ഓണം കേറാമൂലകള്‍ .

 പവിത്രന്‍ കണ്ണപുരം 


എത്രവേഗമാണെന്നോ കാലം
മാഞ്ഞുപോകുന്നു ; വീണ്ടും
ഓണക്കാഴ്ചകള്‍ കാണാന്‍
മാവേലി വന്നെത്തുന്നു !

കേരളക്കരയാകെ
പൊന്‍കസവണിയിച്ചല്ലോ
കരനാഥന്മാരോണ -
ക്കാഴ്ചകളൊരുക്കുന്നു !
രാജവീഥികള്‍,പിന്നെ -
നഗരപ്രാന്തങ്ങളും
നീതിമാന്‍ മാവേലിക്കു
വരവേല്‍ പ്പൊരുക്കുമ്പോള്‍ ,
മാനവീയത്വം മര്‍ത്ത്യ -
ചിന്തയില്‍ കൊളുത്തിയ
സ്നേഹനാളങ്ങള്‍ തല്ലി -
ക്കെടുത്ത ദുര്‍മ്മേദസ്സില്‍ ,
രക്ത പങ്കിലമായോ -
രീ വീട്ടു മുറ്റത്തോണ -
പ്പൂക്കളം തീര്‍ക്കാന്‍ കൈകള്‍
അറച്ചു നില്‍പ്പാണല്ലോ !

മലയാളി ചെല്ലുന്നേട -
ത്തൊക്കെയും;നിഴല്‍ പോലെ
മംഗളം നേര്‍ന്നുംകൊണ്ട്
മാവേലി വന്നെത്തുന്നു!
നിത്യവും ഓണംപോലെ
ജീവിതം നയിക്കുന്നോ -
രിവിടെയാഘോഷത്തിന്‍
പൂത്തിരി കത്തിക്കുമ്പോള്‍ ;
ഓടയിലൊടുങ്ങുന്ന
മനുഷ്യ പ്പേക്കോലങ്ങള്‍
വിശപ്പിന്‍ വിളിയുമായ്
വന്നു നില്‍ക്കുന്നു മുന്നില്‍ !

ജീവിത ദുരന്തത്തിന്‍
നീര്‍ക്കയങ്ങളില്‍ മുങ്ങി -
ത്താഴുമീ മനുഷ്യന്റെ
കറുത്ത ചിത്രങ്ങളില്‍ ,
പൂക്കളും പൂത്തുമ്പിയും
പൂവിളികളും നല്ലൊ -
രോണ സങ്കല്‍പം പോലും
കാണുവാനായില്ലല്ലോ !