വേണം - ഒരു ഇടതുപക്ഷ ബദല്‍

കെ.അജിത 
പെണ്‍പക്ഷം 

മുമ്പൊരിക്കലുമില്ലത്തവിധം സാധാരണജനങ്ങളുടെ ദൈനംദിനജീവിതം അങ്ങേയറ്റം ദുസ്സഹമായിക്കൊ ണ്ടിരിക്കുന്ന സാഹചര്യങ്ങളാണ് കേരളത്തിലിപ്പോഴുള്ളത്. അവശ്യസാധനങ്ങളുടെ വിലക്കയറ്റമെന്ന പ്രതിഭാസം യാതോരു നിയന്ത്രണവുമില്ലാതെ കുതിച്ചുയര്‍ന്നുകോണ്ടിരിക്കുന്നു.. പെട്രോള്‍വില നിര്‍ണ്ണയാധികാരം കുത്തകക്കമ്പനികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിട്ടു കൊടുത്ത  അന്നുതോട്ട് തോന്നിയപോലെ അവര്‍ വിലകൂട്ടിക്കോണ്ടിരിക്കുന്നത് ഇടത്തരക്കാരന്റ ചങ്കിനാണ് കയറിപിടിച്ചിരിക്കുന്നത്. രാജ്യ ത്തിന്റ 5% വരുന്ന കുത്തകമുതലാളിമാര്‍ക്കുവേണ്ടി 95% വരുന്ന സാധാരണജനങ്ങളുടെ താല്‍പര്യങ്ങള്‍ ചവുട്ടിമെതിക്കപ്പെടുന്നു

രൂപയുടെ മൂല്യം അന്താരാഷ്ട്ര  മാര്‍ക്കറ്റില്‍ എന്നത്തേക്കാളും ഇടിഞ്ഞുവീണുകൊണ്ടിരിക്കുന്നു. ഈ അധിക‘ഭാരങ്ങളൊന്നും പോരാഞ്ഞിട്ടാണ് ഇപ്പോള്‍ കറണ്ട് ചാര്‍ജ്ജ് കുത്തനെ വര്‍ദ്ധിപ്പിച്ചു കൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ്. വന്‍കിട മുതലാളിമാരില്‍ നിന്ന് കോടികള്‍ വരുന്ന കറന്റ് ചാര്‍ജ്ജ് കുടിശ്ശിക പരിശോധിക്കാനോ കറന്റ് ചോര്‍ച്ച എന്ന സഘടിതമോഷണത്തെ  തടയാനോ ഒരു വിരല്‍പോലുമനക്കാതെയാണ് ഈ അതിക്രമം ജനങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ടത്. വികസനത്തിന്റ പേരില്‍ വര്‍ഷങ്ങളായി പ്രകൃതിക്കുമേല്‍ നടത്തുന്ന വിനാശകരമായ കടന്നാക്രമണങ്ങള്‍ക്ക് ഒരു തിരിച്ചടിയെന്നോണം ഇക്കൊല്ലം കാലവര്‍ഷം നമ്മെ ചതിച്ചിരിക്കുന്നു.

 സൌമ്യയെന്ന പാവം പെണ്‍ക്കുട്ടിയെ 
ട്രെയിനില്‍വച്ച് കൊലചെയ്ത സംഭത്തിനുശേഷം ഇത്തരം സംഭവങ്ങളിനിയും ആവര്‍ത്തിക്കാതിരിക്കാന്‍ ‘ഭരണാധികാരികള്‍ ശ്രമിക്കുമെന്ന പ്രതീക്ഷയ്ക്കുനേരെ കൊഞ്ഞനം  കുത്തിക്കൊ ണ്ട് നിത്യേനയെന്നോണം പുതിയപുതിയ സംഭവങ്ങള്‍  അരങ്ങേറികൊണ്ടിരിക്കുന്നു. 
ബലിതര്‍പ്പണത്തിനുപോയ ഒരു സ്ത്രീയെ നീചമായി ആക്രമിച്ചത് ഒരു സി.ഐ ആയിരുന്നു! സംഘടിതമാഫിയകളും ക്വട്ടേഷന്‍ സംഘങ്ങളും അഴിമതിയില്‍ പൂണ്ടുകിടക്കുന്ന രാഷ്ട്രീയ നേതൃത്വങ്ങളും പോലീസ്-ഉദ്യോഗസ്ഥ ‘ഭരണസംവിധാനങ്ങളും സ്ത്രീവിരുദ്ധ നിലപാടുകളെടുക്കുന്ന ജുഡീഷ്യറിയും എല്ലാറ്റിലും മേമ്പൊടിയായി മതവര്‍ഗീയശക്തികളുടെ സദാചാരപോലീസും ചേര്‍ന്ന് നടത്തുന്ന ഈ വിളയാട്ടം  ഒരു  ബദല്‍ ഇടതുപക്ഷ ജനകീയ മുന്നേറ്റത്തിനായി മുറവിളി കൂട്ടിക്കൊണ്ടിരിക്കുകയാണ്.

സ: ടി.പി. ചന്ദ്രശേഖരന്റ വധത്തോടുകൂടി ഇന്നാട്ടിലെ  രാഷ്ട്രീയ സാഹചര്യങ്ങള്‍ ആകെ കുഴഞ്ഞു കിടക്കുകയാണ് സി.പി.എം നേതൃത്വത്തിന്റെ  അവസരവാദ കോര്‍പ്പറേറ്റ് നയങ്ങള്‍ക്കെതിരായ സ: വി.എസ്സിന്റെ ധീരമായ പോരാട്ടം ഇനി പുറകോട്ടു പോകില്ലാത്ത വിധം പുതിയ മാനം കൈവരിച്ചിരിക്കുന്നു. സ്ഥാപനവത്കരിക്കപ്പെട്ട എല്ലാ രാഷ്ട്രീയ പാര്‍ട്ടി നേതൃത്വങ്ങളും പുറം തിരിഞ്ഞു നില്‍ക്കുന്ന കേരളത്തിലെ ജനകീയ സമരങ്ങള്‍ - എന്‍ഡോ സള്‍ഫാന്‍ പീഡിതരുടെ സമരം, പാലിയേക്കര ടോള്‍ വിരുദ്ധ സമരം, നെല്‍വയല്‍ നികത്തലിനെതിരായ സമരം, ആതിരപ്പള്ളിയില്‍ അണക്കെട്ടു കൊണ്ടുവരാന്‍ ശ്രമിക്കുന്നതിനെരിരെ വര്‍ഷങ്ങളായി  നടക്കുന്ന സമരം, നഗരമാലിന്യങ്ങളുടെ കെടുതി അനുഭവിക്കുന്ന വിളപ്പില്‍ശാല, പാലൂര്, പെട്ടിപാലം, ഞെളിയന്‍ പറമ്പ് തുടങ്ങിയ സ്ഥലങ്ങളിലെ ജനകീയ സമരങ്ങള്‍, സ്വകാര്യ ആശുപത്രികളിലെ നേഴ്സുമാരുടെ നിലനില്‍പ്പിന് വേണ്ടിയുള്ള സമരങ്ങള്‍, വികസനത്തിന്റെ പേരില്‍ സ്വന്തം മണ്ണില്‍ നിന്നും കുടിയൊഴിപ്പിക്കപ്പെടുന്ന ജനങ്ങളുടെ സമരങ്ങള്‍, കൃഷി‘ഭൂമിയ്ക്ക് വേണ്ടി നടക്കുന്ന ആദിവാസി - ദലിത് വിഭാഗങ്ങളുടെ സമരങ്ങള്‍, സ്ത്രീ പീഢനങ്ങള്‍ക്കും ഭയാനകമായി വളര്‍ന്നു വലുതാകുന്ന സെക്സ് റാക്കറ്റ് മാഫിയാ സംഘടനകള്‍ക്കും എതിരായ സമരങ്ങള്‍, ഇപ്രകാരം എണ്ണപ്പെടാത്ത ഒട്ടനേകം സമരങ്ങള്‍ - കരുത്തുറ്റ ഒരു നേതൃത്വത്തിനായി സ: വി. എസ്സിനെ കാത്തിരിക്കുന്ന അത്ഭുതപൂര്‍വ്വമായ ഒരു ചരിത്ര മുഹൂര്‍ത്തമാണിത്.

മേധാ പട്കര്‍ 

വീ എസ് 
ജൂലായ് 14,15 തീയ്യതികളില്‍ തിരുവനന്തപുരത്ത് വച്ച് നടന്ന ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സംഖ്യ (എന്‍.എ.പിഎം) ത്തിന്റെ വേദിയില്‍ വെച്ച് മേധാ പട്ക്കര്‍ ഈ സമരങ്ങളുടെ നേതൃത്വം ഏറ്റെടുക്കാന്‍ സ: വി.എസ്സിനോട് ആവശ്യപ്പെട്ടത് ഏറെ പ്രാധാന്യം അര്‍ഹിക്കുന്നു. ഇടതു വലതു നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ട് ജനങ്ങള്‍ക്കേറെ പ്രതീക്ഷകള്‍ നല്‍കുന്ന യഥാര്‍ത്ഥ നിലപാടുകളുമായി സ: വി.എസ്സ് മുന്നോട്ടു പോകുമെന്ന് തന്നെ നമുക്ക് പ്രതീക്ഷിക്കാം. ചരിത്രം സൃഷ്ടിക്കുന്നത് നേതാക്കളല്ല ജനങ്ങളാണ് എന്ന മഹത് വാക്യം നമുക്കോര്‍ക്കാം.