ആരോ മറന്നുവെച്ചത്

സുനില്‍ പി. മതിലകം


മ്പാര്‍ട്ട്‌മെന്റിലെ ജാലകത്തിനരികില്‍ ഓടിയകലുന്ന പുറംകാഴ്ചകളിലകപ്പെട്ട കുട്ടിയെ നന്ദഗോപന് ശ്രദ്ധിക്കാതിരിക്കാനായില്ല. സീറ്റില്‍ മുട്ടുകുത്തിയിരിക്കുകയാണ് കുട്ടി. ഓമനത്തമുള്ള അവളുടെ കണ്ണുകള്‍ക്ക് തിളക്കമുണ്ട്. കുട്ടിക്കിണക്കമുള്ള ഉടുപ്പല്ല ധരിച്ചിരിക്കുന്നത്. സീറ്റില്‍ കിടന്നുറങ്ങുന്ന വൃദ്ധയുടെ ആരായിരിക്കും ഇവള്‍? മറ്റാരും കമ്പാര്‍ട്ട്‌മെന്റിലില്ല. അവരുടെ പേരക്കുട്ടിയായിരിക്കുമോ? അവര്‍ കുട്ടിയുമൊത്ത് എങ്ങോട്ടെങ്കിലും യാത്രയിലായിരിക്കും. കുട്ടിയെ തനിച്ചാക്കി ഇവരെന്ത് ഉറക്കമെന്ന് വിചാരപ്പെട്ടു. പ്രായാധിക്യം അവരെ അലട്ടുകയും അതിന്റെ തളര്‍ച്ചയില്‍ മയക്കത്തിലായിരിക്കും.

അമ്മാ, ഹായ്....
പുറത്ത് എന്തോകണ്ട്
കുട്ടി ചിരിക്കുകയാണ്.
കണ്ട കാഴ്ചകള്‍ അകന്നകന്ന്
 പോയല്ലോ എന്ന വിഷാദം
അവളുടെ മുഖത്ത് അന്നേരം മിന്നിമറഞ്ഞു. വൃദ്ധയുടെ
ഉറക്കം കണ്ടപ്പോള്‍ അസൂയതോന്നി. സുഖമായൊന്നുറങ്ങിയിട്ട് ദിവസങ്ങളെത്രയായി?

തൊഴിലുമായി ബന്ധപ്പെട്ട് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് മാറിമാറിയുള്ള അലച്ചിലിലായി രുന്നുവല്ലൊ? ഇന്നലെ ഒരുപോള കണ്ണടയ്ക്കാനും കഴിഞ്ഞില്ല. എന്നിട്ടും ഉറക്കം തന്നോടിപ്പോഴും പിണങ്ങി നില്‍പ്പാണ്.ഇന്നലെ രാത്രി വീട്ടിലെത്തിയപ്പോഴാണ് രേവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിവരം അറിയിച്ചത്. അവള്‍ ഗര്‍ഭവതിയാണ്. ആദ്യപ്രസവത്തിന്റെ ആധിയും ആകുലതയും പിന്‍തുടരുന്നുണ്ടായിരുന്നു. 

സര്‍ക്കാര്‍ താലൂക്കാശുപത്രിയിലെത്തിയപ്പോള്രാത്രി പതിനൊന്നേ പതിനഞ്ചായി. രേവതിയെ ഓപ്പറേഷന്‍ തിയ്യേറ്ററിലേക്ക് അപ്പോഴേക്കും പ്രവേശിപ്പിച്ചിരുന്നു. തെല്ലുമുമ്പുവരെ ലേബര്‍ റൂമിലായിരുന്നുവെന്നും പ്രഷര്‍ വര്‍ദ്ധിച്ചതിനെത്തുടര്‍ന്നാണ് സിസേറിയന് ഡോക്ടര്‍ നിര്‍ദ്ദേശം നല്കിയെന്നും പറഞ്ഞു.
തിയ്യേറ്ററിനു മുമ്പില്‍ തെല്ലൊരു പരവേശത്തോടെയും ഉള്ളിലൊരു പെരുമ്പറയോടെയും നിമിഷങ്ങ ളോരോന്നും തള്ളിനീക്കി. ഓടയിലെ വാടയുടെ നാറ്റം മനംപുരട്ടലുണ്ടാക്കുന്നു. തന്നെ പ്പോലെയുള്ള വര്‍ ഇവിടെയല്ലാതെ പിന്നെ എവിടെ അഭയം തേടാന്‍? സ്വകാര്യ ആശുപത്രിയില്‍ എത്തി നോക്കാന്‍ തന്നെ ഭയമാണ്. വേണ്ടതിനും വേണ്ടാത്തതിനും പണം ചെലവാക്കണം. ഭീതി നിറച്ചവര്‍ പരമാവധി ഊറ്റിയെടുക്കും.
ആരാധനാലയവും ആതുരാലയവും വിദ്യാലയവുമൊക്കെയാണല്ലൊ ഇപ്പൊ ഏറ്റവും ലാഭകരമായ കച്ചവടശൃംഖലകള്‍....
സര്‍ക്കാര്‍ ആശുപത്രിയിലാകുമ്പൊ, മരുന്നിനുള്ള പണവും; ഡോക്ടര്‍, അറ്റന്‍ഡര്‍, നഴ്‌സ്, ഇത്യാദി പൊതുജനസേവകര്‍ക്ക് ഗ്രേഡനുസരിച്ചുള്ള സന്തോഷവും കൊടുത്താല്‍ മതി. (ഇതിനെ കൈമട ക്കെന്ന് വിളിക്കല്ലെ...) പണത്തിനുള്ള സൗകര്യം ഉണ്ടായിരുന്നെങ്കില്‍ താനും ഇങ്ങോട്ട് എത്തി നോക്കുമായിരുന്നോ?
അയാള്‍ ആശുപത്രി വരാന്തയിലെ ബഞ്ചിലിരുന്നു. രോഗികള്‍ക്കൊപ്പം എത്തിയവര്‍ വരാന്തയില്‍ കിടന്നുറങ്ങുന്നുണ്ട്. ഇവിടെ കിടന്നുറങ്ങാന്‍ ഇവര്‍ക്കെങ്ങനെ കഴിയുന്നു? ചിലരുടെ കൂര്‍ക്കംവലി ആ ശയനദൃശ്യത്തെ വികൃതമാക്കി. സിമന്റുചാന്തിട്ട വെറും നിലത്ത് കിടക്കുന്നവരും വിരിവിരിച്ചിട്ടും പായയിട്ടും കിടക്കുന്നവരും ഉണ്ട് ആ കൂട്ടത്തില്‍. ഇടയ്ക്കിടെ കൊതുകിനെ ആട്ടിയും അടിച്ചും അകറ്റുന്നവരെ കാണുമ്പോഴറിയാം അവര്‍ നല്ല ഉറക്കത്തിലല്ലെന്ന്. കുറച്ചകന്ന് വാതിലിനോടു ചേര്‍ന്ന് അമ്മ നില്ക്കുന്നുണ്ട്. അമ്മയുടെ മുഖത്തൊന്നും ഉറക്കച്ചടവ് കാണുന്നില്ല. തൊട്ടടുത്ത് അവളുടെ അമ്മ നില്പുണ്ടെങ്കിലും അവര്‍ അന്യോന്യം ഒന്നും ഉരിയാടുന്നില്ല. അവര്‍ക്കിടയിലേക്ക് പൊടുന്നനെ വന്നുപതിച്ച സിസേറിയന്‍ വല്ലാതെ അലട്ടുന്നുണ്ടെന്ന് കണ്ടാലറിയാം. ഇരുന്നിട്ട് ഇരിപ്പുറയ്ക്കുന്നില്ല. എഴുന്നേറ്റ് വരാന്തയിലൂടെ അങ്ങോട്ടുമിങ്ങോട്ടും നടക്കാന്‍ തുടങ്ങി.
''നിനക്ക് ആദ്യത്തേത് ഒരാണ്‍തരിതന്നെ വേണട്ട്വാടാ...''
അമ്മ ഒരു ഓര്‍മ്മപ്പെടുത്തലെന്നോണം നന്ദനോട് ചിലവേള പറയുമായിരുന്നു.
''ആണായാലും പെണ്ണായാലും നമ്മുടേതല്ലമ്മേ...? കളയാന്‍ പറ്റ്വോ?''
അന്നേരങ്ങളില്‍ ഒഴുക്കന്‍ മട്ടില്‍ നന്ദഗോപന്‍ പറഞ്ഞൊഴിയും.
ആദ്യത്തേത് ആണ്‍കുട്ടിതന്നെ ആകണമെന്ന് രേവതിയും ശഠിച്ചിരുന്നു. വലിയ ശാഠ്യങ്ങളൊന്നും ഇല്ലാതിരുന്ന അവളുടെ ആ നിലപാട് അയാളെ ആശയക്കുഴപ്പത്തിലാക്കി. 
''നീയെന്താടോ, അങ്ങ്‌നെ പറയണ്ത്?''
ഗര്‍ഭത്തിന്റെ ആലസ്യതയിലമര്‍ന്നു കിടക്കുകയായിരുന്ന അവളോട് സന്ദേഹത്തോടെ തിരക്കി.
''പെണ്ണായാല് ന്റെഉട്ടിയെ   ആരും സ്‌നേഹിക്കില്ല. ആണ്‌നേ എല്ലാവര്‍ക്കും വേണ്ടൂ...
ഒരു തേങ്ങലായി അത്രയും അവളന്ന് പറഞ്ഞൊപ്പിക്കുകയായിരുന്നു.
അയാള്‍ അമ്മയ്ക്കരികില്‍ തിരിച്ചെത്തിയപ്പോഴാണ് ഓപ്പറേഷന്‍ തിയേറ്ററില്‍നിന്ന് പൊടുന്നനെ കുട്ടിയുടെ കരച്ചില്‍ കേട്ടത്.
കുട്ടി പെണ്ണായിരിക്കും.
വാതില്‍ക്കലേക്ക് ആകാംക്ഷയോടെ നയനങ്ങളൂന്നിയ അമ്മയോടായി അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു. അമ്മ അയാള്‍ക്ക് നേരെ തിരിഞ്ഞു.
കുട്ടി പെണ്ണായാല്‍ അമ്മ അനിഷ്ടക്കേട് കാട്ടരുതൂട്ട്വോ...?
അമ്മയ്ക്കരികിലേക്ക് ചേര്‍ന്നുനിന്ന് സ്വകാര്യം പറച്ചിലെന്നോണം നന്ദഗോപന്‍.
നീയെന്താ മോനെ ഇങ്ങനെ പറയ്ണ്? ആണായാലും പെണ്ണായാലും കുട്ടി നമ്മുടേതല്ലേ...എനിക്ക് ഒരിഷ്ടക്കേടും ഇല്ല...''
അമ്മയെ വെറുതേ വിഷമിപ്പിച്ചല്ലൊ എന്ന വ്യസനം അന്നേരം തോന്നിയെങ്കിലും ഉള്ളിലൊരാശ്വാസത്തിന്റെ ഒറുപൊട്ടിയത് നന്ദനറിഞ്ഞു.
''ആണ്‍കുട്ടിയാണ്.''

വാതില്‍ക്കല്‍ നേഴ്‌സ് പ്രത്യക്ഷപ്പെട്ടു. അവര്‍ ഒരു മാലാഖയെപ്പോലെയല്ല. അതെല്ലാം കഥയെഴുത്തുകാരുടെ വെറും ഭാവനാവിലാസങ്ങള്‍ മാത്രം.
അവര്‍ അമ്മയെ അറിയിച്ചു.
''മോനെ കുട്ടി ആണാണെന്ന് ഞാന്‍ പറഞ്ഞില്ലേ നിന്നോട്...''
അമ്മയുടെ ചുക്കിച്ചുളിഞ്ഞ മുഖം വിടര്‍ന്നു. വെറ്റില മുറുക്കി കറപിടിച്ച പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടമ്മ വിളിച്ചുപറഞ്ഞു.
കയ്യിലെ മണിപേഴ്‌സ് തുറന്ന്, മുഷിഞ്ഞ ഒരമ്പതിന്റെ നോട്ട് ചുരുട്ടിപ്പിടിച്ച് അമ്മ വാതില്‍ക്കലേക്ക് ഒന്നുകൂടി നീങ്ങിനില്‍പ്പായി. കുട്ടിയെ ഏറ്റുവാങ്ങാനുള്ള ഒരുക്കത്തിലാണ് അമ്മയെന്ന് മനസ്സിലായി.
അമ്മ അത്രയെങ്കിലും കരുതിയിട്ടുണ്ടല്ലോ എന്നോര്‍ത്തപ്പോള്‍ നന്ദഗോപന് തന്നോടുതന്നെ പുച്ഛം തോന്നി. കയ്യില്‍ പണമൊന്നും കരുതിയിരുന്നില്ല. കരുതാനായിട്ട് ഉണ്ടായില്ലെന്ന് പറയുന്നതാകും യാഥാര്‍ത്ഥ്യം.
മറ്റു വാര്‍ഡുകളില്‍നിന്ന് വന്ന ചില സ്ത്രീകള്‍ അമ്മയോട് വിവരങ്ങള്‍ തിരക്കുന്നു.
ആണ്‍കുട്ടി... ആണ്‍കുട്ടി... യെന്ന് ഓരോരുത്തരോടായി ആവേശത്തോടെ അമ്മ പറഞ്ഞുകൊണ്ടേയിരുന്നു.
നന്ദഗോപന്‍ മെല്ലെ കണ്ണുകള്‍ തുറന്നു.
മയക്കത്തില്‍ പെട്ടുപോയോ? ഉറക്കം വരുന്നുണ്ടായിരുന്നില്ല. വെറുതേ കണ്ണടച്ചു കിടക്കുകയായിരുന്നുവല്ലൊ.
ട്രെയിനിന്റെ വേഗമിപ്പോള്‍ നന്നേ കുറഞ്ഞിരിക്കുന്നു.
ആ കുട്ടി ജാലകത്തിനരികില്‍ തന്നെയുണ്ട്. വൃദ്ധയിപ്പോഴും ഉറക്കത്തിലാണ്ടുകിടക്കുകയാണ്. സീറ്റില്‍നിന്ന് താഴോട്ടിറങ്ങിയ കുട്ടി നന്ദഗോപനെനോക്കി പുഞ്ചിരിച്ചു. നന്ദനും അവളോട് പുഞ്ചിരിച്ചു. അങ്ങനെ പെട്ടെന്നൊന്നും ചിരിക്കുന്ന പ്രകൃതമല്ല അയാളുടേത്. എന്നിട്ടും അന്നേരം അയാള്‍ക്ക് ചിരിക്കാതിരിക്കാനായില്ല.
കുട്ടി അയാളുടെ അടുക്കലേക്ക് വന്നു.
''മോള്‌ടെ പേരെന്താ?''
കുട്ടിയോട് എന്തെങ്കിലും സംസാരിക്കണമല്ലൊ എന്നാശയോടെ നന്ദഗോപന്‍ തിരക്കി. അവളുടെ ഇളം മുഖം കൂടുതല്‍ തിളക്കമുള്ളതായി.
അവള്‍ പേര് പറഞ്ഞെങ്കിലും എന്താണെന്ന് വ്യക്തമായില്ല. ട്രെയിന്‍ ഏതോ സ്റ്റേഷനില്‍ ആടിയാടി നിന്നു. സീറ്റില്‍ കിടക്കുകയായിരുന്ന വൃദ്ധ ഒന്നനങ്ങി. അവര്‍ കണ്ണുകള്‍ തുറന്നു.
''ഈ കുട്ടീടെ അമ്മ യിനീം എത്തീലേ?'' വൃദ്ധ എഴുന്നേറ്റപാടെ കുട്ടിയെ നോക്കി നന്ദഗോപനോടായി തിരക്കി.
''കുട്ടീടെ അമ്മയോ?
ഒരമ്പരപ്പോടെ അയാള്‍ വൃദ്ധയോട്.
''കുട്ടീടെ അമ്മ തന്നെ. അവര് കുട്ടിയെ എന്നെയേല്‍പ്പിച്ച് ഇപ്പം വര്വാന്ന് പറഞ്ഞ് പോയതാ. ഇത്രനേരമായിട്ടും അവരെത്തിയില്ലേ? എന്റെ ദൈവേ...എനിക്കാണെങ്കില്‍ അടുത്ത സ്റ്റേഷനില്‍ ഇറങ്ങേണ്ടതാണല്ലൊ?''
വൃദ്ധ പരിതപിച്ചു.
കുട്ടീടെ അമ്മയുടെ രൂപഭാവങ്ങളും വേഷവും വൃദ്ധ അയാളോടായി വിവരിച്ചു. ട്രെയിന്‍ ചലിച്ചു. അതിന്റെ വേഗത കൂടിക്കൂടിവന്നു.
''ഞാനൊന്ന് തിരക്കീട്ട് വരാം ..''
നന്ദന്‍ വൃദ്ധയെ സമാശ്വസിപ്പിച്ചുകൊണ്ട് അടുത്ത കമ്പാര്‍ട്ട്‌മെന്റിലേക്ക് കടന്നു.
വൈകാതെ അയാള്‍ തിരിച്ചെത്തി. അവിടെയൊന്നും വൃദ്ധപറഞ്ഞ രൂപത്തിലുള്ള സ്ത്രീയെ കണ്ടെത്തിയില്ല. ഏതോ ഒരു സ്റ്റേഷനില്‍ വൃദ്ധപറഞ്ഞ വേഷത്തിലുള്ള സ്ത്രീ ഇറങ്ങിപ്പോയ വിവരം ഒരാള്‍ പറഞ്ഞു.
''കണ്ടോ?''
വൃദ്ധ പരിഭ്രമിച്ചു.
  ''ഇല്ല''
അയാള്‍ നിരാശയോടെ കുട്ടിയുടെ മുഖത്തേക്ക് പാളിനോക്കി.
കുട്ടി അയാളുടെ അരികിലേക്ക് വന്നു. അവള്‍ അയാളുടെ പോക്കറ്റിലെ പേന തന്ത്രത്തില്‍ പൊക്കിയെടുത്ത് ഒരു കുസൃതിച്ചിരിയോടെ ടോപ്പൂരി, കൈവെള്ളയില്‍ കുത്തിവരയ്ക്കാന്‍ തുടങ്ങി.
ട്രെയിനിന്റെ വേഗം കുറഞ്ഞു.
''എനിക്കിറങ്ങേണ്ട സ്റ്റേഷനാവാറായി. കുട്ടിയെ സാറൊന്ന് ശ്രദ്ധിക്കണം. ഇവളുടെ അമ്മ വരുമ്പൊ ഏല്‍പ്പിച്ചാമതി.''
വൃദ്ധയുടെ വാക്കുകള്‍ പുറത്തുവന്നപ്പോഴാണ് കാര്യത്തിന്റെ ഗൗരവം നന്ദന് കൂടുതല്‍ ബോദ്ധ്യമായത്.
കുട്ടി, അയാള്‍ക്കരികിലിരുന്ന് പേനയെ താലോലിക്കുകയാണ്.

ട്രെയിന്‍ നിന്നു. വൃദ്ധ പുറത്തേക്ക്
 ഇറങ്ങാന്‍ തയ്യാറായി.
''കുട്ടീടെ അമ്മ എത്തില്ലേ''
 എന്ന നന്ദന്റെ ചോദ്യത്തെ
 അവഗണിച്ചുകൊണ്ട് തിടുക്കത്തിലവര്‍
ട്രെയിനില്‍നിന്ന് ഇറങ്ങിപ്പോയതും
 ട്രെയിന്‍ ചലിച്ചുതുടങ്ങി.