മറുനാടൻ മലയാളിയുടെ രാഷ്ട്രീയം



തിരഞ്ഞെടുപ്പിന്റെ മിനിയാന്ന്,ഒരു സുപ്രഭാതത്തിൽ മുമ്പെങ്ങും കാണാത്ത മലയാളിപ്രേമത്തിന്റെ കള്ളപുഞ്ചിരിയുമായി സമീപിക്കുന്ന പച്ചക്കാമുകന്മാരുടെ പഞ്ചാരപ്പുഞ്ചിരിയിൽ മയങ്ങാനൊന്നും മലയാളനാട്ടിൽ നിന്നും വരുന്ന ഒരാളെയും കിട്ടില്ല.മലയാളി മാത്രമല്ല,തീർച്ചയായും ഏതൊരു പൌരനും സംഘടിക്കണം,രാഷ്ട്രീയസാക്ഷരരാവണം. രാഷ്ട്രഗതി നിർണ്ണയത്തിനാവശ്യമായ അറിവും,അവബോധവും സാധാരണക്കാരൻ ആർജ്ജിക്കുമ്പോഴാണ്  രാഷ്ട്രീയം പ്രോജ്ജ്വലിക്കുന്നത്‌. എന്നാൽ ഓരോ സംസ്ഥാനങ്ങളിലുമുള്ള മലയാളികൾ, കേവലം മലയാളികളായി, രാഷ്ട്രീയമായി സംഘടിക്കുന്നത്‌ വിഭാഗീയതയാണ്‌,വിഘടനാവാദമാണ്‌,അനുചിതമാണ്‌.കാരണം ,മലയാളിക്ക് മാത്രമായി അടിസ്ഥാനപരമായി ,രാഷ്ട്രീയമായി പ്രശ്നങ്ങളൊന്നുമില്ല എന്നതാണ് ` യാഥാർത്ഥ്യം. ജാതി-മത-വംശീയാടിസ്ഥാനത്തിൽ സംഘടിക്കുന്നത്‌പോലെത്തന്നെ പിഴക്കുന്ന കാൽവെപ്പുകളാണ്‌ ഭാഷയുടെ കൊടി പിടിച്ച് രാഷ്ട്രീയം കയ്യാളുന്നതും.
നവോഥാനത്തിന്റെ പുലരികളിൽ ഉണർന്ന് ദേശീയപ്രസ്ഥനത്തിലൂടെ വളർന്ന് പുരോഗമന പാതയിലൂടെ സാംസ്ക്കാരിക ഉയരങ്ങളിലേക്ക് നടന്ന് കയറുന്ന മലയാളി  ഓരോ സംസ്ഥാനത്തിലും അനുയോജ്യമായ പാർട്ടിയിൽ ചേർന്ന് പ്രവർത്തിക്കുന്നുണ്ട്‌. വസിക്കുന്ന ദേശത്തിന്റെ പ്രശ്നങ്ങളുമായി ഇഴ ചേർന്ന് നീങ്ങുന്ന മലയാളി രാഷ്ട്രീയപ്രവർത്തകൻ പൊതുസമൂഹത്തിന്റെ വക്താവാണ്‌. അയാൾ മലയാളിയുടെ പ്രശ്നത്തിലും സ്വാഭാവികമായി ഇടപെടും.