ആരാന്റെ മുററത്തെ പൊന്നോണം

ബ്രിജി 



ഏകദേശം പത്തു ഓണങ്ങള്‍ കഴിഞ്ഞിട്ടാണ് നേരില്‍ കാണുന്നതെങ്കിലും എന്നും കാണുന്ന മട്ടിലാണ് അച്ഛന്റെ പെരുമാററം. ഒരു വാക്കുകൊണ്ടോ, നോട്ടം കൊണ്ടോ പത്തു കൊല്ലത്തെ വിടവിന്റെ ആഴത്തിലേക്ക് അറിയാതെപോലും വരാതിരിക്കാന്‍ അച്ഛന്‍ ശ്രമിക്കുന്നുണ്ട്. 
എന്റെ മക്കളെ ചേര്‍ത്തു പിടിച്ചുകൊണ്ട് അമ്മ ചോദിച്ചു.
മക്കള്‍ക്ക് ഈ അച്ഛമ്മയെ അറിയാമോ?
രണ്ടാനമ്മയെ “അമ്മയെന്ന് വിളിക്കാന്‍ കൂട്ടാക്കാത്തതിന് കിട്ടിയ അടിയുടെ തിണപ്പ് ഉള്ളം തുടയിലെവിടെയോ വേദനിച്ചു.
നിനക്ക് വഴിതെററുമോ എന്നായിരുന്നു.
ജനിച്ചു വളര്‍ന്ന സ്വന്തം തറവാട്ടിലേക്കുള്ള വഴി.!
നിറയെ ശംഖുപുഷ്പങ്ങള്‍ പൂത്തുലഞ്ഞു കിടക്കുന്ന വലിയ മതില്‍ കെട്ടിനകത്തെ ഞൌണിക്കപ്ളാവും, തേന്‍ മാവുകളും, നീലാകാശത്തിന് കുത്തുകൊടുത്ത കവുങ്ങുകളും തെങ്ങുകളും, ഇത്തിരി പ്പാടവും കോളു നിലവും, വരമ്പത്തെ പൊത്തുകളില്‍ കീഴ്ത്താടി വിറപ്പിച്ച് കരയുന്ന തവളകളും ഒക്കെ വിഴുങ്ങിയ ഈ പത്തുനില കെട്ടിടം  പുതിയ കാഴ്ച്ചയാണ്. മാന്ത്രിക ശക്തിയുള്ള ഏതോ അദൃശ്യ ഹസ്തങ്ങള്‍ മാച്ചെഴുതിയ ഒരു ചിത്രം.
തറവാട് ഇളയ മകനാണെന്ന് പറഞ്ഞപ്പോള്‍, ഇത് തന്റെ അമ്മയുടേതല്ലെ എന്നു ചോദിച്ചത് ധിക്കാരമായി. തന്നിഷ്ടത്തിന് കല്യാണം കഴിച്ചു എന്ന കുററം കൂടെയായപ്പോള്‍ പുറത്താക്കി പടിയടച്ച്... അച്ഛന്‍ അലറി. പോയ്ക്കോ. ഇനി ഒരവകാശവും പറഞ്ഞ് ഈ പടി ചവിട്ടരുത്. 
ഒരോണത്തിന്റയന്ന്.!
പിന്നീട് അമേരിക്കയിലിരുന്ന് മലയാളം കലണ്ടറിലെ ഓണത്തീയതികളില്‍ പലതിലും കുട്ടികളോട് പറഞ്ഞു അടുത്ത ഓണത്തിന് നമുക്ക് തറവാട്ടിലേക്ക് പോകാം.
പക്ഷേ, അനിയന്‍ തറവാട് ഫ്ളാററ് പണിയുന്ന ബില്‍ഡേഴ്സിന് വിററു എന്ന് കേട്ടപ്പോള്‍ ശത്രുതയായി. എന്നിട്ടും ഒരു ബൈക്കപകടത്തില്‍ അവന്‍ മറിച്ചതറിഞ്ഞ് മനസ്സ് കുതിച്ചു. പക്ഷേ മരണ വാര്‍ത്ത പോലും തന്നെ അറിയിക്കാന്‍ തോന്നിയില്ലല്ലോ എന്ന ചിന്ത പിന്നോക്കം പിടിച്ചു. 
ഫ്ളാററിന്റെ വിശാലമായ മുററത്തു നിന്ന് ഗോപി ചുററും നോക്കി. ഈര്‍ക്കിലിച്ചൂലിന്റെ കോറലുകളില്‍ വീണുകിടക്കുന്ന ഒണങ്ങിയ മാവിലകള്‍ ഞെരിച്ചുകൊണ്ടോടിക്കളിച്ച കാല്‍പ്പാദങ്ങള്‍ ഒരടി മുന്നോട്ടു വെക്കാന്‍ കൂട്ടാക്കിയില്ല. 
നീയെന്താ നിന്നു കളഞ്ഞത്. വാ...
കുട്ടികള്‍ മുത്തച്ഛനോടൊപ്പം ലിഫ്ററിലേക്കോടി. അമ്മ തിരിഞ്ഞു നിന്ന് വിളിച്ചു പറഞ്ഞു.
സെവന്‍ത്ത് ഫ്ളോര്‍...
ഈശ്വരാ.!
വൃത്തിയായി കല്ലുപാകിയ കാര്‍പ്പാര്‍ക്കിങ്ങിലെ നിലത്ത് ചിതറിയ കുറെ പൂക്കളങ്ങള്‍. കാറുകളുടെ ചക്രങ്ങള്‍ കയറി ഇറങ്ങിപ്പോകുമ്പോള്‍ പൂവിതളുകള്‍ കുറച്ചുദൂരം പിന്നാലേ ചിറകടിച്ചെത്തി പരിഭവം പറയുന്നു.
ഇന്നലെയായിരുന്നു ഇവിടുത്തെ ഓണാഘോഷം പൂക്കളങ്ങളും മററും കേമായിരുന്നു. 
സെക്യൂരിററി അടുത്തുവന്നു.
തമ്പ്രാന്‍കുട്ടിക്ക് എന്നെ മനസിലായോ. പേങ്ങനാണ്.
ഗോപി അയാളെ വിസ്മയത്തോടെ നോക്കി.
പാന്‍ും ഷര്‍ട്ടും, തൊപ്പിയുമൊക്കെയായി കോമാളിയെപ്പോലെ ചിരിക്കുന്ന വയസ്സന്‍. ജോലികഴിഞ്ഞുവന്ന് അടുക്കളപ്പുറത്തിരുന്ന് കുന്നുപോലെ വിളമ്പിയ ചോറുണ്ണുന്ന മല്ലന്‍ ചെറുമന്‍ പേങ്ങനാണെന്ന്.!
ഫ്ളാററിനു ഭൂമികൊടുത്ത അച്ഛന്റെ ദയവിലായിരിക്കും പേങ്ങന്റെ സെക്യൂരിററി ജോലി.!
ഏഴാം നിലയിലെ ഫ്ളാററിലെത്തിയപ്പോള്‍ മുത്തച്ഛനും മക്കളും ടിവിയുടെ മുന്‍പിലാണ്.ഫ്ളാററുകളില്‍ കായവറുത്തതും മററു പലഹാരങ്ങളും ഒക്കെ നിരന്നു നില്‍ക്കുന്നു. പുതിയ വീടിനകത്ത് കാഞ്ഞ എണ്ണയുടെയും ശര്‍ക്കരയുടെയും മണമൊന്നുമില്ല. ഓണത്തിനും ഉത്സവങ്ങള്‍ക്കും കാഞ്ഞ എണ്ണയുടെയും കര്‍ക്കരയുടെയും മത്തുപിടിപ്പിക്കുന്ന ഗന്ധം വീടുമുഴുവന്‍ നിറഞ്ഞു നില്‍ക്കും. ഡയനിങ്ങ് ടേബിളില്‍ നിരത്തിയ പ്ളാസ്ററിക്ക് ഇലകളുടെ കൃത്രിമമായ പച്ച നിറം. വാഴയിലയുടെ വികലമായ ഒരനുകരണം. 
സദ്യയുടെ എല്ലാ വിഭവ ങ്ങളും ഉണ്ട്.
എല്ലാം നമ്പൂതിരീസിന്നാണ് നല്ല രുചിയില്ലെ..?
ഊണു കഴിഞ്ഞ് കുട്ടികളും അച്ഛനും വീണ്ടും ടിവിയുടെ മുന്നിലേക്ക് നീങ്ങിയപ്പോള്‍ അമ്മ അടുത്തുവന്നിരുന്നു.   
സന്തോഷം അഭിനയിക്യാണച്ഛന്‍.! അമ്മനെടുവീര്‍പ്പിട്ടു. ഉള്ളില് നല്ല വിഷമംണ്ട്. തറവാടും പറമ്പും കൊടുത്തിട്ട് ആകെ കിട്ടിയത് ഈ ഒരു ഫ്ളാററാണ്. ബാക്കിക്കിട്ടിയ പണം കുട്ടന്‍ എന്തുചെയ്താവോ? അതോ അവനെ അവര് പററിച്ചോ. ആകെയുണ്ടായിരുന്നതായിരുന്നു അവന്‍... നിനക്ക്... ഞങ്ങളോടൊക്കെ...
കരയണ്ട. എല്ലാം ദൈവനിശ്ചയം. ഞാനൊന്നും മനസില്‍ വച്ചിട്ടില്ല.
ഇപ്പോ... “ മെയിന്‍ന്ടനന്‍സ്  ‘എന്നും പറഞ്ഞ് വാടകപോലെ ഒരു തുക കെട്ടും വേണം.
പണത്തിന്റെ കാര്യത്തില്‍ വിഷമിക്കണ്ട. ഞാനയച്ചുതരാം.
അമ്മ ഒരു പൊതി എടുത്തുകൊണ്ടുവന്നു. ഇത്... നിന്റെ ഭാര്യയ്ക്ക് കൊടുക്കാന്‍ അച്ഛന്‍ തന്നെ വാങ്ങിക്കൊണ്ടുവന്നതാണ്. അവളേയും കൂട്ടി വരുമെന്നായിരുന്നു പ്രതീക്ഷ.
പെട്ടന്ന് നനഞ്ഞ കണ്ണുകള്‍ മറയ്ക്കാനായി ഗോപി ബാല്‍ക്കണിയിലേക്ക് കടന്നു.
ഏതു ഭാഗത്തേക്കു നോക്കിയാലാണ് തന്റെ ഉററസുഹൃത്തായിരുന്ന ശേഖരന്റെ തറവാട് കാണുക. 
അതു വടക്കു ഭാഗത്തല്ലേ?. അവന്‍ വല്യ ആളായില്ലെ. വീടു പല ഭാഗങ്ങളായിത്തിരിച്ച് ടൂറിസ്ററുകള്‍ക്ക് ദിവസ വാടകയ്ക്ക് കൊടുക്കുകയാണ്. അവന്‍ മാത്രമല്ല. കായലിലേക്ക് മുഖം തിരിഞ്ഞ മിക്ക വീടുകളും അങ്ങനെത്തന്നെ.
ഞാനൊന്ന് ഇറങ്ങിയിട്ടു വരാം മക്കളു വരുന്നോ.
അവര്‍ ടിവി കണ്ട് ആര്‍ത്തു ചിരിക്കുകയാണ്.
സ്ഥലകാലമറിയാതെ വന്നു പെട്ട മാവേലിക്കു പററുന്ന അബദ്ധങ്ങളും, പോലീസ് പിടിച്ച് തല്ലുന്നതും മററുമാണ് വിഷയം.!
ഓണത്തിന്റെ ഐതിഹ്യമൊക്കെ പറഞ്ഞു കൊടുക്കാന്‍ ശ്രമിക്കുമ്പോഴേക്കും കുട്ടികള്‍ പറയും ഐ.. നോ.
ശേഖരന്റെ തറവാട്ടിലേക്കുള്ള നടവരമ്പ് റോഡാക്കിയിട്ടുണ്ട്. വീട് വലിയൊരു ബംഗ്ളാവിന്റെപോലെ കെട്ടിലും മട്ടിലും മോടിപിടിപ്പിച്ചിരിക്കുന്നു.
ശേഖരന് ഗോപിയെകണ്ടതില്‍ അതിയായ സന്തോഷമുണ്ടെങ്കിലും ഒന്ന് നില്‍ക്കാന്‍ തന്നെ സമയമില്ല. 
സോറി ടാ... ഗോപീ. സീസണായതുകൊണ്ടാണ്
അച്ഛന്‍.?.. ഉഗ്രപ്രതാപിയായിരുന്ന മേനോന്‍ 
അച്ഛന്‍... മാര്‍ക്കറ്റില്‍ പോയിരിക്കുകയാണ് ഇന്ന് കഷ്ടകാലത്തിന് ഓണമായതുകൊണ്ട് മീനൊക്കെ നേരത്തെ തീര്‍ന്നു. ഇവറ്റകള്‍ക്കാണെങ്കില്‍ കള്ളും മീനും തന്നെ വേണം. 
ശേഖരനെ ആരോ വിളിച്ചു, ഓടുമ്പോള്‍ അവന്‍ വിളിച്ചു പറഞ്ഞു
എടാ... നീ കുറച്ചു ദിവസം ഉണ്ടാവില്ലേ
ഗോപി ഒന്നും മിണ്ടാതെ തിരിഞ്ഞു നടന്നു.
ഓണപരീക്ഷ കഴിഞ്ഞ് സ്ക്കൂള്‍ പൂട്ടിയാല്‍ പിന്നെ വീട്ടില്‍ കയറുന്നത് രാത്രിയായിരിക്കും. എല്ലാ വീടുകളിലേയും പൂക്കളങ്ങള്‍ കാണാനോ, ഇട്ടത് വികലമാക്കാനോ ഒക്കെ ഓടിപാഞ്ഞു നടന്നിരുന്ന കാലം പൊക്കന്റെ മുറ്റത്ത് പൂക്കളം ഇട്ടിരുന്ന കുഞ്ഞിപ്പെണ്ണ് ഒരിക്കല്‍ വിരട്ടി ശേഖരനെതമ്പ്രാന്‍ കുട്ടീടെ കണ്ണു കോഴിക്കൂട്ടിലാ..ട്ടോ.. നല്ല മൊളകരച്ചതൊണ്ട്. 
മാതോപ്പിലെ ഊഞ്ഞാലുകളുടെ അവകാകത്തിനുള്ള മത്സരം പെണ്‍കുട്ടികളെ ആട്ടികൊടുക്കാനുള്ള ആവേശം 
ദേവകി, തന്നെ മാത്രമേ അനുവദിച്ചിരുന്നുള്ളൂ. ഒരിക്കല്‍ തന്റെ ഊഞ്ഞാല്‍ അവള്‍ തള്ളിതരാനൊരുങ്ങി ഊഞ്ഞാല്‍ ആയുമ്പോള്‍ അകന്നു പോകുന്ന ദേവകി!
വീണ്ടും ആടി വന്നപ്പോള്‍ മാറാതെ  നിന്ന അവളുടെ നെഞ്ചിലാണ് തന്റെ നീട്ടിയ കാലുകള്‍ കൊണ്ടത്.
പെട്ടന്നവള്‍ കുനിഞ്ഞിരുന്നുപോയി. വേദനിച്ചോ എന്നു ചോദിച്ചപ്പോള്‍ ഉയര്‍ത്തിയ ആ മുഖത്തെ ചുവപ്പു രാശി മറക്കാന്‍ കഴിയില്ല.! അവളിപ്പോള്‍ എവിടെയാണാവോ.?
ഗോപി നടന്ന് റോഡില്‍ കയറി. വഴിവക്കിലുയര്‍ത്തിയ സ്റ്റാളുകളില്‍ നിന്നും കച്ചവടക്കാര്‍ മത്സരിച്ച് വില്‍ക്കുന്നു. ഈ കച്ചവടത്തിനിടയില്‍ ഓണം പടിയിറങ്ങിപോയതറിഞ്ഞിട്ടില്ല ആരും.
നെടുമ്പാശ്ശേരിയില്‍ നിന്നും പറന്നുയര്‍ന്ന വിമാനത്തില്‍ നിന്നും ഗോപി നെടുവീര്‍പ്പിട്ടു. ആരാന്റെ മുറ്റത്താണെങ്ങിലും ഒരു പൂക്കളമിടാന്‍ മനസ്സിലൊത്തിരി പൂക്കള്‍ സൂക്ഷിച്ചിട്ടുണ്ട്. ജനലില്‍ കൂടി താഴേക്ക് നോക്കിയിരുന്ന മോന്‍ ചോദിച്ചു.
ഇതാണോ അച്ഛാ.. പാതാളം..
ഹേ.. യ് അല്ല. ഗോപി ചിരിച്ചു. 
എന്നാലും.. ഇങ്ങനെ ദൂരെ നിന്നു നോക്കുമ്പോള്‍ കേരളം സുന്ദരി തന്നെ!