അഴി തേടുന്ന അഴിമതികൾ

                                              അഴി തേടുന്ന അഴിമതികൾ



വസന്തകുമാർ ബൻസാൻ എന്ന റെയിൽവെ മന്ത്രിയുടെ കസേറ തെറിച്ചു. അതിനു മുമ്പ്
2-ജി.സ്പെക്ട്രം കേസുമായി ബന്ധപ്പെട്ട് സ്ഥാനമൊഴിഞ്ഞ രാജ എന്ന മുൻമന്ത്രി
കോടതിവരാന്ത നിരങ്ങുകയാണ്‌. യദിയൂരപ്പയും ഖനിരാജാക്കന്മാരായ റെഡ്ഢിമാരും
കേസിൽപ്പെട്ട് ശ്വാസം വലിക്കുകയാണ്‌. ദൈവത്തിന്റെ സ്വന്തം നാടായ
കേരളത്തിലെ ഗണേശൻ മന്ത്രിക്ക് സിനിമാസ്റ്റൈലിൽ രാജിവെക്കേണ്ടി വന്നത്
അഴിമതിക്കു കൂട്ടു നിൽക്കാത്തതുകൊണ്ടാണെന്ന് അദ്ദേഹത്തിന്റെ
അനുചരവൃന്ദഭാഷ്യം. രാഷ്ട്രത്തിന്റെ യശസ്സ് ഉയർത്താൻ വേണ്ടി വീറോടെ
കളിക്കളത്തിൽ പോരാടിയ ശ്രീശാന്തും ക്രിക്കറ്റ് ഒത്തുക്കളിക്കേസിൽ പെട്ട്
തീഹാർജയിൽ കിടന്ന് പല്ലു കടിക്കുന്നു. ഗാന്ധിജിയേയും,
ജയപ്രകാശ്നാരായണനേയും, കാമരാജിനേയും ,കെങ്കൻ
ഹനുമന്തയ്യയേയും.ഇ,എം.എസ്സിനേയും
പ്രസവിച്ച ഭാരതാംബയുടെ ഹൃദയം വേദനകൊണ്ട്
പുകയുകയാണോ? എവിടെയാണ്‌` അഴിമതിയുടെ ഉറവ പൊട്ടുന്നതെന്നു
അന്വേഷിക്കുമ്പോൾ ചെന്നെത്തുന്നത് മന്ത്രിമാരിലോ,ഉദ്യോഗസ്ഥരിലോ
ക്രിക്കറ്റ്ക്കളിക്കാരിലോ ഒന്നുമല്ല. അവരെല്ലാം കളിയറിയാതെ കളിക്കുന്ന
കുരങ്ങുകൾ. കുരങ്ങിന്റെ കഴുത്തിൽ കയറിട്ട് കളി നിയന്ത്രിക്കുന്ന
കളിക്കാരനാണ്‌,കുരങ്ങിനെക്കൊണ്ട് കളിപ്പിച്ച് നാണയത്തുട്ടുകൾ
മടിശ്ശീലയിലാക്കുന്നത്‌. അവരാണ്‌` രാജ്യത്തിന്റെ കഴുത്തിൽ കയറിട്ട്
രാഷ്ട്രനേതാക്കളെ കുരങ്ങുവേഷം കെട്ടിച്ച് അപഹാസ്യരാക്കുന്ന കോർപ്പറേറ്റ്
സാമ്രാജ്യധനശക്തികൾ. ശ്രീശാന്തിനെപ്പോലെ പ്രതിഭയുള്ള കളിക്കാരെ
കുരുക്കുന്നത്‌ അധോലോകക്കാരും, വൻകിടവാതുവെപ്പുസംഘങ്ങളുമാണ്‌.

ആയിരക്കണക്കിന്‌ കോടികൾ ഖജനാവിൽ നിന്നു ചോർത്തിക്കൊടുക്കുമ്പോൾ
ഉദ്യോഗസ്ഥന്മാർക്കും മന്ത്രിമാർക്കും കിട്ടുന്നത്` ഏതാനും നക്കാപ്പിച്ച
ലക്ഷങ്ങൾ മാത്രം. പ്രലോഭിപ്പിച്ചും, ഭീഷണിപ്പെടുത്തിയും പല അടവുകളും
പയറ്റാൻ അവർ മിടുക്കരാണ്‌. അവരെ തളക്കാൻ ഭരണകൂടങ്ങൾക്ക് ശേഷിയുമില്ല.
എന്നാൽ, തെരെഞ്ഞെടുക്കപ്പെടുന്ന രാഷ്ട്രീയ ഉദ്യോഗസ്ഥപ്രമുഖന്മാർക്ക്‌
രാഷ്ട്രത്തോടും നീതിപീഠത്തോടും പ്രതിബദ്ധത വേണ്ടതാണ്‌.
ശ്രി​‍ൂതി കേട്ട മഹീശർതന്നെയീ-
വ്യതിയാനം സ്വയമേ തുടങ്ങുകിൽ
ക്ഷതി ധർമ്മഗതിക്ക് പറ്റിതാൻ
ക്ഷിതി ശിഷ്ടർക്കനിവാര്യമായിതാൻ“

എന്ന് ചിന്താവിഷ്ടയായ സീതയിലെ ആശാന്റെ വരികളാണ്‌ ഓർമ്മയിൽ തെളിയുന്നത്‌.
പേരും,പെരുമയുമുള്ള നമ്മുടെ ഭരണക്കർത്താക്കൾ തന്നെ ധാർമ്മികമൂല്യങ്ങളിൽ
നിന്ന് സ്വയം വ്യതിചലിച്ച് നീങ്ങിയാൽ, ധർമ്മം അന്യമാകുന്ന ഈ ഭൂമിയിൽ
പിന്നെ എങ്ങനെ ജീവിക്കും?ധാർമ്മികമൂല്യങ്ങൾ വറ്റിവരണ്ടുണങ്ങിയ
മരുഭൂമിയല്ല ഇന്ത്യ.ത്യാഗവും, സ്നേഹവും,ഹൃദയവിശാലതയും എളിമയും, തെളിമയും
നിസ്വാർത്ഥതയും സമൂഹത്തിൽ ഇപ്പോഴും നിലനിൽക്കുന്നുണ്ട്`. പൊതുരംഗം
സ്വാർത്ഥപ്രയോജനത്തിലാണെന്ന അബദ്ധധാരണ ഒരു രോഗമായി മാറുമ്പോൾ ,അതിനൊരു
മറുമരുന്നായി‘ദുരവസ്ഥയിൽ’സാവിത്രി  അന്തർജ്ജനത്തിന്റെ ആത്മഗതമായ ആശാന്റെ
വരികൾ ഉപയോഗിക്കാം.
”താണുകിടക്കും സഹചരരെപ്പൊക്കുവാൻ
താണതാണെങ്കിൽ ഞാൻ ധന്യയായ്"
അതെ,താഴെയുള്ളവരെ ഉയർത്താൻ വേണ്ടി,ദുരഭിമാനം വെടിഞ്ഞ് തനിക്കു
താഴേണ്ടിവന്നാൽ ,അതു ധന്യതയാണെന്ന് പറയാനുള്ള മനുഷ്യസ്നേഹം നമ്മുടെ
പൊതുപ്രവർത്തകരുടെ ഹൃദയത്തിൽ പൂവിൽ തേനെന്ന വണ്ണം നിറഞ്ഞുകവിയും എന്നു
തന്നെ പ്രത്യാശിക്കാം,അഥവാ പ്രതിവിധികൾ ജനതയുടെ ഭാഗത്തു നിന്ന്‌
ഉണ്ടാകേണ്ടിവരും.