അരങ്ങ്‌--10


വാഴേങ്കട കുഞ്ചു നായര്‍ 


അമ്പലമുറ്റത്തുള്ള വലിയ ആൽമരത്തിന്റെ ഇല മുഴുവൻ കൊഴിഞ്ഞു. പിന്നെ ഇളം തളിരുകൾ പൊട്ടി. ഋതുസ്നാനം കഴിഞ്ഞൊരു കന്യകയെപ്പോലെ തരളിതയായി നിന്നു.

കഥകളിയഭ്യാസത്തിന്റെ ഈറ്റുനോവുകൾ വഴിപിരിഞ്ഞു. ഓരോ വേഷങ്ങളെക്കുറിച്ചുള്ള പകൽക്കിനാവുകളിൽ മുഴുകി. അതിനിടയിൽ യാദൃച്ഛികമായി മനസ്സിൽ മറ്റൊരു കേളിക്കൊട്ടിന്റെ മന്ത്രധ്വനിയുണർന്നു.

ചില ചെറുകിട വേഷങ്ങൾ കെട്ടിയിരുന്ന ഒരു വേഷക്കാരൻ, അമ്പലത്തിന്റെ കുറച്ചപ്പുറത്ത്‌ താമസിച്ചിരുന്നു. കണാരൻ നായർ എന്നായിരുന്നു പേര്‌. ചെത്തല്ലൂരായിരുന്നു സ്വദേശമെങ്കിലും വാഴേങ്കടയിലുള്ള ഭാര്യവീട്ടിലായിരുന്നു കൂടുതലും താമസിച്ചതു. അഭ്യാസത്തിനിടെ വല്ലപ്പോഴുമൊക്കെ കാണാറുണ്ട്‌. അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാർ സാമാന്യം കൃഷിയും മറ്റുമുള്ള കൂട്ടത്തിലുള്ളവരായിരുന്നു. കഥകളിയോടു അതിരു കവിഞ്ഞ കമ്പമൊന്നുമില്ല. അയ്യപ്പൻവിളക്കായിരുന്നു പ്രധാനം. അദ്ദേഹത്തിനു മൂന്നു പെണ്മക്കളും ഒരു മകനുമായിരുന്നു.

കളരിയിലേക്ക്‌ പോകുമ്പോഴും തിരിച്ചുവരുമ്പോഴും ആ വീടിന്റെ പടിക്കൽക്കൂടെ വേണ്ടിയിരുന്നു പോകുവാൻ. ഈ സന്ദർഭങ്ങളിലും അമ്പലമുറ്റത്തുള്ള ആൽച്ചുവട്ടിൽ വെച്ചു ഇടയ്ക്കിടെ ഒരു പതിനഞ്ചുകാരി പെൺകുട്ടി തന്നെ ശ്രദ്ധിക്കുന്നതായി മനസ്സിലാക്കി. അത്രയ്ക്കു ഗൗരവമായെടുത്തില്ല അത്‌. എന്തെങ്കിലുമൊന്നു മിണ്ടിപ്പറഞ്ഞതുമില്ല. പിന്നെ ചിലപ്പോഴെല്ലാം കളരിയിൽ വന്നു ഒതുങ്ങി മാറി നിൽക്കും. കുഞ്ചുവിന്റെ ചൊല്ലിയാട്ടം ശ്രദ്ധിച്ചു കൊണ്ട്‌ വല്ലപ്പോഴുമുള്ള നിർദ്ദോഷമായ ഒരു ചെറുചിരിയിൽ ആ പരിചയം വളർന്നുവന്നു.


അതു താനും അറിഞ്ഞിരുന്നില്ലേ?

അറിയില്ല. അത്രയൊന്നും ആഴത്തിൽ അതേക്കുറിച്ച്‌ ഓർത്തില്ല.

ഒരു നാൾ ആ പെൺകുട്ടിയെ കണ്ടപ്പോൾ അവളുടെ മുഖത്ത്‌ വല്ലാത്തൊരു ഭാവമാറ്റം ശ്രദ്ധിച്ചു. എന്താണെന്നൊന്നും ചോദിച്ചില്ല. അത്രത്തോളമുള്ള അടുപ്പവുമുണ്ടായിരുന്നില്ല പുറമേക്ക്‌. എന്നാൽ ഉള്ളിലേക്കുണ്ടായിരുന്നുതാനും. കാരണം ചിലപ്പോഴൊക്കെ ഒന്നു കാണാൻ കൊതിച്ചു എന്നതൊഴികെ മറ്റൊരു തരത്തിലുള്ള പ്രണയഭരിതചിന്തകളും കുഞ്ചുവിന്റെ മനസ്സിലുണ്ടായിട്ടില്ല. എത്രയും വേഗം കഴിവുറ്റ ഒരു കഥകളിനടനായിത്തീരുകയെന്ന ദൃഢലക്ഷ്യത്തിൽ മാത്രം ശ്രദ്ധയൂന്നിയ കാലമായിരുന്നു അത്‌. ആ വസ്തുത ഗുരുവും തിരിച്ചറിഞ്ഞുകഴിഞ്ഞിരുന്നു. പരസ്പരമുള്ള ആ തിരിച്ചറിവിൽ എന്തെന്നില്ലാത്ത ഒരു ശിഷ്യവാത്സല്യം അനുഭവിച്ചറിഞ്ഞ നാളുകൾ. ഗുരുപൂർണ്ണിമയുടെ ധവളപ്രകാശം.!


വീണ്ടും ചില ദിവസങ്ങൾ കഴിഞ്ഞു. അമ്പലത്തിലേക്കുള്ള പാടവരമ്പത്തുവെച്ച്‌ പിന്നെയും ആ പെൺകുട്ടിയെ കണ്ടു. കുറച്ചു ധൈര്യമൊക്കെ സംഭരിച്ച്‌ എന്തെങ്കിലുമൊന്ന്‌ ചോദിക്കാനാഗ്രഹിച്ചു. ഈ പ്രായത്തിലുള്ള ഒരു പെൺകുട്ടിയോട്‌ ആദ്യമായി സംസാരിക്കാൻ പോകുന്ന നിമിഷം. സ്വതവേയുള്ള ലജ്ജ. സങ്കോചം. എന്നാലും ചോദിക്കുക തന്നെ ചെയ്തു.

"എന്തൊക്കെയാണു വർത്തമാനം"?

പ്രണയത്തിന്റേയോ പ്രേമത്തിന്റേയോ തൂവൽസ്പർശമില്ലാത്ത ഒരു വെറും ചോദ്യം

അവളുടെ മറുപടി പെട്ടെന്നായിരുന്നു.

"എന്റെ വർത്തമാനങ്ങളന്വേഷിക്കേണ്ട ചുമതല നിങ്ങൾക്കെന്താണുള്ളത്‌?

"ഒന്നുമില്ലെങ്കിലും ചോദിച്ചുവേന്നേയുള്ളു"

തെല്ലൊന്നന്ധാളിച്ചുകൊണ്ടു പറഞ്ഞു നടന്നു

അവളുടെ ആ ചോദ്യത്തിലൊളിഞ്ഞിരുന്ന ഈർഷ്യ മറ്റൊന്നുകൊണ്ടുമായിരുന്നില്ലേന്ന്‌ മനസ്സിലാക്കാൻ അധികനാൾ കഴിയേണ്ടി വന്നില്ല. കുഞ്ചുവിനോടു അത്യധികമായ പ്രണയവിശ്വാസങ്ങൾ ആ കുട്ടിക്കുണ്ടായിരുന്നുവെങ്കിലും തിരിച്ചങ്ങോട്ട്‌ അതിനനുസരിച്ചുള്ള ഒരു പ്രതികരണമുണ്ടായിരുന്നില്ല. അവളുടെ വീട്ടുകാർ ഭേദപ്പെട്ട തറവാട്ടുകാരും കൃഷിയും ഭൂമിയുമുള്ളവരായിരുന്നു. ചില കളിസ്ഥലത്തുവെച്ചെല്ലാം അവളുടെ അച്ഛനെ കാണാറുന്റേങ്കിലും ഒന്നും പറയുക പതിവില്ല. അതു മാത്രമല്ല ഒരു പേൺകുട്ടിയുമായുള്ള പ്രേമബന്ധത്തെക്കുറിച്ചൊന്നും തന്നെ ഓർക്കുവാൻ തീരെ ശ്രമിച്ചതുമില്ല. അഥവാ അത്തരത്തിലുള്ള എന്തെങ്കിലും തോന്നിയതുമില്ല.


എന്നാൽ ഈ കൂടിക്കാഴ്ച്ചക്കു ശേഷം അവിചാരിതമായി കുഞ്ചുവിന്റെ മനസ്സിലും ചില ഉൾത്തുടിപ്പുകളുണ്ടായി. ആ പെൺകുട്ടിക്കാണെങ്കിൽ കുഞ്ചുവിനോടുള്ള പ്രണയവായ്പ്പ്‌ അഗാധമായിരുന്നു. അതു തെളിയിക്കും വിധമായിരുന്നു പിന്നീടുള്ള നാളുകൾ പുലർന്നത്‌.

ഏതു വിധേനയെങ്കിലും കുഞ്ചുവിനെ അവളുടെ വീട്ടിലേക്കു വരുത്താനായി ശ്രമിച്ചുകൊണ്ടിരുന്നു. അതിനു വേണ്ടി അമ്മയെ നിർബന്ധിച്ചിരുന്നു. സമ്മതം കൊടുക്കുന്ന കാര്യത്തിൽ അമ്മയുടെ മുമ്പിൽ മറ്റു ചില പ്രധാന തടസ്സവാദങ്ങളുണ്ടായിരുന്നു. കാരണം മറ്റൊന്നായിരുന്നില്ല. ആ കാലത്ത്‌ പതിൻആല്‌- പതിനഞ്ച്‌ വയസ്സു തികഞ്ഞാൽ പെൺകുട്ടികളെ വിവാഹം കഴിച്ചയച്ചിരുന്നു. കുഞ്ചുവിനേക്കാൾ ഉയർന്ന നിലയും ധനസ്ഥിതിയുമുള്ള കുടൂംബങ്ങളിൽ നിന്ന്‌ അവൾക്കു മൂന്നോ നാലോ വിവാഹാലോചനകൾ വന്ന സമയം. ഓരോരോ കാരണങ്ങൾ പറഞ്ഞ്‌ അവൾ അതിൽനിന്നെല്ലാം ഒഴിഞ്ഞുമാറി. ആദ്യമാദ്യം എതിർപ്പുകൾ അത്ര കാര്യമാക്കിയില്ലെങ്കിലും പിന്നെ വീട്ടുകാർ അൽപ്പം ദേഷ്യത്തിൽ തന്നെ പെരുമാറിത്തുടങ്ങി. കണ്ടതിനും തൊട്ടതിനുമെല്ലാം ദേഷ്യപ്പെട്ടു. എന്നാൽ എന്തു തന്നെ പറഞ്ഞിട്ടും ഒടുവിൽ ഭീഷണിപ്പെടുത്തുക വരെ ചെയ്തിട്ടും ആ പെൺകുട്ടിയുടെ മനസ്സിന്‌ യാതൊരിളക്കവും സംഭവിച്ചില്ല. ദിവസം ചെല്ലുമ്ന്തോറും മനസ്സും ശരീരവും ക്ഷീണിച്ചു വന്നു.

അവളുടെ ഈ ദുഃസ്ഥിതിയിൽ ദൈവഗത്യാ ഒരാൾക്ക്‌ അനുതാപം തോന്നി കുട്ടിമാമ എന്നു വിളിക്കുന്ന അവളുടെ അമ്മയുടെ സഹോദരൻ. ൻഅല്ലൊരു കൃഷിക്കാരനും നാട്ടിലെല്ലാവർക്കും സമ്മതനുമായിരുന്നു കുട്ടിമാമ. അദ്ദേഹം അവളുടെ അച്ഛനോടും അമ്മയോടും കുടുംബാംഗങ്ങളോടുമായി പറഞ്ഞു.

"ഇക്കാര്യത്തിൽ ഇനിയെന്തായാലും അവളുടെ ഇഷ്ടപ്രകാരം ചെയ്താൽ മതി. ഇതിന്റെ പേരിൽ അവളെയിനി ഒരു തരത്തിലും ഉപദ്രവിക്കരുത്‌"

അതിനുശേഷം ആരും ദേഷ്യപ്പെട്ടില്ല. കുറ്റപ്പെടുത്തിയിട്ടില്ല.

കാര്യങ്ങൾ ഈവിധം തിളച്ചുമറിഞ്ഞു. ഇതിനിടയിൽ വീണ്ടും അമ്മയുടെ സമ്മതത്തിനുവേണ്ടി ഇടതടവില്ലാതെ ശ്രമിച്ചുകൊണ്ടിരുന്നു. നിർബന്ധം കൂടിക്കൂടിവന്നു. അമ്മയ്ക്കു മകളുടെ ആഗ്രഹ്ത്തിനു വഴങ്ങേണ്ടി വന്നു. അവൾ കോട്ടയിലമ്മയ്ക്കു നെയ്പ്പായസം നേർന്നു. (കോട്ടക്കുന്നിലെ അതിപുരാതനമായ ദുർഗ്ഗക്ഷേത്രം)ആഗ്രഹ സാഫല്യത്തിന്റെ പ്രതീകമായിരുന്നു അവിടത്തെ നെയ്പ്പായസം നൈവേദ്യം.

അഭ്യാസമില്ലാത്ത ഏതോ ദിവസം .കൃഷിപ്പണിയുടെ തിരക്കുമില്ല. കളരിയിൽ ഒറ്റയ്ക്കിരുന്നു എന്തോ പകർത്തിയെഴുതുകയായിരുന്നു. അപ്പോൾ കുഞ്ചുവിനെയന്വേഷിച്ചു ഒരു ചങ്ങാതി വന്നു. വാഴേങ്കടക്കാരൻ തന്നെ.

അവളുടെ വീട്ടിലേക്കു കൂട്ടിക്കൊണ്ടുചെല്ലാൻ വേണ്ടി പറഞ്ഞയച്ചു വന്നത്‌. കാര്യമെന്തെന്നന്വേഷിച്ചു. പക്ഷേ അതൊന്നുമറിയില്ല അയാൾക്ക്‌. പെട്ടെന്നെന്തുചെയ്യണമെന്നറിഞ്ഞില്ല. ഒരു നിമിഷം ആലോചിച്ചു.

ഏതായാലും കൂടെ നടന്നു. അവിടെ ചെന്നപ്പോൾ .ആ പെൺകുട്ടിയുടെ കുലീനവും തറവാടിത്തവുമുള്ള സ്വഭാവവിശേഷങ്ങളും സംസാരരീതികളും നേരിട്ടറിഞ്ഞപ്പോൾ അവൾക്കിത്രമാത്രം ഗാഢാനുരാഗം തന്നോടുണ്ടെന്നു ഒരു വിസ്മയം പോലെ മനസ്സിലാക്കൻ കഴിഞ്ഞു. അതുവരെ മനസ്സിലാക്കാൻ കഴിയാതിരുന്നതും.


ഇടയ്ക്കിടയ്ക്കു അവളുടെ വീട്ടിൽ ചെല്ലണം സംസാരിച്ചിരിക്കണം. അതുമാത്രമായിരുന്നു അവളുടെ ആവശ്യം.
അന്ന്‌, ആദ്യമായി ആ പെൺകുട്ടിയോട്‌ അസാധാരണമായ ഒരടുപ്പം ഉടലെടുത്തു. വിവാഹത്തെക്കുറിച്ച്‌ എന്തെങ്കിലും സംശയിക്കുകയോ അവൾ അങ്ങിനെ പറയുകയോ ചെയ്തിട്ടില്ലെങ്കിലും.

പിന്നീട്‌ ചിലപ്പോഴെല്ലാം അവിടെ പോവുക പതിവായി. അവിടെയുള്ളവർക്കും അതിലപ്രിയം തോന്നിയില്ല.


ചൊല്ലിയാട്ടം കാണാൻ ഇടയ്ക്കിടെ അവളും കളരിയിലേക്കു വരാൻ തുടങ്ങി. പിന്നീടതും ഒരു പതിവായിത്തീർന്നുവോ?

അതുമാത്രമല്ല , മിക്ക ദിവസങ്ങളിലും പാലോ, മറ്റെന്തെങ്കിലും ഭക്ഷണമോ കൊടുത്തയയ്ക്കും. അവളുടെ വീട്ടിലല്ലാതെ മറ്റാരും തന്നെ ഇതൊന്നുമറിഞ്ഞില്ല. അതിനൊത്തൊരു കൂട്ടുകാരിയുമുണ്ടായിരുന്നു. അതുമല്ലെങ്കിൽ കുഞ്ചുവിന്റെ കൂട്ടുകാരൻ വഴിക്കും.

വിവാഹം കഴിയുന്നതിനു മുൻപ്‌ മറ്റുള്ളവർ കാൺകെ സംസാരിക്കുന്നതിനും മറ്റും രണ്ടുപേർക്കും ഈഷലുണ്ടായിരുന്നു. എന്തിനു വെറുതേ മറ്റുള്ളവരെക്കൊണ്ടു ഓരോന്നെല്ലാം പറയിപ്പിക്കണം?
ഇടയ്ക്കിടെയുണ്ടായ ഈ കൂടിക്കാഴ്ച്ചയിൽ മറക്കാനാകാത്ത ഒരു സംഭവമുണ്ടായി. അതൊരു മഹാപരാധമായിപ്പോയോ എന്നുപോലും ഒരു നിമിഷനേരത്തേക്കു മനസ്സിലാഞ്ഞുതറച്ചു.

ഒരു ദിവസം ഉച്ച തിരിഞ്ഞു ഗുരുനാഥന്റെ മുറിയുടെ മുൻവശത്തുള്ള പടിയിന്മേൽ വെച്ച്‌ ചെല്ലത്തിൽ മുറുക്കാനുള്ള സാമഗ്രികൾ ശരിയാക്കി വെയ്ക്കുകയായിരുന്നു. അപ്പോൾ അപ്രതീക്ഷിതമായി ആ പെൺകുട്ടി അവിടെ വന്നു. ഉടൻ തന്നെ "ഒരു നല്ല തളിർവ്വെറ്റില എനിക്കും തരൂ" എന്നു പറഞ്ഞു. സംശയിച്ചില്ല. അവൾ പറഞ്ഞതുപോലെയൂള്ള ഒരു വെറ്റിലയെടുത്തുകൊടുത്തു.

പ്രണയത്തിന്റെ പദ്മദളങ്ങൾ വിടർന്ന അവളുടെ മുഖം!

പെട്ടെന്നീ കാഴ്ച്ച കണ്ടുകൊണ്ട്‌ ഗുരുനാഥൻ വന്നുകയറി. ദുർവ്വാസാവിന്റെ മട്ടാകുമോ എന്നു ഭയന്ന്‌ ഉള്ളാകെ പതച്ചു. അവൾ തല താഴ്ത്തി അവളുടെ വീട്ടിലേക്കും കുഞ്ചു ഇതികർത്തവ്യതാമൂഢനായി അവിടെത്തന്നെ നിൽക്കുകയും ചെയ്തു. ഇതെന്തെങ്കിലും കണ്ടുവേന്നോ കേട്ടുവേന്നോ നടിക്കാതെ അദ്ദേഹം മുറിയിൽകയറി. ഒരൊളിമിന്നൽ പോലെ അദ്ദേഹത്തിന്റെ മുഖഭാവമൊന്നു കണ്ടു.
ഇല്ല;

ആ മുഖത്ത്‌ കോപത്തിന്റേതായ യാതൊരാളിക്കത്തലുമില്ല. തികഞ്ഞ ശാന്തം.

ഗുരുകൃപ എന്നല്ലാതെ എന്തു പറയാൻ?