എഡിറ്റോറിയല്‍ -പൊരുതിനിന്ന അഭിനയവിസ്മയം





തിലകന്‍ 

                                 

ഇന്ത്യൻ സിനിമയിലെ അതികായനായിരുന്ന സാക്ഷാൽ അശോക് കുമാര്‍ വർഷങ്ങൾക്കു മുമ്പ്‌ ബോംബെ യിലെ ഒരു സമ്മേളനത്തിൽ വെച്ച്‌ തിലകനോട് നേരിട്ട്‌ പറഞ്ഞു,“താങ്കൾ ഒരു നാട്യ വിസ്മയമാണ്‌ - ആക്റ്റിംഗ് വണ്ടർ”.

അരങ്ങിലും അഭ്രപാളിയിലും ഒരു പോലെ തിളങ്ങിയ അഭിനേതാക്കൾ വിരളം. അഭിനയകലയുടെ മർമ്മം കണ്ടറിഞ്ഞവർക്കല്ലാതെ രംഗാഭിനയത്തിലും സിനിമാഭിനയത്തിലും വിളങ്ങാനാവില്ല. ജീവനുള്ള മനുഷ്യൻ ജീവനുള്ള മനുഷ്യരുടെ മുമ്പിൽ നടിക്കുന്നതാണ്‌ നാടകം. ഓരോ  പ്രേക്ഷകനും ഇരിക്കുന്നത്‌ വ്യത്യസ്തമായ അകലത്തിലും, കോണുകളിലുമാണ്‌ മുഖത്തെ പേശീചലന ങ്ങളേ ക്കാൾ വികാരങ്ങൾ ഫലിപ്പിക്കുവാൻ ശരീരചലനങ്ങളും ശബ്ദവും ചലച്ചിത്രത്തേക്കാൾ കൂടുതൽ തീവ്രമായി ഉപയോഗിക്കേണ്ടതായി വരും. സിനിമാഭിനയത്തിൽ .ക്ളോസപ്പിന്‌ സാദ്ധ്യത കൂടുന്നതു കൊണ്ട്‌ ഭാവമിതത്വവും ഏറിയിരിക്കും. അരങ്ങ്‌ സജീവമാകുന്നത്‌ പശ്ച്ചാത്തല ദൃശ്യങ്ങ ളിലോ, സംഗീതത്തിലോ, ദീപവിതാനത്തിലോ ആടയാഭരണങ്ങളിലോ അല്ല, അഭിനയ മികവിലാണ്‌ സിനിമയേക്കാൾ നാട്യ പ്രധാനമാണ്‌ നാടകം,അഥവാ നാടകത്തിന്റെ ജീവനും ചൈതന്യവും അഭിനയമാണ്‌.സിനിമ ഇതിൽ നിന്ന്‌ വ്യത്യസ്തവും.



നടന്റെ മാധ്യമം ശരീരമാണ്‌. കഥാപാത്രങ്ങൾക്ക്‌ സ്വന്തമായ ശബ്ദവും ശരീരവും,
 ചലനവും നല്കുന്നുണ്ടെങ്കിൽ ആ നടന്റെ സ്വത്വത്തിൽ
നിന്ന്‌ വേർപെടുത്തുന്നുണ്ട്‌ അഭിനയിക്കുമ്പോൾ സ്വന്തം വ്യക്തിത്വവും കഥാപാത്രസ്വഭാവവും ഏതനുപാതത്തിൽ ലയിപ്പിക്കണമെന്നത്‌
നടന്റെ സർഗ്ഗാത്മകതയിൽ നിന്നാണ്‌ രൂപപ്പെടുന്നത്‌.
അതാണ്‌ അഭിനയത്തിന്റെ രസതന്ത്രം.പി.ജെ.ആന്റണി എന്ന മലയാളം കണ്ട അനുപമനായ നാടകപ്രതിഭയോടൊപ്പമാണ്‌ തിലകന്റെ അഭിനയബാല്യംവളരുന്നത്‌.

തിലകന്റെ നോട്ടങ്ങളിൽ തീ പാറുന്ന തീക്ഷ്ണതയും, 
കത്തിപ്പെരുകുന്ന രൂക്ഷതയും, നിസ്സഹായമായ ദയനീയതയും, കരുണതുളുമ്പുന്ന ആർദ്രതയും കൃത്യമായും സൂക്ഷ്മമായും വേർപ്പെടുത്തിയെടുക്കാം.
 പരിഹാസം, സമ്മതം,വിസമ്മതം,ചില ഇരുത്തലുകൾ...
എന്നിങ്ങനെ മൂളലുകളിലെ ദൈർഘ്യങ്ങൾക്ക് വ്യതിയാനങ്ങൾ വരുത്തുമ്പോൾ ഒലിച്ചിറങ്ങുന്ന അർത്ഥവ്യന്യാസങ്ങൾ ...
തലകുലുക്കത്തിലെ ഭാവരസങ്ങൾ...
അനായാസവും അകൃത്രിമവുമായ ശരീരചലനങ്ങൾ ...
സംഭാഷണങ്ങളിൽ ഒളിഞ്ഞിരിക്കുന്ന ധ്വനികളെ  പുറത്തുകൊണ്ടുവരാൻ വേണ്ടി ചില പദങ്ങളെ ഊന്നൽ നല്കുക, പെറുക്കിയെടുത്തവതരിപ്പിക്കുക...
ശരീരാവയവങ്ങളുടെ ചലനങ്ങളിൽ തിലകനിൽ മാത്രം കാണാൻ കഴിയുന്ന ചടുലതകളും, സാന്ദ്രതകളും, സൂക്ഷ്മതകളും..... 

അമ്പതുകളുടെ മദ്ധ്യം മുതൽ എൺപതുകളുടെ മദ്ധ്യം വരെകാൽനൂറ്റാണ്ടിലേറെക്കാലംതിലകൻ സ്റ്റേജ്   നിറഞ്ഞാടുകയായിരുന്നു, അരങ്ങ്‌ അടക്കി ഭരിക്കുകയായിരുന്നു, അനിഷേധ്യനായി..... ഓ.മാധവൻ, കാമ്പിശ്ശേരി, എൻ.എൻ.പിള്ള, ടി.കെ.ജോൺ, പ്രേംജി, വിക്രമൻ നായർ, വില്യം ഡിക്രൂസ്, ഡി.ഫിലിപ്പ്, പ്രേമചന്ദ്രൻ  എന്നീ പ്രഗല്ഭ നടന്മാർക്കൊപ്പം തലയുയർത്തിത്തന്നെ തിലകൻ നടനായി വിളങ്ങി. 
 തിക്കുറിശ്ശി ,കൊട്ടാരക്കര,ഗോവിന്ദന്‍ കുട്ടി,കെ.പി. ഉമ്മർ,ജോസ്പ്രകാശ്,ബാലൻ കെ.നായർ,കൊടിയേറ്റം ഗോപി,നെടുമുടി വേണു,മുരളി, രാജൻ.പി.ദേവ്....നാടകത്തിൽ നിന്ന്‌ സിനിമയിലേക്ക് കളം മാറ്റി ചവുട്ടിയ നിരവധി പ്രതിഭാസമ്പന്നരായ നടന്മാർ നമുക്കുണ്ട്‌. തിലകൻ സിനിമയിലെത്തിയപ്പോൾ സിനിമയും സമ്പന്നമായി.
ഭാവരാഗതാളങ്ങളുടെ അധിപൻ ആണ്‌ നടൻ. അഥവാ ഭരതത്വം ഉള്ളവൻ ഭരതൻ. തിലകൻ ഭരതനായിരുന്നു. “ഭ” സത്വരജസ്തമോഗുണങ്ങളേയും,“ര” രാഗം അഥവാ ശബ്ദത്തേയും ,“ത” താളം അഥവാ ചലനത്തേയും പ്രതിനിധീകരിക്കുന്നു.

ജ്ഞാനിയായ തച്ചുശാസ്ത്രവിശാരദനായ ശില്പ്പി സാത്വികനായിരുന്നെങ്കിലും അനുരാഗവും, നിസ്സഹായതയും, വീര്യവും വിധേയത്വവും ഇടിമിന്നൽ പോലെ വൈവിദ്ധ്യമാർന്ന ഭാവങ്ങൾ മിന്നി മാഞ്ഞപ്പോൾ ,പെരുന്തച്ചനെ അവതരിപ്പിച്ച തിലകൻ അഭിനയകലയിലെ പെരുന്തച്ചനായി. 
എസ് .എല്‍.പുരത്തിന്റെ "കാട്ടുകുതിര"രംഗവിജയം നേടിയതില്‍  രാജന്‍ പി.ദേവ്  എന്ന  നടന്റെ പ്രാഗത്ഭ്യം കൂടി കണക്കില്‍ കൊള്ളി ച്ചിട്ടുണ്ട്. കേരള സംസ്ഥാന നാടക മത്സരത്തില്‍ രാജന്‍ പി.ദേവ്  ഏറ്റവും നല്ല നടനായി തിരഞ്ഞെടുക്കപ്പെട്ടത് 'കാട്ടുകുതിര'യിലെ കൊച്ചുബാവയെ അവതരിപ്പിച്ചു കൊണ്ടാണ് .അത് സിനിമയാക്കുമ്പോള്‍  സിനിമയിലും ആ റോള്‍ കിട്ടണമെന്ന് രാജന്‍.പി.ദേവ്  ഏറെ കൊതിച്ചതാണെങ്കിലും വിധിച്ചത് തിലകനായിരുന്നു.ആലപ്പുഴയുടെ ഗ്രാമ്യശൈലിയില്‍വലിച്ചും,നീട്ടിയും ,കുറുക്കിയും ഹാസ്യവും,പരിഹാസ്യവും അതിര്‍ വരമ്പുകളിടാതെ ഒഴുകിയപ്പോള്‍ നിരക്ഷരനും പ്രതികാരദാഹിയുമായ കള്ളു മുതലാളിയായ കൊച്ചുബാവ എന്നാ കഥാപാത്രം തിലകന്റെ വേഷപ്പകര്‍ച്ചയില്‍  വിസ്മയകരമായിരുന്നു. 



അഭിനേതാവിന്റെ മുഖം അതീവ സുന്ദരമാകണമെന്ന പൊതുധാരണയെ പി.ജെ.ആന്റണി, കൊടി യേറ്റം  ഗോപി എന്നിവർ സർഗ്ഗാത്മകപ്രതിഭ കൊണ്ട്‌ തകർത്തതാണ്‌. മലയാളിയുടെ സൌന്ദര്യ മാതൃകകളിൽ, വാർപ്പുരൂപങ്ങളിൽ തിലകന്റെ മുഖം ഉൾപ്പെടുത്താനാകില്ല. എന്നാൽ അനുനിമിഷം, അനായാസം നവരസങ്ങളും അലകടൽ പോലെ നൃത്തം ചെയ്യുമ്പോൾ , തിലകം ചാർത്തിയ ചന്ദ്രബിംബം പോലെ ആ മുഖം കാണാനാരും കൊതിച്ചുപോകുന്നു. 

"രാഗ"മെന്നത്‌ ശബ്ദം. വിചാരവികാരനുസൃതമായി ശബ്ദം ക്രമീകരിക്കപ്പെടുന്നു. മൂളലും,മുരളലും,കൂർക്കംവലിയും അട്ടഹാസവും, പൊട്ടിച്ചിരിയും, സംഭാഷണവും എല്ലാം ആരോഹണാവരോഹണങ്ങളിലൂടെ കഥാപാത്രസൃഷ്ടിയിൽ നടൻ അലിയിച്ചുചേർക്കുന്നു. അയത്നലളിതമായ ക്രമീകരണങ്ങളിലൂടെ മലയാളിയുടെ ഹൃദയം കവർന്ന നടനാണ്‌ തിലകൻ. തിലകനെപ്പോലെ ഒരാൾ മാത്രം, അതു തിലകൻ തന്നെ. 
ഭരതത്തിലെ‘ത’ താളം അഥവാ ചലനം .കയ്യിൽ പോലീസിന്റെ ലാത്തിയായാലും ,ആശാരിയുടെ ഉളിയായാലും ,അദ്ധ്യാപകന്റെ ചൂരലായാലും,റൌഡിയുടെ പിച്ചാത്തിയോ, തോക്കോ,ആയാലും സ്വാഭാവികമായ ചലനവൈദഗ്ദ്ധ്യം കൊണ്ട്‌ അഭിനയത്തിലെ
മാന്ത്രികനായി മാറുവാൻ തിലകനു കഴിഞ്ഞു.
അമ്പതുകളി ൽ കൊല്ലം എസ്.എന്‍ കോളേജിൽ ബി.എ.ക്കു പഠിച്ച തിലകന്‌ ഇന്ത്യയിലെ ഏത്‌ ഉന്നത ഉദ്യോഗങ്ങളിലേക്കും ചവുട്ടിക്കയറാമായിരുന്നു. എന്നാൽ തിലകന്റെ
കാലുകൾ ചലിച്ചത്‌ കമ്മ്യൂണിസത്തിലേക്കായിരുന്നു. തീക്ഷ്ണയാതനകളിലേക്കും
സഹനങ്ങളിലേക്കുമായിരുന്നു. അക്കാലത്ത്‌ മദ്ധ്യതിരുവിതാംകൂറിൽ നാടകത്തെ പ്രണയിക്കാത്ത കമ്മ്യൂണിസ്റ്റുകാരില്ല. തിലകനും പാർട്ടിക്കുവേണ്ടി പാടി,അഭിനയിച്ചു,നാടകങ്ങൾ സംഘടിപ്പിച്ചു.
 ഊണും ഉറക്കവുമുപേക്ഷിച്ച്‌ നടന്നു....സംഘര്‍ഷഭരിതമായ ജീവിതം...ഇല്ലായ്മകൾ,സംഘട്ടനങ്ങൾ, യാഥാർത്ഥ്യങ്ങളുടെമുഖം പലപ്പോഴും ക്രൂരമായിരുന്നു. വീട്ടിലും പുറത്തും എതിർപ്പുകൾ.പരുഷമായ പെരുമാറ്റങ്ങൾ...ഉള്ളിൽ ചുവപ്പണെങ്കിലും അത്‌ സുന്ദരവും ദീപ്തവുമായിരുന്നെങ്കിലും പുറമേക്ക് പൊരുതുമ്പോൾ പരുക്കനായ മനുഷ്യനായി മുദ്രകുത്തപ്പെട്ട  കലാകാരൻ.

സംഗീതവിഭാഗംകൈകാര്യം ചെയ്തിരുന്ന കലാകാരന്മാർ പ്രൊഫഷണൽ നാടകത്തെ അസഹനീയമായി ബുദ്ധിമുട്ടിച്ചപ്പോൾ ,പശ്ച്ചാത്തലസംഗീതം സ്റ്റുഡിയോവിൽ റെക്കോർഡ്ചെയ്ത്‌ ഫുൾസെറ്റിലൂടെ രംഗത്തവതരിപ്പിച്ച്‌ ,സ്റ്റേജിന്റെ വശത്തിരുന്ന സംഗീതവിഭാഗക്കാരെ ഒഴിവാക്കാൻ ധൈര്യം കാണിച്ച സംവിധായകനാണ്‌ തിലകൻ. അതോടെ അവതരണച്ചിലവ്‌ കൂറയ്ക്കാൻ കഴിഞ്ഞു. ക്രമേണ എൺപതുകളിലും തൊണ്ണൂ​‍ൂറുകളിലും കേരളത്തിന്റെ വേദികളിൽ നാടകം ജനകീയമാകുകയും ചെയ്തു. അതിന്റെ കാരണക്കാരൻ തിലകനാണെന്നത്‌ നാടകലോകത്ത്‌ മാത്രം അറിയപ്പെടുന്ന വസ്തുതയാണ്‌. പശ്ച്ചാത്തലസംഗീതക്കാർ അക്കാലത്ത്‌ കാണിച്ചിരുന്ന മുഷ്ക്കിനു മുമ്പിൽ മുട്ടു മടക്കാതെ നിന്ന്‌ പൊരുതിയ കലാകാരനായിരുന്നു തിലകൻ.




ആരേയും കൂസാത്ത ഈ സ്വഭാവം സിനിമയിലും കുറേ ശത്രുക്കളെ ഉണ്ടാക്കി. അവിടെ കുറെ തമ്പുരാക്കന്മാരുടേയും, താപ്പാനകളുടേയും പിടിയിലമർന്ന സമൂഹത്തെയാണ്‌ തിലകൻ എന്ന വിപ്ളവകാരിയായ കലാകാരന്‌ നേരിടേണ്ടിവന്നത്‌. ചെറിയൊരു കൂട്ടം കുത്തകതാരങ്ങൾ സിനിമ-വ്യവസായത്തെ അമിതമായി നിയന്ത്രിച്ച്‌ നിർത്തുന്നത്‌ കണ്ട്` സഹിച്ച്‌ നില്ക്കാതെ അദ്ദേഹം പൊട്ടിത്തെറിച്ചു. സുകുമാർ അഴീക്കോട്‌ എന്ന ഒരു സാംസ്ക്കാരികനായകനും ഏതാനും സുഹൃത്തുക്കളും  മാത്രമാണ്‌ തിലകനൊപ്പം നില്ക്കാൻ സാംസ്ക്കാരികകേരളത്തിലുണ്ടായത്‌ എന്ന്‌ ചിന്തിക്കുമ്പോൾ മലയാളിയുടെ കാപട്യത്തിന്റെ വിശ്വരൂപം തെളിഞ്ഞുവരും. താരരാജാക്കന്മാരുടെ  അധികാരവലയത്തിന്റെ അദൃശ്യ ശക്തി...തിലകന്‌ പടം കൊടുത്തില്ല,തൊഴിൽ നിഷേധിച്ചു. തിലകൻ പൊരുതി. ആ അഭിനയത്തികവിനെ പുറത്തിരുത്താൻ അധികം നാൾ അവർക്കായില്ല. “അമ്മയ്ക്കും”മക്കൾക്കും ആ പ്രതിഭയുടെ മുമ്പിൽ നമസ്ക്കരിക്കേണ്ടിവന്നു.

തിലകന്റെ മരണത്തോടെ മലയാളിക്ക്‌ നഷ്ടപ്പെടുന്നത്‌ മഹാനായ ഒരു നടൻ മാത്രമല്ല അധീശശക്തികള്‍ക്ക് മുന്നിൽ മുട്ടു വളക്കാൻ തയ്യാറില്ലാത്ത ധീരനും വിപ്ളവകാരിയുമായ ഒരു കലാകാരനേയാണ്‌. ആ മഹാനായ കലാകാരന്റെ വിസ്മയകരമായ സ്മരണക്കു മുമ്പിൽ ഒരായിരം പുഷ്പ്പങ്ങൾ അർപ്പിക്കട്ടെ. ഒപ്പം ആ തിരുനെറ്റിയിലൊരു ചുവപ്പ്‌ തിലകക്കുറിയും........!

മാനേജിംഗ് എഡിറ്റർ