മന്ത്രകോടി


യതീന്ദ്രന്‍ കാരയില്‍ 
                                              

ഉണര്‍ന്നിട്ടു നേരമേറെയായി എഴുന്നേല്‍ക്കാന്‍ തോന്നിയില്ല. ധനുമാസക്കുളിരില്‍ പുതച്ചുമൂടിക്കിടക്കുവാനൊരു സുഖം
ഇന്നെന്താ എഴുന്നേല്‍ക്കാനുള്ള ‘ഭാവമൊന്നുമില്ലേ നേരമെത്രയായെന്നാ വിചാരം?
അടുക്കളയില്‍നിന്ന് ‘ഭാര്യയുടെ അന്വേഷണം
പുതപ്പുമാറ്റി എഴുന്നേല്‍ക്കാന്‍ തുടങ്ങുമ്പോള്‍ ഫോണ്‍മ്പെല്ലുയര്‍ന്നു. ആരായിരിക്കും ഈ കോച്ചുവെളുപ്പാന്‍ കാലത്ത് വിളിക്കുന്നതെന്നോര്‍ത്തുകൊണ്ട് ഫോണെടുത്തു. മറുതലക്കല്‍ നിന്ന് തീരെ അപരിചിതമായ ഒരു സ്വരം.
ഹലോ - ജയദേവനല്ലേ?
അതെ, ആരാണെന്ന് മനസിലായില്ലലോ.
മനസിലാക്കാന്‍ കുറച്ചു ബുദ്ധിമുട്ടായിരിക്കും ജയാ ഞാന്‍ ഹോച്ചസ്ററ്... ഹോച്ചസ്ററ് ദേവദാസ്...
ങ്ങ്ഏ ദാസോ താനിതെവിടുന്നാടോ?
പരിഭ്രമിക്കാതെടോ ഞാന്‍ ജീവിച്ചിരിപ്പുണ്ട്. ഞാനിപ്പോള്‍ തന്റെ നാട്ടില്‍ നിന്നു തന്നെയാണ് വിളിക്കുന്നത്. ഇന്നു രാത്രിതന്നെ സ്ഥലം വിടും. അതിനുമുന്‍പായി തന്നെയൊന്നു കാണണമെന്നു തോന്നി.ഡയറക്ടറിയില്‍ നിന്നാണ് നമ്പര്‍ കണ്ടുപിടിച്ചത്.
ഹോച്ചസ്ററ് ദേവദാസ്...
മനസിലൊരു കടലിരമ്പി... വീട്ടിലേക്ക് വരേണ്ടതായ വഴി ചോദിച്ചറിഞ്ഞ് അയാള്‍ ഫോണ്‍ കട്ടുചെയ്തു.
പത്തു മുപ്പതു വര്‍ഷങ്ങള്‍ക്കു മുന്‍പുള്ള ഓര്‍മകളിലൂടെ മനസ്സ് തെന്നിനീങ്ങുവാന്‍ തുടങ്ങി...
മുപ്പത് വര്‍ഷങ്ങള്‍ക്കു മുന്‍പ് - ബോബെ നഗരത്തിന് ഇന്നതെ പ്രൌഢിയും പ്രതാപങ്ങളും കൈവരുന്നതിനു മുന്‍പ് - ‘ഭാണ്ടൂപ്പിലെ, വെള്ളവും വെളിച്ചവുമൊന്നും എത്തിയിട്ടില്ലായിരുന്ന മലമുകളില്‍ നിരനിരയായി പണിതീര്‍ത്തിരുന്ന ചാലുകളിലൊന്നിലെ കുട്ടസ്സു മുറിയില്‍ മൂന്ന് ചെറുപ്പക്കാര്‍. എല്ലാവരും അവിവാഹിതര്‍. അവധി ദിവസങ്ങളിലെ വിശ്രമ വേളകളില്‍ സ്വന്തം ഹൃദയ വ്യഥകള്‍ അവര്‍ അന്യോന്യം പങ്കുവച്ചും നാട്ടിലെ നിലാവും, മഞ്ഞും മഴയും, ഉത്സവമേളങ്ങളും അവരില്‍ നൊമ്പരങ്ങളുണര്‍ത്തിക്കൊണ്ടിരുന്നു. നാട്ടില്‍നിന്നു വരുന്ന കത്തുകള്‍ അവരുടെ കണ്ണുകളെ ഈറനണിയിച്ചിരുന്നു.
പക്ഷേ-
എല്ലാവരില്‍ നിന്നും വ്യത്യസ്ഥനായിരുന്നു ദേവദാസ്.ഏതു സമയത്തും തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിപ്പിക്കാറുള്ള ദേവദാസ് എന്നും എല്ലാകാര്യങ്ങളിലും ഒററയാനായിരുന്നു.
താനയിലെ “ഹോച്ചസ്ററ്’ എന്ന പ്രസിദ്ധമായ മരുന്നു കമ്പനിയില്‍ സ്റെറനോ ടെപ്പിസ്ററായിരുന്നു ദേവദാസ്. പ്രാരാബ്ധങ്ങളൊന്നുമില്ലാത്ത വ്യക്തിയായിരുന്നു.
അമ്മ അയാളുടെ കൊച്ചുന്നാളിലേ മരിച്ചു പോയിരുന്നു.
പൂര്‍വ്വികന്മാരായി സമ്പാദിച്ചുക്കുട്ടിയിരുന്ന ‘ഭാരിച്ച സ്വത്തിന്റെയെല്ലാംഒരേയൊരവകാശി
യായിരുന്നു ദാസിന്റെ അച്ഛന്‍, കള്ളുഷാപ്പുകളിലും ചാരായഷാപ്പുകളിലുമായിരുന്നു അന്തി ഉറക്കം പോലും. കുടിച്ചു ലക്കുകെട്ട് കാണുന്നവരോടെല്ലാം അയാള്‍ വഴക്കടിച്ചു. ഒന്നിനു പുറകെ മറെറാന്നായി കേസുകളുടെ പുറകെ കോടതികള്‍ കയറിയിറങ്ങുമ്പോള്‍ കാല്‍ച്ചുവട്ടിലെ മണ്ണ്ഒലിച്ചുപോകുന്നത് അച്ഛന്‍ അിറിഞ്ഞില്ല. ആ തകര്‍ച്ചകള്‍ക്കിടയിലും അച്ഛനൊരു രണ്ടാം കെട്ടു നടത്തിയതിനെക്കുറിച്ച് ദേവദാസ് ഇടയ്ക്കിടെ പറയാറുണ്ട്.
തന്റെ അധികാര പരിധിയില്‍ പ്പെട്ടതെല്ലാം വിറ്റുതുലച്ച അച്ഛന്‍ രണ്ടാം കെട്ടുകാരിയുടെ വീട്ടിലേക്ക് താമസം മാററിയതോടെ വീടുമായുള്ള ബന്ധമററു. ഒന്നു രണ്ടു കൊല്ലങ്ങള്‍ക്കു മുന്‍പ് അച്ഛന്‍ ആത്മഹത്യ ചെയ്തു എന്ന വാര്‍ത്ത കേട്ടപ്പോള്‍ ദേവദാസിന് പ്രത്യേകമായ ഒരു ‘ഭാവമാറ്റവുമില്ലായിരുന്നു. പക്ഷേ അന്ന് അയാള്‍ ജോലിക്കുപോകാതെ റൂമില്‍ത്തന്നെ കഴിച്ചുകൂട്ടുകയായിരുന്നു. അപ്പൂപ്പന്‍ വഴി സമ്പാദിച്ച സ്വത്തായതിനാല്‍ കുടുംബസ്വത്തുക്കളൊന്നും കാര്യമായനിലയില്‍ വിറ്റുതുലയ്ക്കുവാന്‍ ദേവദാസിന്റ അച്ഛന് കഴിയുമായിരുന്നില്ല.
ജീവിതത്തില്‍ കൈത്താങ്ങായി കൂട്ടിനുണ്ടാകുമെന്നു പ്രതീക്ഷിച്ചിരുന്ന ചേട്ടന്‍ വിവാഹിതനായി അധികം വൈകാതെ തന്നെ ചേട്ടത്തിയുടെ കയ്യിലെ കളിപ്പാവയായി മാറുന്നത് കണ്ടപ്പോള്‍ ദേവദാസിന്റ ജീവിത സങ്കല്‍പ്പങ്ങള്‍ തകര്‍ന്നു പോയി. ഒടുവില്‍ തറവാട്ടുമുതല്‍ പങ്കുവച്ച്, തനിക്കായി കിട്ടിയ ഓഹരി വസ്തുക്കള്‍ വിററുകിട്ടിയ പണം ബാങ്കില്‍ നിക്ഷേപിച്ചിരുന്ന ദേവദാസിന് നാട്ടില്‍ ബന്ധുക്കളാരുമില്ലാത്തതിനാല്‍, അയാളാപണത്തെക്കുറിച്ച് ചിന്തിക്കാറേയില്ലെന്നാണ് പറയാറുള്ളത്. ഏതെങ്കിലുമൊരുകാലത്ത് നട്ടിലേക്ക് ചേക്കേറേണ്ടി വന്നാല്‍, സ്വന്തമെന്നുപറയുവാനായി ഒരു പിടിമണ്ണുവേണ്ടേ. അതിനായി പതിനഞ്ചുസെന്റുസ്ഥലം ബാക്കിനിര്‍ത്തി ശേഷിക്കുന്ന സ്ഥലങ്ങളായിരുന്നു അയാള്‍ വിറെറാഴിച്ചത്.
ഏതുകാര്യവും ആരുടെ മുഖത്തുനോക്കിയും വെട്ടിത്തുറന്ന് പറയാറുള്ള ദേവദാസ് പക്ഷേ, സുഹൃത്തുക്കളിലാര്‍ക്കെങ്കിലും ഒരാപത്തു സംഭവിച്ചെന്നറിഞ്ഞാല്‍ അവര്‍ക്കാശ്വാസമേകാനായിയോടിയെത്തും . ബോബെയിലെ പ്രശസ്തമായ മരുന്ന് നിര്‍മാണ കമ്പിനിയായ “ഹോച്ചസ്ററില്‍’ സ്റെറനോ ടൈപിസ്ററായതിനാല്‍ കൂട്ടുകാരെല്ലാം ചേര്‍ന്നുനല്‍കിയ ചുരുക്കപ്പേരിലാണ് ഇന്നറിയപ്പെടുന്നത്. അങ്ങനെയാണ് “ഹോച്ചസ്ററായത്. 
ഞങ്ങളുടെ മറെറാരു സഹമുറിയനായിരുന്നു പാലക്കാട്ടുകാരന്‍ ഒരു ഗോവിന്ദന്‍കുട്ടി. ബോബെ അന്ധേരിയിലെ ഒരു ഗാര്‍മെന്റ്സിലെ ജോലിക്കാരന്‍. ആരെയും വെറുപ്പിക്കാത്ത മിതഭാഷിയായൊരു ചെറുപ്പക്കാരന്‍. വീട്ടില്‍നിന്നും കത്തു വരുന്ന ദിവസം നാലഞ്ചാവര്‍ത്തിയെങ്കിലും അയാളാകത്തെടുത്ത് വായിച്ചുനോക്കുന്നത് കാണാം. അപ്പോഴെല്ലാം ആ കണ്ണുകളില്‍ നനവു പടര്‍ന്നു കയറുന്നതും, അയാള്‍ തികഞ്ഞ നിശബ്ദതയിലേക്ക് മുഖം പൂഴ്ത്തുന്നതുമെല്ലാം ഞങ്ങള്‍ക്കു ചിരപരിചിതമായികഴിഞ്ഞിരുന്നു. അയാളുടെ പ്രശ്നങ്ങളെന്താണെന്ന്  എത്ര നിര്‍ബന്ധിച്ചു ചോദിച്ചാലും ‘ ഒരു മന്ദഹാസത്തോടെ ഗോവിന്ദന്‍ കുട്ടി മുഖം തിരിച്ചുകളയാറാണ് പതിവ്. ഒരിക്കല്‍ മാത്രം, സ്വയമൊന്നാശ്യസിക്കാനെന്നവണ്ണം ഗോവിന്ദന്‍കുട്ടി പറഞ്ഞു.
-വീട്ടില്‍ എന്നും ഓരോ പ്രശ്നങ്ങളാണ്. എന്തുചെയ്യാനാണ്. ഓരോരുത്തര്‍ക്കും ഓരോ തലവിധിയല്ലേ. അനുഭവിക്കാതൊക്കില്ലല്ലോ.
ഒരു ഞായറാഴ്ച-
അവധി ദിവസമായിരുന്നതിനാല്‍ ഉച്ചയൂണും കഴിഞ്ഞ് എല്ലാവരും ഒന്ന് കറങ്ങിവരാനായി പുറത്തുപോയി ഗോവിന്ദന്‍കുട്ടി മാത്രം വിശദമായ ഒരു ഉച്ചയുറക്കത്തിന് തയ്യാറെടുത്ത് റൂമില്‍ തന്നെ ചടഞ്ഞുകൂടി. 
ചില കൂട്ടുകാരെയൊക്കെക്കണ്ട് ഞാനും ദേവദാസും റൂമിലേക്ക് തിരിച്ചെത്തുമ്പോള്‍ ഗോവിന്ദന്‍കുട്ടി മേശമേല്‍ തലചായ്ച്ചുറങ്ങുന്നു. വീട്ടിലേക്കെഴുതിക്കൊണ്ടിരുന്ന കത്തായിരിക്കണം പാതിവഴിയില്‍ നിര്‍ത്തിയിട്ട് അയാളെപ്പോഴോ മയങ്ങിപ്പോയതാണ്. പെട്ടെന്നാണ് മേശപ്പുറത്തുനിന്നും ഒരു പെണ്‍ കുട്ടിയുടെ ഫോട്ടോ ദേവദാസ് കണ്ടെടുത്തത്. ഞങ്ങളാ ഫോട്ടോയിലേക്ക് തന്നെ ഇമവെട്ടാതെ നോക്കിനിന്നുപോയി.
സൃഷ്ടികര്‍ത്താവ് പെണ്‍കുട്ടികള്‍ക്ക് സൌന്ദര്യം വാരികോരിക്കൊടുക്കുന്നു എന്നൊക്കെ പറയുന്നത് ഇതായിരിക്കുമോ ! എന്തൊരോമനത്തമാണീമുഖത്ത് ! ഈ പൈങ്കിളിപെണ്ണ് ഗോവിന്ദന്‍കുട്ടിയുടെ കാമുകിയായിരിക്കുമെന്ന് ഞങ്ങള്‍ വിശ്വസിച്ചു. ഇത്രയും സുന്ദരിയായ പെണ്‍കുട്ടിയെ ഗോവിന്ദന്‍കുട്ടിക്കുവിവാഹം ചെയ്തു കൊടുക്കാന്‍ അവളുടെ വീട്ടുകാര്‍ തയ്യാറാകാത്തതാവാം  ഇയാളുടെ മൌനനൊമ്പരങ്ങളുടെ കാരണമെന്ന് ഞങ്ങളൂഹിച്ചു. ഞാന്‍ ബാത്ത്റൂമിലേക്ക് പോകുമ്പോഴും ദേവദാസ് ആ പെണ്‍കുട്ടിയുടെ ഫോട്ടോയിലേക്കുത്തന്നെ നോക്കി നില്‍ക്കുകയായിരുന്നു!
ബോബെ നഗരത്തെ തണുപ്പിന്റ കരങ്ങള്‍ വരിഞ്ഞു മുറുക്കിക്കൊണ്ടിരിക്കുന്ന ഒരു ഡിസംബര്‍മാസ സന്ധ്യ, റൂമില്‍ ഞങ്ങള്‍ മൂന്നുപേര്‍ മാത്രം. ഷര്‍ട്ടിന്റെ പൊട്ടിപ്പോയ ബട്ടന്‍ തുന്നി പ്പിടിപ്പിക്കുകയായിരുന്നു ഗോവിന്ദന്‍കുട്ടി. എന്റെ നാട്ടില്‍നിന്നും പ്രസിദ്ധീകരിക്കുന്ന തരംഗിണി വാരികയുടെ പുതിയ ലക്കം മറിച്ചുനോക്കിക്കൊണ്ടിരിക്കുകയാ
യിരുന്നു ഞാന്‍. ഒരു സിഗരററും പുകച്ച് വരാന്തയുടെ അരമതിലിന്‍മേലില്‍ കയറി ഇരിക്കുകയാണ് ദേവദാസ്.
എന്തോ ഒന്നോര്‍ത്തിട്ടെന്നവണ്ണം, സിഗരററ് താഴെയിട്ട് ചവിട്ടിയണച്ചുകൊണ്ട് മുറിയിലേക്ക് കയറിവന്ന ദേവദാസ് ഗോവിന്ദന്‍കുട്ടിയുടെ അടുത്ത് ചെന്നിരുന്നിട്ടു പറഞ്ഞു.
-ഗോവിന്ദന്‍കുട്ടി തന്റെ രോഗമെന്താണെന്ന് ഞങ്ങള്‍ക്ക് ഇപ്പോഴാണ് പിടികിട്ടിയത്. ആ കുട്ടിയെ തനിക്ക് സ്വന്തമാക്കാനുള്ള പ്രതിബന്ധമെന്താണെന്ന് ഞങ്ങളോട് തുറന്ന്പറയ്... തന്റെ ഏതു പ്രശ്നത്തിനും ഞങ്ങള്‍ തന്നോടൊപ്പമുണ്ടായിരിക്കും
ദേവദാസിന്റ മനസിനെ ആ പെണ്‍കുട്ടി ഏറെ സ്വാന്തീനിച്ചിരിക്കുന്നുവെന്നെ
നിക്കു മനസിലായി. ഇന്നുവരെയും ഒരു പെണ്‍കുട്ടിയെ കുറിച്ചും ഒരു കമന്റ്സും പറയാത്ത ആളാണ് ദേവദാസെന്ന് ഞാനോര്‍ത്തു.
ഗോവിന്ദന്‍കുട്ടി എന്താണ് പറയുവാന്‍ പോകുന്നതെന്നറിയാനുള്ള ആകാംക്ഷയോടെ ഞാന്‍ എഴുന്നേറ്റിരുന്നു.       
ശരീരത്തില്‍ വൈദ്യുതാഘാതമേറ്റ നടുക്കത്തോടെ ഗോവിന്ദന്‍കുട്ടി ശിരസ്സുയര്‍ത്തി, അയാളുടെ നെറ്റിത്തടത്തില്‍ വിയര്‍പ്പുതുള്ളികള്‍ ഉരുണ്ടുനിന്നു കണ്ണുകളില്‍ ചുവപ്പ് രേഖകള്‍ പടര്‍ന്നു കയറി ഗോവിന്ദന്‍കുട്ടിയുടെ വിറപൂണ്ട അധരങ്ങളില്‍ നിന്നും വാക്കുകള്‍ മുറിഞ്ഞു വീണു.
- ദേവദാസേ -തെറ്റിദ്ധരിക്കരുത് അവളെന്റെ പൊന്നനുജത്തിയാ 
-എന്റെ….. സുകന്യമോള്‍... 
അകലെ പാളങ്ങളില്‍ ഇലക്ട്രിക്ക് ട്രെയിനുകള്‍ ചൂളം വിളിച്ചുകൊണ്ടിരുന്നു. ആ ഹൂങ്കാരശബ്ദം ഞങ്ങളുടെ കൊച്ചുമുറിയില്‍ നിറഞ്ഞു മുഴങ്ങുകയാണ്... 
അവിശ്വസിനീയമായതെന്തോ കേട്ടതുപോലെ ദേവദാസിന്റെ ചോദ്യമുയര്‍ന്നു. 
-ഇത് സത്യമാണോ ഗോവിന്ദന്‍കുട്ടി.? 
-അതെ, ഇക്കാര്യത്തില്‍ ഞാനെന്തിനു നുണപറയണം.?
-സോറി, ഞങ്ങള്‍ തന്നെ വല്ലാതെ തെറ്റിധരിച്ചുപോയി തന്റെ അനുജത്തി ഇപ്പോഴെന്തു ചെയ്യുന്നു.? 
ദേവദാസിന്റെ ആകാംക്ഷ നിറഞ്ഞ ചോദ്യത്തിന് പെട്ടൊന്നൊരുത്തരം നല്‍കാന്‍ ബുദ്ധിമുട്ടുന്നതുപോലെ ഗോവിന്ദന്‍കുട്ടി എഴുന്നേറ്റു. അയാള്‍ ജാലകത്തിലൂടെ പുറത്തേക്ക് നോക്കി നിന്നു.
ഞങ്ങള്‍ക്കിടയില്‍ കനത്ത മൌനം പടര്‍ന്നു... ഞാനും ദേവദാസും മുഖത്തോടുമുഖം നോക്കി അനുജത്തിയുടെ കാര്യം ചോദിച്ചതിന് ഇയാള്‍ എന്താണിത്രയും അസ്വസ്തനാവുന്നത്.! എന്തെങ്കിലും അപകടത്തില്‍ പെട്ടോ മറ്റോ ആ സുന്ദരിക്കുട്ടി മരിച്ചുപോയിരിക്കുമോ..!
വല്ലാത്ത ഒരു ആകാംക്ഷ -
വീര്‍പ്പുമുട്ടല്‍-
ഏറെ നേരത്തിനുശേഷം ഗോവിന്ദന്‍കുട്ടിയുടെ ചുമലില്‍ കൈവെച്ചുകൊണ്ട് ദേവദാസ് ചോദിച്ചു.
-ഗോവിന്ദന്‍കുട്ടിക്കെന്തു പറ്റി.?
താനങ്ങു വല്ലാതായിപ്പോയല്ലോ.?
ഗോവിന്ദന്‍കുട്ടി കട്ടിലില്‍ വന്നിരുന്നു. അയാളുടെ കണ്ണുകള്‍ നിറഞ്ഞു തുളുമ്പിയിരുന്നു. അയാളുടെ അടുത്ത് ചെന്നിരുന്നുകൊണ്ട് ഞാന്‍ പറഞ്ഞു.
-അനുജത്തിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താനെന്തിനാണിങ്ങനെ സങ്കടപ്പെടുന്നത്. എന്തുതന്നെയായാലും ഞങ്ങളോട് പറയണം. ദുഖങ്ങള്‍ ആരോടെങ്കിലും ഒന്ന് ഷെയര്‍ ചെയ്താല്‍ മനസ്സിന്റെ ‘ഭാരമൊന്ന് കുറയുമെങ്കിലും ചെയ്യുമല്ലോ. എന്തു തന്നെയായാലും നമ്മളിപ്പോള്‍ ഒരേ മുറിയില്‍ ഒന്നിച്ചു താമസിക്കുന്നവരല്ലേ.?
മനസ്സിനകത്ത് ചിറകൊത്തിക്കിയിരുന്ന പക്ഷി അതിന്റെ നനഞ്ഞ ചിറകുകള്‍ കുടഞ്ഞുണക്കുന്നതുപോലെ ഗോവിന്ദന്‍കുട്ടിയില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു. അയാള്‍ മെല്ലെ പറഞ്ഞു.
-എന്റെ അനുജത്തി ഞങ്ങളുടെ നൊമ്പരമാണു സുഹൃത്തുക്കളേ -എന്റെ സുകന്യമോള്‍ അന്ധയാണ് 
ഒരു നടുക്കം.
ഡിസംബര്‍ രാത്രിയുടെ കടുത്ത തണുപ്പിന്  കാഠിന്യമേറുന്നതായി തോന്നി. 
സൌന്ദര്യവും ശാലീനതയും വാരിക്കോരി കൊടുത്തിട്ടും ദൈവമെന്തേ ഗോവിന്ദന്‍കുട്ടിയുടെ കൂടപ്പിറപ്പിനെ അന്ധയാക്കിക്കളഞ്ഞത്.! ആ ഓമനത്തമുള്ള മുഖത്തുനോക്കുമ്പോള്‍ ആ കണ്ണുകളില്‍ അന്ധകാരം നിറഞ്ഞു നില്‍ക്കുകയണെന്ന് തോന്നുകയേയില്ലല്ലോ... 
ഗോവിന്ദന്‍കുട്ടിയുടെ സങ്കടങ്ങള്‍ ഞങ്ങളിലേക്കും പടര്‍ന്നു കയറി. സാവകാശം ഞങ്ങളയാളുടെ കുടുംബ ചരിത്രം ചോദിച്ചു മനസ്സിലാക്കി.
മലചെരിവുകളില്‍ നിന്നും പറന്നെത്തുന്ന മിന്നാമിന്നികൂട്ടങ്ങളെ നോക്കി നിന്നുകൊണ്ട് ഗോവിന്ദന്‍കുട്ടി കുടുംബ കഥകള്‍ പറയാന്‍ തുടങ്ങി... 
പാലക്കാടന്‍ ഗ്രാമത്തിലെ ഒരിടത്തരം കുടുംബത്തിലെ മൂത്തമകനാണ് ഗോവിന്ദന്‍കുട്ടി അച്ഛന്‍ കര്‍ഷകനായിരുന്നു. മക്കളെ പഠിപ്പിച്ച് ഗവണ്‍മെന്റ് ജോലിക്കാരാക്കണമെന്നായിരുന്നു അച്ഛന്റെ ആഗ്രഹം പക്ഷെ, വിധിയുടെ തീരുമാനം മറ്റൊന്നായിരുന്നു.  പഠിത്തത്തില്‍ പിറകോട്ടായിരുന്ന ഗോവിന്ദന്‍കുട്ടിയ്ക്ക് ഒരു വിധത്തില്‍ പത്താം ക്ളാസ്സുവരെ എത്താനേ കഴിഞ്ഞുള്ളൂ. അയാളുടെ അനുജത്തി സുന്ദരിയായിരുന്നു, പഠിത്തത്തില്‍ എന്നും ഒന്നാമതായിരുന്നു സുകന്യ അവള്‍ വളരാന്‍ തുടങ്ങിയപ്പോള്‍ ഗ്രാമവാസികളെല്ലാം അവളെ നോക്കി മന്ത്രിക്കുവാന്‍ തുടങ്ങി.
-ഈ കുട്ടി നമ്മുടെ നാട്ടിന്റെ വിളക്കാണ് എന്തൊരു സൌന്ദര്യമാ ദൈവം ഈ കുട്ടിക്ക് കൊടുത്തിരിക്കുന്നത്..! 
പക്ഷെ -ആ കുടുംബത്തിന് വിധി കരുതിവച്ചിരുന്നത്  മറ്റൊരു ദുരന്തമായിരുന്നു. 
പതിമൂന്നാമത്തെ വയസ്സിലായിരുന്നു സുകന്യയ്ക്ക് അസുഖം തുടങ്ങിയത് ചെറിയൊരു പനിയായിരുന്നു തുടക്കം. തുടക്കത്തില്‍ ആരും അത് അത്ര ഗൌരവമായി കണക്കാക്കിയിരുന്നില്ല ഒരു ചെറിയ പനിയല്ലേ-
പക്ഷെ, പ്രതീക്ഷകളെയൊക്കെ തകര്‍ത്തുകൊണ്ട് സുകന്യയുടെ പനി മാറാതെ നിന്നു ഒരു മാസത്തോളം ആശുപത്രിവാസം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴേക്കും ആ സുന്ദരിക്കുട്ടിയുടെ കണ്ണുകളില്‍ നിന്നും വെളിച്ചം കുടിയിറങ്ങിയിരുന്നു..!
മകളുടെ കാഴ്ച്ച തിരിച്ചുകിട്ടുന്നതിനായി ഗോവിന്ദന്‍ കുട്ടിയുടെ അച്ചന്‍ കയറി ഇറങ്ങാത്ത ആസ്പത്രികളില്ല. ജീവിതത്തിലെ എല്ലാ സമ്പാദ്യവും അദ്ദേഹം മകള്‍ക്കായി ചിലവഴിച്ചു.
ഒടുവില്‍ വിധിയോട് പടപൊരുതി തളര്‍ന്നുപോയ ആ പിതാവ് അന്ധകാരത്തിന്റ മതില്‍ക്കെട്ടില്‍ നിന്നും മകളെ രക്ഷിക്കുവാന്‍ കഴിയില്ലെന്നു ബോദ്ധ്യമായതോടെ ഹൃദയം നുറുങ്ങി മരിച്ചു.!
എല്ലാ ദു:ഖങ്ങളും നെഞ്ചിലേററിയിട്ട് ഗോവിന്ദന്‍കുട്ടി ബോബെയിലെത്തിയിട്ട് പത്തുപതിനൊന്നു വര്‍ഷം കഴിഞ്ഞിരിക്കുന്നു. കാലത്തിനൊപ്പം ഗോവിന്ദന്‍കുട്ടിയുടെ അനുജത്തി വളര്‍ന്നു വളര്‍ന്നൊരു വലിയ ദു:ഖമായി അയാളുടെ ഇടനെഞ്ചില്‍ നിറഞ്ഞുനില്‍ക്കുന്നു. അനുജത്തിയുടെ സന്തോഷത്തിനായി എന്തെല്ലാം ചെയ്യാന്‍ കഴിയുമോ അതെല്ലാം ചെയ്തുകൊടുക്കുവാന്‍ അയാള്‍ ശ്രമിക്കുന്നു.
അന്ധവിദ്യാലയത്തില്‍ നിന്നും ഡിഗ്രി നേടിയെടുത്തിട്ടുള്ള സുകന്യക്ക് ഒരു ജോലി കിട്ടിയിരുന്നുവെങ്കില്‍ അവളുടെ ജീവിതം സുരക്ഷിതമാകുമായിരുന്നുവെന്നയാ
ള്‍ സ്വപ്നം കാണുന്നു. വയസായ അമ്മയുടെ കാലം കഴിഞ്ഞാല്‍ അവളെ സംരക്ഷിക്കുവാന്‍ പിന്നെ ആരുണ്ട്. അതും ഇത്രയും സുന്ദരിയായ ഒരു പെണ്‍കുട്ടിയെ കാത്തുസൂക്ഷിക്കുവാന്‍ എളുപ്പമല്ലല്ലെ.! തന്റെ അനുജത്തിയുടെ സന്തോഷങ്ങള്‍ക്ക് നിറം മങ്ങിപ്പോകരുതെന്ന് ആഗ്രഹിക്കുന്നതിനാലാണ് ഗോവിന്ദന്‍ കുട്ടി വിവാഹം പോലും മാററിവച്ചിരിക്കുന്നത്.
എത്രയോ വിവാഹാലോചനകള്‍ വന്നതാണ് അവള്‍ക്ക്.
പക്ഷേ അന്തയായ ഒരു ചെറുപ്പക്കാരിയെ ജീവിത സഖിയാക്കുവാന്‍ ഏതെങ്കിലും ഒരു ചെരുപ്പക്കാരന്‍ തയ്യാറാകുമോ? അങ്ങനെയൊരു കുട്ടിയെ മരുമകളാക്കുവാന്‍ ഏതെങ്കിലുമൊരമ്മ സന്‍മനസ്സുകാണിക്കുമോ? 
ഏതാനും ദിവസങ്ങളായി ദേവദാസിന് എന്തൊക്കെയോ മാററങ്ങള്‍ വന്നിരിക്കുന്നതായെനിക്കുതോന്നി
. അഴാളെപ്പൊഴും ഏകാന്തതയെ ഇഷ്ടപ്പെടുന്നു. ഒരു മല ഇടിഞ്ഞു വരുന്നെന്നു പറഞ്ഞാല്‍ ചുമലുകൊണ്ടു തടുക്കാമെന്നു പറയാറുള്ള ദേവദാസില്‍നിന്നും ആ നര്‍മ്മ‘ഭാവങ്ങളെലാം പോയിമറഞ്ഞിരിക്കുന്നു. ഇയാള്‍ക്കിതെന്തുപററി ?
ദേവദാസിന്റ മൌനം എന്നെ വീര്‍പ്പുമുട്ടിച്ചു. 
ഒരു സന്ധ്യയ്ക്ക് വെറുതെ നടക്കുവാനായി ഇറങ്ങിയപ്പോള്‍ തന്റെ മൌനത്തിന്റ തോട്ടടച്ചുകൊണ്ട് ദേവദാസ് പറഞ്ഞു. 
എനിക്കു തന്നോടൊരു കാര്യം പറയാനുണ്ട്. എന്റെ എല്ലാ കാര്യങ്ങളും അറിയാവുന്ന സുഹൃത്തെന്ന നിലയില്‍ ഞാന്‍ തന്നോടാണ് ഈ കാര്യം ആദ്യമായും പറയുന്നത്. എനിക്ക് മററാരോടും അഭിപ്രായം ചോദിക്കാനില്ലെന്നറിയാമല്ലൊ
പാര്‍ക്കിലെ കല്‍ ബെഞ്ചില്‍ കപ്പലണ്ടി കൊറിച്ചിരുന്നു കൊണ്ട് ദേവദാസ് പറഞ്ഞുതുടങ്ങി 
കുറച്ചു ദിവസങ്ങളിലായി ഞാനൊരു തീരുമാനമെടുക്കുന്നതിനുള്ള ടെന്‍ഷനിലായിരുന്നു
ഞാന്‍ ആകാംക്ഷയോടെ കാതോര്‍ത്തു
തണുപ്പിനൊപ്പം രാത്രിക്കും കനം കൂടിക്കൊണ്ടിരുന്നു. തെല്ലിട നിശ്ശബ്ദനായിരുന്നിട്ട് ദേവദാസ് പറഞ്ഞു.
വിവാഹം കഴിക്കുവാനായി നിങ്ങളെല്ലാവരും കുറേനാളുകളായി നിര്‍ബ്ബന്ധിച്ചുകൊണ്ടിരിക്കു
കയാണല്ലൊ. എന്തായാലും ഞാന്‍ വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരിക്കുന്നു. പാര്‍ക്കിലെ അരണ്ടവെളിച്ചത്തില്‍ തലങ്ങും വിലങ്ങും പറക്കുന്ന നരിച്ചീറുള്‍.
ഹോട്ടലുകളില്‍ നിന്നും ഒഴുകി എത്തുന്ന ഹിന്ദുസ്ഥാനി സംഗീതത്തിന്റ ശോകാര്‍ദ്രമായ ഈരടികള്‍. 
ഗോവിന്ദന്‍കുട്ടിയുടെ പെങ്ങളുടെ ഫോട്ടോ കണ്ടതിന് ശേഷമാണ് ദേവദാസില്‍ ഈ മാററമെന്ന് ഓര്‍ക്കുകയായിരുന്നു ഞാന്‍. 
അതെ, ദേവദാസ് തന്റെ തീരുമാനം തുറന്നു പറയുകയാണ്.
ഗോവിന്ദന്‍കുട്ടിയുടെ അന്ധയായ സഹോദരിയെ ദേവദാസ് വിവാഹം കഴിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നു ! സുകന്യയ്ക്ക് കാഴ്ച ലഭിക്കുന്നതിനായി എത്ര പണം ചിലവാക്കുവാനും അയാള്‍ തയ്യാറാണ്. പകരം മാററിവെക്കുവാന്‍ കണ്ണുകള്‍ കിട്ടിയില്ലെങ്കില്‍ തന്റെ ഒരു കണ്ണ് ആ കുട്ടിക്കു മാററിവെക്കുവാനും അയാള്‍ തീരുമാനിച്ചിരിക്കുന്നു. 
ഞാന്‍ മൌനം പൂണ്ടു. 
വിവരങ്ങളറിഞ്ഞപ്പോള്‍ ഗോവിന്ദന്‍കുട്ടിക്കുനടുക്കം. നടക്കുവാന്‍ ഇടയില്ലാത്ത ഒന്നിനെക്കുറിച്ച് ഒരു സുന്ദരമായ സ്വപ്നം ദേവദാസ് തനിക്കെന്തിനാണ് സമ്മാനിക്കുന്നത് ! 
എന്നാല്‍ ദേവദാസ് തന്റെ പദ്ധതികള്‍ ഒന്നൊന്നായി പറഞ്ഞു ബോദ്ധ്യപ്പെടുത്തിയപ്പോള്‍ ഗോവിന്ദന്‍കുട്ടിയുടെ മനസ്സിന്റെ താഴ്വരയില്‍ സ്വപ്നങ്ങളുടെ നിശാഗന്ധികള്‍പൂത്തു. ആ നിശാഗന്ധികളുടെ മണം അങ്ങങ്ങു ദൂരെ പാലക്കാടന്‍ കാററിലലിഞ്ഞലിഞ്ഞ് സുകന്യയുടെ അടുത്തെത്തിയപ്പോള്‍ അവളുടെ മനസില്‍ നാനാവികാരങ്ങളുടെ വേലിയേററം തന്നെ നടന്നു. 
അവളുടെ സ്വപ്നങ്ങള്‍ക്ക് സ്വര്‍ണ്ണനിറമുണ്ടായി...
അമ്പിളിക്കൊമ്പത്തൊരു പൊന്നൂഞ്ഞാല്‍ക്കെട്ടി അതിലേക്കു തന്നെ കൂടെ ക്ഷണിക്കുന്ന രാജകുമാരനെ മന:ക്കണ്ണിലൂടെ കണ്ടപ്പോള്‍ അവളുടെ കവിളിണകളില്‍ നാണം പൂത്തു. 
ബോബെയില്‍നിന്ന് ചേട്ടന്‍ അയച്ച കത്തവള്‍ പലയാവര്‍ത്തി വായിച്ചുകേട്ടു.
എന്റെ മോള്‍ ‘ഭാഗ്യവതിയാണെന്ന് ചേട്ടന് ഇപ്പോള്‍ തോനുന്നു. നിന്റെ കണ്ണുകള്‍ക്ക് ദേവദാസ് വെളിച്ചം നല്‍കും. സംശയിക്കേണ്ട മോളുടെ വിവാഹം വൈകാതെ നടക്കും. 
ഇപ്പോള്‍ - ഓരോ ദിവസവും താഴെ റോഡില്‍ നിന്നും പോസ്ററുമാന്‍ വാസുവേട്ടന്റെ സൈക്കിള്‍ ബെല്ലിനായി സുകന്യ കാതോര്‍ത്തിരിക്കുകയാണ്. ആഴ്ച്ചയില്‍ മൂന്നോ നാലോകത്തുകള്‍ അവളെ തേടി എത്തുന്നു. അവളുടെ പ്രിയപ്പെട്ട ദേവേട്ടന്റെ സ്നേഹാര്‍ദ്രമായ നനുനനുത്ത സ്വരം അവളാ കത്തുകളിലൂടെ കേള്‍ക്കുന്നു. 
ആ കത്തുകള്‍ മാറോട് ചേര്‍ത്തുകിടന്നവളുറങ്ങി. അവളുടെ വാക്കുകളില്‍ ശാന്തയെന്ന കൂട്ടുകാരി ദേവദാസിനുവേണ്ടി കത്തുകളെഴുതി. കത്തുകളിലൂടെ അവര്‍ ഒരുപാട് സംസാരിച്ചു... കളിതമാശകള്‍ പറഞ്ഞു...
കരിമ്പനത്തലപ്പുകളുടെ മര്‍മരംകേട്ട് പാലക്കാടിന്റെ ഇടവഴികളിലൂടെ അവര്‍ ഒഴുകി നടന്നു.
നിളയുടെ കൊച്ചോളങ്ങളെ അവരുടെ പൊട്ടിച്ചിരികല്‍ കിക്കിളികൊള്ളിച്ചു.
എല്ലാം തീരുമാനിച്ചുറപ്പിച്ച് ചേട്ടന്റെ കത്ത് കിട്ടിയപ്പോള്‍. ദിവസങ്ങള്‍ അതിവേഗം പറന്നു പോയിരുന്നെങ്കിലെന്ന് സുകന്യ ആഗ്രഹിച്ചു. ഒരാഴ്ച കഴിഞ്ഞാല്‍ ചേട്ടനെത്തുകയാണ്. അനുജത്തിയുടെ വിവാഹത്തിന്റെ ഒരുക്കങ്ങള്‍ക്കായി. രണ്ടാഴ്ച കഴിഞ്ഞാല്‍ ദേവദാസം എത്തുന്നു.
മുററത്തെ സ്വര്‍ണ്ണ ചെമ്പകം പൂത്തിരിക്കുന്നത് സുകന്യ അറിഞ്ഞു. ചമ്പകപ്പൂമണം അവള്‍ക്കിഷ്ടമായിരുന്നു. ആ സുഗന്ധവും ആസ്വതിച്ചുകൊണ്ടവള്‍ ഇരിക്കുമ്പോള്‍ അവളുടെ പ്രിയപ്പെട്ടവന്‍ അവളുടെ കാതുകളില്‍ സ്വകാര്യമായി ചോദിച്ചു.
ഏതു കളര്‍ സാരിയ എന്റെ പെണ്ണിന് ഇഷ്ടം? ഞാന്‍ വരുമ്പോള്‍ കല്യാണസാരിയുമായിട്ടാകും വരിക. അതായത് എന്റെ മണവാട്ടിക്കുട്ടിക്കുള്ള മന്ത്രകോടി. 
ഒരു വല്ലാത്ത നാണത്തോടെ അവള്‍ മന്ത്രിച്ചു.
-ചുവപ്പില്‍ മഞ്ഞപ്പൂക്കളുള്ള സാരി നന്നായിരിക്കുമെന്നാ ശാന്ത പറയാറുള്ളത്. 
ദേവദാസ് യാത്രയ്ക്ക് ഒരുങ്ങുകയാണ്. വൈകിട്ട് നാലരയ്ക്കുള്ള ജയന്തി ജനതയില്‍ അയാള്‍ നാട്ടില്‍ പോകുന്നു. സുകന്യയ്ക്ക് ഇഷ്ടപ്പെട്ടതായ ചുവപ്പില്‍ മഞ്ഞപ്പൂക്കളുള്ള സാരിക്കായി അയാളോടൊപ്പം ഞാനും എത്ര കടകളാണ് കയറി ഇറങ്ങിയത് ! ഒടുവില്‍ തിരഞ്ഞു നടന്നത് കിട്ടിയപ്പോള്‍ സുകന്യയുടെ ഫോട്ടോയോട് ആ സാരി ചേര്‍ത്തുവച്ചിട്ട് സംതൃപ്തിയോടെ ദേവദാസ് ചോദിച്ചു.
ഈ സാരി ഉടുക്കുമ്പോള്‍ എന്റെ സുകന്യ ഒന്നൂടെ സുന്ദരിയാകുമല്ലെ ?
സാരിമാത്രമല്ല മററുപലതും അയാള്‍ അവള്‍ക്കുവേണ്ടി വാങ്ങിയിരുന്നു.
ദേവദാസിനെ യാത്രയാക്കുവാന്‍ സുഹൃത്തുക്കള്‍ പലരും റൂമിലെത്തിയിരുന്നു. ഗോവിന്ദന്‍കുട്ടി പോയിട്ട് ഒരാഴ്ച കഴിഞ്ഞിരിക്കുന്നു.
കൂട്ടുകാരുടെ തമാശകള്‍ക്കും പോട്ടിച്ചിരികള്‍ക്കുമിടയില്‍ പുറത്തു നിന്നും പോസ്ററുമാന്റെ ശബ്ദം ഉയര്‍ന്നു. 
- സാബ്     ടെലഗ്രം...                   
എല്ലാ ശബ്ദങ്ങളും നിലച്ചു. ആകാംക്ഷയോടെ ടെലഗ്രം തുറന്നു വായിച്ച ദേവദാസിന്റെ കൈകള്‍ വിറയ്ക്കുന്നത് ഞങ്ങള്‍ കണ്ടു. അയാള്‍ കട്ടിലിലേക്ക് തളര്‍ന്ന് വീണപ്പോള്‍ ഞാനാ ടെലഗ്രാമെടുത്തു വായിച്ചുനോക്കി...
ഒരു നടുക്കം !
കണ്ണുകള്‍ക്കു മുന്‍പില്‍ ആ വാക്കുകള്‍ തീനാളങ്ങളായി പടര്‍ന്നുകയറി...
-സുകന്യ മരിച്ചുപോയി - ഗോവിന്ദന്‍ കുട്ടി...
ഏതൊക്കെയോ ദിശകളില്‍നിന്നും വീശിയടിച്ച കൊടുംകാററിന് നേറെ പിടിച്ചു നില്‍ക്കാനാകാതെ ഞങ്ങള്‍ക്ക് ശ്വാസംമുട്ടി.                         
ഒരു നനഞ്ഞ പക്ഷിക്കുഞ്ഞിനെപ്പോലെ ട്രെയിനില്‍ യാത്രയാകുന്ന ദേവദാസിന്റെ കൈപിടിച്ചൊന്ന് മുത്തുവാനല്ലാതെ എനിക്കു മറെറാന്നും പറയുവാന്‍ കഴിഞ്ഞില്ല.
ദിവസങ്ങള്‍ക്കു ശേഷം ഗോവിന്ദന്‍ കുട്ടിയുടെ കണ്ണുനീരില്‍ കുതിര്‍ന്ന കത്ത്.
ഒരു ദുരന്ത നാടകത്തിന്റെ തിരശീല ഉയര്‍ത്തിക്കൊണ്ട് അയാളെഴുതി...
സ്വപ്നങ്ങള്‍ക്ക് തങ്കകസവുകള്‍ തുന്നിപ്പിടിപ്പ്ച്ചുകൊണ്ടിരുന്
ന സുകന്യ താഴെ റോഡില്‍ നിന്നും പോസ്റ് മാന്റെ സൈക്കിള്‍ ബെല്‍ കേട്ടാണ് ഉണര്‍ന്നത്. വാസുവേട്ടന്‍ വിളിച്ചു പറയുന്നതു കേട്ടു.
- മോളെ ബോബെന്നു കത്തുണ്ട്. മോളിങ്ങോട്ട് ഇങ്ങോട്ടു വരുന്നോ അല്ലെങ്കില്‍ ഞാനങ്ങോട്ടു കയറി വരാം.
- വേണ്ട വാസുവേട്ടാ -ഞാന്‍ വന്നോളാം
നിത്യവും കയറിയിറങ്ങി പരിചയമുള്ളതുകൊണ്ട് സുകന്യ താഴേക്കിറങ്ങിച്ചെന്നാണ് കത്തുകള്‍ വാങ്ങാറുള്ളത്.
കത്തുകള്‍ക്കിടയില്‍ ഏതോ മേല്‍വിലാസക്കാരനെ പരതിക്കൊണ്ടിരുന്ന പോസ്റ് മാന്‍ ഒരലര്‍ച്ചയും കരിച്ചിലും കേട്ടായിരുന്നു പെട്ടന്ന് തലയുയര്‍ത്തിയത്. അയാള്‍ ഒരു നടുക്കത്തോടെയായരുന്നു ആ കാഴ്ച കണ്ടത് സുകന്യ അതാ വീണു കിടക്കുന്നു. ഒരു പട്ടിയും അതിന്റെ കുഞ്ഞുങ്ങളും ഓടിപ്പോകുന്നതും കണ്ടു.
ചവിട്ടു പടിയില്‍ നിന്നും സുകന്യ തെറിച്ചു വീണിരിക്കുന്നു.!  അരികില്‍ കിടന്നിരുന്ന ഒരു കല്ലിലേക്ക് തലയിടിച്ചാണ് ആണ് അവള്‍ വീണിരിക്കുന്നത്. ചുവന്ന മുരിക്കിന്‍ പൂക്കള്‍ പോലെ രക്തം ചിതറിത്തെറിച്ചിരിക്കുന്നു...
കത്തുവാങ്ങിക്കുന്നതിന് തിടുക്കപ്പെട്ടിറങ്ങിയ സുകന്യ കാലെടുത്തു വെച്ചത് വീട്ടിലെ പ്രസവിച്ചു കിടക്കുന്ന പട്ടിയുടെ മേലേക്കായിരുന്നു. ചവിട്ടു പടിക്ക് താഴെ കിടന്നത് കുഞ്ഞുങ്ങള്‍ക്ക് മുലയൂട്ടുകയായിരുന്നു.!
പാലക്കാടന്‍ മലനിരകളില്‍ നിന്നും സന്ധ്യ കടന്നുവരാന്‍ തുടങ്ങിയിരിക്കുന്നു. പരുപരുത്ത കാറ്റില്‍ കരിമ്പന തലപ്പുകളുടെ മര്‍മ്മരം
കല്‍പ്പടവുകള്‍ കയറിയെത്തിയ ദേവദാസിനെ ആദ്യമായി കണ്ടത് ഗോവിന്ദന്‍ കുട്ടിയായിരുന്നു. ദേവദാസിനെ കെട്ടിപ്പിടിച്ചുകൊണ്ടയാള്‍ പലതും പറഞ്ഞു കരഞ്ഞു. ദേവദാസ് എത്തിയിരിക്കുന്നു എന്ന് അറിഞ്ഞപ്പോള്‍ അകത്തു നിന്നും പെണ്ണുങ്ങളുടെ കൂട്ടക്കരച്ചില്‍ ഉയര്‍ന്നു. 
കത്തിയമര്‍ന്നു കിടക്കുന്ന ചിതയ്ക്കു മുന്നില്‍ ദേവദാസ് നിന്നു. അയാളുടെ കണ്ണില്‍ നിന്നും നീര്‍ച്ചാലുകള്‍ ഒഴുകി.
ആ പട്ടടക്കു മീതെ ദേവദാസ് തന്റെ പ്രിയപ്പെട്ടവള്‍ക്കായി വാങ്ങിയ വിവാഹ സാരി നിവര്‍ത്തിയിട്ടു...
ചറുപിറുങ്ങനെ വീശിയടിച്ചുകൊണ്ടിരുന്ന ചെറുകാറ്റുപോലും ആ സമയത്ത് നിലച്ചുപോയിരുന്നു. 
ഒന്നും പറയാതെ ദേവദാസ് തിരിച്ചു നടന്നു. ഗോവിന്ദന്‍ കുട്ടി അയാളുടെ കയ്യില്‍ പിടിച്ചമര്‍ത്തികൊണ്ട് ചോദിച്ചു.
-ഈ രാത്രിതന്നെ യാത്രയാവണോ.?
താഴെ വണ്ടിക്കാളകളുടെ കുടമണികള്‍ ശബ്ദിച്ചു. ഗോവിന്ദന്‍കുട്ടിയെ ഒന്നുകെട്ടിപ്പുണര്‍ന്നുകൊണ്ടയാ
ള്‍ തിരിഞ്ഞു നടന്നു... ഞാന്‍ ദേവദാസിനെ തന്നെ നോക്കിയിരുന്നു. ചൂടുള്ള കട്ടന്‍ചായ ഊതിക്കുടിച്ചുകൊണ്ടിരിക്കുമ്പോള്‍ ഓര്‍മ്മകളില്‍ നിന്നും അയാള്‍ എന്തൊക്കെയോ പരതുകയാണെന്ന് തോന്നി.
കാവി മുണ്ടും കാവിജുബ്ബയും ധരിച്ച് താടിയും മുടിയും നീട്ടിവളര്‍ത്തിയ ദേവദാസിനെ പ്രായം കാലത്തിന്റെ കലപ്പകൊണ്ടുഴുതു മറിച്ചിരുന്നു. ഒരു നെടുവീര്‍പ്പോടെ ഞാന്‍ ചോദിച്ചു 
-തനിക്കൊരു കുടുംബ ജീവിതം ഉണ്ടായിരിക്കുമെന്നും തന്റെ കൂടെ കുടുംബിനി കൂടെ കാണുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്.
-സിഗരറ്റൊന്നാഞ്ഞു വലിച്ചുകൊണ്ട് ദേവദാസ് പറഞ്ഞു. 
-തന്റെ ഊഹം തെറ്റിപ്പോയിട്ടില്ല ജയദേവാ -അവളെന്നോടൊപ്പം തന്നെയുണ്ടല്ലോ -എപ്പോഴും
-തോള്‍ സഞ്ചിയിലെ ഡയറിക്കുള്ളില്‍ നിന്നും അയാളൊരു ഫോട്ടോയെടുത്ത് എന്റെ മുന്നില്‍ വെച്ചു എന്റെ കരളിനകത്ത് എന്തോ ഒന്ന് കൊളുത്തിവലിച്ചു..
സുകന്യയുടെ ഫോട്ടോ...
ദേവദാസ് ലാമിനേറ്റ് ചെയ്ത് സൂക്ഷിച്ചിരിക്കുന്നു.
അയാളെഴുന്നേറ്റ് യാത്രയാവുകയാണെന്ന് മനസ്സിലായി.
ജീവിതത്തിലെ എല്ലാ സമ്പാദ്യങ്ങളും സ്വരുക്കൂട്ടി ദേവദാസ് “സുകന്യ നേത്രനിധി’ ക്കു രൂപം നല്‍കിയിരിക്കുന്നു.
അന്ധകാരത്തില്‍ മനംനൊന്തു കഴിഞ്ഞിരുന്ന നൂറുകണക്കിനാള്‍ക്കാരെ അയാളീകാലത്തിനുള്ളില്‍ തന്നെ പ്രകാശത്തിന്റെ ലോകത്തിലേക്ക് കൊണ്ടു വന്നിരുന്നു.
ദേവദാസ് പോകുകയാണ്...
എനിക്കയാളെ തടയാന്‍ കഴിഞ്ഞില്ല -
അയാള്‍ വന്ന ടാക്സി കാത്തു കിടക്കുന്നു..