ട് അയാള്‍ പറഞ്ഞു: “”നിങ്ങള്‍ കേട്ടതു ശരിയല്ല. ഈ വീടും തൊടിയും പൂര്‍വികരായി സമ്പാദിച്ച സ്വത്താ. വില്‍ക്കാന്‍ നിരീക്കാനും കൂടിവയ്യ..’’  
ചെറുപ്പക്കാര്‍ മുഖത്തോട് മുഖംനോക്കി. അയാള്‍ കൊടുത്ത ഉത്തരം ഇഷ്ടമായില്ലെന്ന് അവരുടെ മുഖഭാവത്തില്‍ നിന്നും വ്യക്തം. എന്തൊക്കെയോ പിറുപിറുത്തു കൊണ്ട് അവര്‍ പടിയിറങ്ങി. 
കാരണവന്‍മ്മാര്‍ അധ്വാനിച്ചുണ്ടാക്കിയ സ്വത്ത്. പണ്ടത്തെ പ്രൌഡിയുടെയും തറവാടി ത്തത്തിന്റെയും മഹിമ വിളിച്ചോതുന്ന നാലുകെട്ട്. തുരുട്ടു കൂടിയിരിക്കുന്ന പറമ്പ്. പറമ്പില്‍ കൂരിരുട്ടായി നിലകൊള്ളുന്ന പാമ്പിന്‍കാവ്. പൂര്‍വ്വികരെ സംസ്കരിച്ച ശവമാടങ്ങള്‍...
നൂററാണ്ടുകളുടെ കഥപറയുന്ന വീടും തൊടിയും വില്‍ക്കുന്നതിലും നല്ലത് ആത്മഹത്യചെയ്യുകയാണ്. മനസ്സില്‍പോലും തോന്നാത്ത കാര്യം. എന്നിട്ടും ആരാണിങ്ങനെ പറഞ്ഞുപരത്തിയത്.? പത്രം മടക്കിവെച്ചുകൊണ്ടയാള്‍ എഴുന്നേററു. 
സൂര്യരശ്മികള്‍ക്ക് ചൂടേറാന്‍ തുടങ്ങിയിരിക്കുന്നു. അവ കനല്‍ക്കട്ടകളായി കോലായില്‍ കയറിക്കൂ ടിയിരിക്കുന്നു.
ദിവസങ്ങള്‍ക്കു ശേഷം ചുട്ടുപൊള്ളുന്ന ഒരു ഉച്ചയില്‍ ആരോ കാളിങ്ങ് ബെല്ലടിച്ചു. ഊണു കഴിഞ്ഞുറങ്ങാന്‍ കിടന്ന അയാള്‍ സാവധാനം എഴുന്നേററു. അപ്പോഴേക്കും തുടര്‍ച്ചയായ ബെല്ലടിയുടെ ധിക്കാരം. ഒരു വിധം പാഞ്ഞെത്തി പൂമുഖവാതില്‍ തുറന്നു. തലയില്‍ക്കെട്ടും താടിയുമുള്ള രണ്ടു മദ്ധ്യവയസ്കര്‍ പൂമുഖത്തേക്ക് ചെരിപ്പഴിക്കാതെ കയറുന്നു.! 
രസിക്കാത്ത മട്ടില്‍ അന്യേഷിച്ചു: “”എന്താ ?’’
ഈ വീടും പറമ്പും വില്‍ക്കുമോ എന്നു ചോദിക്കാനാ വന്നത്.’’
ഇതെന്റെ ജീവനാണ്. ജീവന്‍ പോയാല്‍ പിന്നെ ശരീരം കൊണ്ടെന്താ പ്രയോജനം..?’’
നിങ്ങള്‍ക്കെന്തിനാ ഇത്രയും വലിയ പറമ്പിന്റെ ആവശ്യം? സ്ഥലം കാടുപിടിച്ചു കിടക്കുന്നതിലും ഭേദം ആവശ്യക്കാര്‍ക്ക് നല്ല വിലയ്ക്കു കൊടുക്കുന്നതല്ലെ.?’’
പറയാനുള്ളത് പറഞ്ഞു കഴിഞ്ഞു.’’
ഒന്നു കൂടി ആലോചിക്കുന്നതാ ബുദ്ധി.’’ - ഒന്നിരുത്തി മൂളിക്കൊണ്ടവര്‍ സ്ഥലംവിട്ടു. അവരുടെ മൂളലില്‍ ഒരു താക്കീതടങ്ങിയിട്ടുണ്ടോ എന്നയാള്‍ സംശയിച്ചു.
നഗരത്തില്‍ തീപ്പിടിച്ച വിലയാണു ‘ഭൂമിക്ക്. പണ്ടു നഗരം അകലെയായിരുന്നു. നഗരത്തിന്റെ വളര്‍ച്ച പെട്ടന്നായിരുന്നു. വീട്ടു പറമ്പിന്റെ നാലു‘ഭാഗവും നഗരം ആക്രമിച്ചു കീഴ്പ്പെടുത്തിയിരിക്കുന്നു...  
സ്ഥലം ചോദിച്ചുകൊണ്ട് കൂടെക്കൂടെ കച്ചവടക്കാര്‍ വന്നു. വന്നവരൊക്കെ “”പയററി മയക്കാന്‍’’ ശ്രമിച്ചു. ഉപദേശിച്ചു. ഭീഷണിപ്പെടുത്തി. സ്ഥലം പൊന്നിന്‍ വിലയ്ക്കും വിററ് വല്ല ഗ്രാമത്തിലും പോയി സുഖമായി ജീവിക്കണം പോലും.! സ്ഥലം വാങ്ങിത്തരാനും അവര്‍ തയ്യാര്‍.       
ഉപദ്രവം സഹിക്കാനാതെ അയാള്‍ ഗേററില്‍ ഒരു ബോര്‍ഡെഴുതിത്തൂക്കി. “”ചീ ളീൃ മെഹല’’ -വില്പനക്കല്ല.
അന്നു രാത്രി പവര്‍ കട്ടിന്റെ നേരത്ത് നഗരം ഇരുട്ടില്‍ മുങ്ങിമരിച്ചു കിടന്നപ്പോള്‍ വാതില്‍ക്കല്‍ ശക്തിയേറിയ മുട്ട്. കത്തിച്ച മെഴുകുതിരിയുമേന്തി വാതില്‍ തുറന്നു. 
ചുവന്ന കണ്ണുകളും കൊമ്പന്‍ മീശയമുള്ള ഒരു ‘ഭീകരന്‍. അരയിലെ ബെല്‍ട്ടില്‍ തൂക്കിയ കഠാരയില്‍ തിരുപ്പിടിച്ചുകൊണ്ടു കല്‍പ്പിച്ചു:
എടോ തന്തപ്പടി സ്ഥലം വില്‍ക്കില്ലെന്നു പറയാന്‍ താനാരാ. സ്ഥലം ഞങ്ങളു വില്‍പ്പിക്കും. എതിര്‍ത്താല്‍ ആയുസ്സിന്റെ നീളം കുറയും.’’
ഒന്നും പറയാനാവാതെ നിന്നു വിറച്ചു. നാവ് ഒരു ചത്ത തവളയെപ്പോലെ വായില്‍ മരിച്ചു കിടന്നു. എന്തു ചെയ്യണമെന്നറിയാതെ പകച്ചു.
ശബ്ദം കേട്ടു ‘ഭാര്യയും മക്കളും പൂമുഖത്തേക്കെത്തിയപ്പോഴേക്ക് തടിയന്‍ ‘ഭൂമികുലുക്കി നടന്നകന്നിരുന്നു. പടിക്കല്‍ നിര്‍ത്തിയിട്ടിരുന്ന വണ്ടി സ്ററാര്‍ട്ടു ചെയ്ത ശബ്ദം, തുടര്‍ന്നു കൂട്ടച്ചിരി. വണ്ടിയില്‍ വേറെയും ആളുകളുണ്ടാവണം. ഈ രാജ്യ ത്ത് എന്തു താന്തോന്നി ത്തരവും ആകാമെന്നായിരിക്കുന്നു. ഒന്നിനും ഒരു വ്യവസ്ഥയും ഇല്ല, സത്യമില്ല, ധര്‍മ്മമില്ല, ആത്മാര്‍ത്ഥതയില്ല, പണം പണം അതിനു വേണ്ടി എന്തു അസംബന്ധവും കാണിക്കാം. എന്തു ക്രൂരതയും കാട്ടാം. ആരും സഹായിക്കാന്‍ വരില്ല. എല്ലാവര്‍ക്കും അവരവരുടെ കാര്യം മാത്രം. ഒന്നും കാണാതെ ഒന്നും കേള്‍ക്കാതെ ജനം ജീവിക്കുന്നു. 
ദു:ഖം തോന്നി ഒപ്പം അരിശവും.
ഇത്തരം അക്രമങ്ങള്‍ക്കൊരറുതി വരുത്തണം. ഇത്തരം പൈശാചിക പ്രവണതക്കെതിരെ പൊരുതണം. - അയാള്‍ ഉറപ്പിച്ചു. 
മെഴുകുതിരി മേശപ്പുറത്തുവച്ചയാള്‍ കടലാസും പേനയുമെടുത്തു. പവര്‍ക്കട്ട് തീരുന്നതു വരെ കാക്കാനുള്ള ക്ഷമ അയാള്‍ക്കുണ്ടായിരുന്നില്ല.
എഴുതിവച്ച കടലാസുകളുമായി അയാള്‍ പിറേറന്നു പോലീസ് സ്റേറഷന്‍ ലക്ഷ്യം വച്ചു നടന്നു. 
പക്ഷേ അയാള്‍ക്കവിടെ എത്താനുള്ള യോഗമുണ്ടായിരുന്നില്ല. പുറകില്‍നിന്നു കുതിച്ചോടി വന്ന വാഹനം ടാറിട്ട റോഡിന്റെ നിറം മാററി. തളം കെട്ടിക്കിടന്ന രക്തത്തില്‍ ചതഞ്ഞരഞ്ഞു വികൃതമായ അയാളുടെ മൃതദേഹം പോലെ അയാളെഴുതിയ കടലാസുകള്‍ കുതിര്‍ന്നു കിടന്നു.