അരങ്ങ്‌-പതിനെട്ട്

അരങ്ങ്‌-പതിനെട്ട്
പീ.വി.ശ്രീവൽസൻ

-ജീവിതപ്പാതയിൽ മേലിൽ കണ്ടുമുട്ടാത്ത നാം
വേർതിരിഞ്ഞു-വേർപിരിഞ്ഞു കഴിഞ്ഞുവല്ലോ
നനച്ചു വളർത്തി രാവും പകലുമായ്,കാത്തുവന്ന
നിനവുകൾ-കിനാവിലെക്കനലുകളായി.
അണഞ്ഞുപോയ്പ്പക്കലാളി; ചരമഗീതത്തിൻ,രൂപ
മണിഞ്ഞിതാവന്നു,പോക്കുവെയിൽനാളങ്ങൾ,
ഉറക്കം വരുന്നു,മിഴി കുഴയുന്നു,നിശേ,വന്നു
കറുപ്പു വസ്ത്രത്താലെന്നെപ്പുതപ്പിച്ചാലും-പി.കുഞ്ഞിരാമൻ നായർ
അരങ്ങത്തെ ഏതോ വേഷം പോലെ ജീവിതത്തിൽ നിന്നു മാഞ്ഞുപോയ പ്രിയപത്നി.അത്‌,എന്നെന്നേയ്ക്കുമായുള്ള ഒരു തിരിച്ചുപോക്കാണല്ലോ എന്നോർത്തപ്പോൾ തോന്നിയ വ്യർത്ഥതാബോധം.അടുക്കും ചിട്ടയുമില്ലാതെ മനസ്സിനെ ചവിട്ടി മെതിച്ച ദുരന്തബോധം.
നാലഞ്ചു ദിവസം നീണ്ട മടക്കയാത്ര കഴിഞ്ഞു വാഴേങ്കടയിൽ തിരിച്ചെത്തിയ നേരം.ഉമ്മറത്തിണ്ണ യിൽ എട്ടും പൊട്ടും തിരിയാത്ത രണ്ടു കുട്ടികൾ; അച്ഛനെ കാത്ത്.
ഇളയവനെ ഒക്കത്തു വെച്ചു മൂത്തവന്റെ കൈ പിടിച്ചു.ഏറെ ദൂരം യാത്രയാക്കാൻ വന്ന അവരുടെ അമ്മ.യാത്ര പോലും പറയാതെ പിരിഞ്ഞുപോയതോർക്കുമ്പോൾ.........

കുട്ടികളെ മാറോടടക്കി ചേർത്തുപിടിച്ചു.എത്ര നിയന്ത്രിച്ചെങ്കിലും അടക്കാനായില്ല.
പിന്നെ,അവിടെത്തന്നെ വീണു ബോധം കെട്ടുറങ്ങി.
ആരും വിളിച്ചുണർത്തിയില്ല.
ദിവസങ്ങൾ ചിലതു ചത്തുമലച്ചു.അതിനിടക്ക് ആരെല്ലാമോ ചിലർ,കൂടെയുള്ള കഥകളിക്കാരും സുഹൃത്തുക്കളും വന്നു.പലതും പറഞ്ഞു ധൈര്യം നൽകി.
കുഞ്ചുനായർക്കന്ന്  മുപ്പത്താറ്‌ വയസ്സ്‌.
ഉയർന്നുവരുന്നൊരു വേഷക്കാരൻ.പക്ഷേ വഴി മുട്ടിയ ജീവിതം.
അതുവരെ പാലിച്ച അച്ചടക്കത്തിന്റേയും ചിട്ടയുടെയും കെട്ടുകളയഞ്ഞു തുടങ്ങി.കളികൾക്കു പോകാൻ തോന്നിയില്ല.ചിലപ്പോൾ ആരോടും  പറയാതെ എങ്ങോട്ടെങ്കിലുമൊക്കെ പോയി. എവിടെപ്പോകുന്നു,എന്തിനു വേണ്ടി പോകുന്നു എന്നൊരു ലക്ഷ്യബോധവുമില്ലാതെ.ഒന്നുരണ്ടു ദിവസം കഴിയുമ്പോൾ തിരിച്ചെത്തും. നല്ലവണ്ണം മദ്യപിച്ചിട്ടുണ്ടാകും.കുട്ടികളെ  കെട്ടിപ്പിടിച്ചു കരയും.
വഴിവിട്ടുപ്പോവുമോ എന്ന് ആധി പൂണ്ട വീട്ടുകാർ. മകൾ പോയി,അവളുടെ പിഞ്ചു കുട്ടികൾ.അവരുടെ അച്ഛൻ,അവർക്കൊന്നും വരുത്തരുതേയെന്ന ഭയാശങ്കകളിൽ മനമുരുകിയ കുഞ്ചുനായരുടെ ഭാര്യാപിതാവും മാതാവും.
ആ കൊല്ലത്തെ വർഷം കഴിഞ്ഞു.കഥകളിയുടെ കാലം തുടങ്ങി. ഇനി കഥകളിയല്ലാതെ മനസ്സിൽ മറ്റൊന്നിനും സ്ഥാനമില്ലെന്നു സ്വയം തീരുമാനിച്ച കുഞ്ചുനായർ കളികൾക്കു പോകാൻ തുടങ്ങി.
വേഷം കെട്ടി അരങ്ങത്തു ചെല്ലുമ്പോൾ എല്ലാ ദുഃഖവും മറന്നു. മനസ്സിന്റെ സംയമന നിലയിലേക്കു തിരിച്ചെത്തുന്നതായുള്ള തിരിച്ചറിവുകൾ,തിരിവെളിച്ചങ്ങൾ.
ഒരു നാൾ, എവിടേയോ കളി  കഴിഞ്ഞു വീട്ടിലെത്തിയ സമയം. കുളി കഴിഞ്ഞ് ഊണു കഴിക്കാനിരുന്നു. തികച്ചും അപ്രതീക്ഷിതമായി,ഒരിക്കൽ പ്പോലുമൊന്നൂഹിക്കുകപ്പോലും ചെയ്യാത്ത ഒരു കാര്യം കുഞ്ചുനായരെ അറിയിച്ചു, ഭാര്യയുടെ അമ്മ. മരിച്ചുപോയ പത്നിയുടെ ഇളയ സഹോദരി,ലക്ഷ്മിക്കുട്ടിയെക്കുറിച്ചായിരുന്നു അത്‌.
വാഴേങ്കട നിന്ന് നാലഞ്ചു നാഴിക വടക്കുകിഴക്കുള്ള ചെത്തല്ലൂർ.അവിടെയായിരുന്നു അവരുടെ അച്ഛന്റെ വീട്‌. ചെത്തല്ലൂരമ്പലത്തിലെ ഉൽസവക്കളിയും പ്രസിദ്ധമായിരുന്നു. അവിടത്തെ സ്ക്കൂളിൽ നിന്ന് എട്ടാം ക്ളാസ് പാസായി വീട്ടിലിരിക്കുകയായിരുന്നു ലക്ഷ്മിക്കുട്ടി.

പതിനെട്ടു വയസ്സു കഴിഞ്ഞ ലക്ഷ്മിക്കുട്ടിക്ക് നല്ല നിലയിലുള്ള വിവാഹാലോചനകൾ വന്നുകൊണ്ടിരുന്ന കാലം.കുഞ്ചുനായരേക്കാൾ പതിനെട്ടുവയസ്സിനിളപ്പമുള്ള പെൺകുട്ടി. ഭാര്യ മരിച്ച് രണ്ടു ചെറിയ കുട്ടികളുമായി കഴിയുന്ന ഒരാൾ,ഇരട്ടി പ്രായവും.അങ്ങനെയുള്ള ഒരാളെ സ്വീകരിക്കാൻ അയാൾ എത്ര പേരെടുത്ത കഥകളി ക്കാരനായാലും,സാധാരണ ഗതിയിൽ ഒരു പെൺകുട്ടിയും തയ്യാറാവുകയില്ല.
സ്വന്തം സഹോദരിയുടെ കുട്ടികളെ  ഒരു പക്ഷേ കഴിയും വിധം സംരക്ഷിച്ചെന്നിരിക്കും. അതിനപ്പുറം അങ്ങനെയൊരാളുടെ ,വലിയൊരു ജ്യേഷ്ഠന്റെ സ്ഥാനമുള്ള ഒരാളുടെ രണ്ടാമത്തെ ഭാര്യയായി ജീവിക്കുവാൻ സ്വാഭാവികമായും സമ്മതിക്കാനിടയില്ല. അതുകൊണ്ട് കുഞ്ചുനായർക്ക് അത്തരത്തിലുള്ള ഒരു ചിന്തയേ ഉണ്ടായില്ല. അതു മാത്രവുമല്ല ആ സാഹചര്യത്തിൽ രണ്ടാമതൊരു വിവാഹത്തെക്കുറിച്ച് ആലോചിച്ചിട്ടേയില്ല.

ലക്ഷ്മിക്കുട്ടിയെ ഭാര്യയായി സ്വീകരിക്കുന്നതിൽ അവിടെയുള്ള എല്ലാവർക്കും, ആ പെൺകുട്ടിയടക്കം സമ്മതമാണെന്ന കാര്യം പലതവണ സൂചിപ്പിച്ചു. കൃത്യമായി മറുപടി പറയാനായില്ല.

അങ്ങനെയും ചില ദിവസങ്ങൾ,അതിനിടയ്ക്കുള്ള കളികളും.
പിന്നെപ്പിന്നെ സ്വയമറിയാതെ അങ്ങനെയൊരാഗ്രഹം വല്ലപ്പോഴും മനസ്സിലുണർന്നുവോ?
താൻ ചെയ്യുന്നത് ശരിയാണോ?തന്നേക്കാൾ പകുതി പ്രായമുള്ള  ,വിദ്യാഭ്യാസവും പക്വതയുമുള്ള ഒരു പെൺകുട്ടി. ആ പെൺകുട്ടിയുടെ യഥാർത്ഥ മനസ്ഥിതിയെന്തെന്നറിയാതെ...?
ഇക്കാര്യം അവൾക്കും സമ്മതമെന്നത് സത്യമാണെങ്കിൽ ഇതുതന്നേയല്ലേ കുട്ടികൾക്കും തനിക്കും നല്ലത്‌...?അവനവനോടു തന്നേയുള്ള ചോദ്യങ്ങൾ, സംശയങ്ങൾ.

ആളും ആരവവുമില്ലാതെയുള്ള ഒരു പുടമുറിക്കല്യാണം. പല കാര്യങ്ങളിലും നാണിക്കുട്ടിയേക്കാൾ വ്യത്യ്സ്തസ്വഭാവം.ഒഴിവു നേരങ്ങളിൽ എന്തെങ്കിലും വായിക്കാനിഷ്ടപ്പെട്ടു. കഥകളിയെപ്പറ്റി പൊതുവായി കാര്യങ്ങളറിയാൻ താല്പ്പര്യമാണെങ്കിലും അവനവനു താല്പ്പര്യമുള്ള കഥ മാത്രമേ കാണുകയുള്ളു. അഞ്ചു ദിവസം കളിയുണ്ടെങ്കിലും എല്ലാ ദിവസവും ഒരുപോലെ ഉറക്കമൊഴിച്ചു കളി കാണില്ല. വായിക്കുവാൻ വേണ്ടി അക്കാലത്തേറെ പ്രചാരമുണ്ടായിരുന്ന “അമ്പിളി അമ്മാവൻ” മാസിക സ്ഥിരമായി വരുത്തിയിരുന്നു. കുന്നത്ത് ജനാർദ്ദനമേനോന്റെ മഹാഭാരത കഥകളും  വാങ്ങിക്കൊടുത്തു. ഉൽസവക്കാലത്തും മറ്റു വിശേഷാവസരങ്ങളിലും വീട്ടിൽ നിറയെ അതിഥികളും  മറ്റു വേണ്ടപ്പെട്ടവരുമുണ്ടാകും. അവർക്കെല്ലാം സമൃദ്ധമായി വെച്ചു വിളമ്പി ഊട്ടുന്നതിൽ അങ്ങേയറ്റം ആഹ്ളാദവതിയായിരുന്ന ഒരു ഭാര്യ.

ഈ കാലത്ത് അരങ്ങത്ത് തന്റേതായ ഒരു നിലപാടും വ്യക്തമായ സ്ഥാനവും നേടിയെടുക്കാൻ കുഞ്ചുനായർക്കു കഴിഞ്ഞു. അദ്ദേഹത്തിന്റെ മനസ്സിലെ എക്കാലത്തേയും ദൈവസാന്നിദ്ധ്യമായ വാഴേങ്കട ദേവന്റേയും ഗുരുഭൂതന്മാരുടേയും അനുഗ്രഹത്താൽ ബഹുജനങ്ങളിൽ നിന്ന് ചില ആശീർവാദമുദ്രകൾ ലഭിച്ചു. ശ്രീ കുതിരവട്ടത്ത് കുഞ്ഞൻ തമ്പാൻ വക ഒരു മോതിരം(അഭ്യാസത്തിന്റെ അവസാനകാലത്തായിരുന്നു അത്‌. അഭ്യാസച്ചിലവിലേക്ക് വേണ്ടി ഈ മോതിരം-ആദ്യം കിട്ടിയ സമ്മാനം-വിൽക്കേണ്ടി വന്നു. എന്നാലും അഭ്യാസം പൂർത്തീകരിക്കാൻ വേണ്ടിയാണല്ലോ അങ്ങനെ ചെയ്യേണ്ടിവന്നത് എന്നു സമാധാനപ്പെടുകയും ചെയ്തു.)
അതിനുശേഷം ബോംബെ മലയാളി കോൺഫ്രൻസ് വക ഒരു സ്വർണ്ണ മെഡൽ,മഹാരാഷ്ട്രയിലെ ഒരു പ്രസിദ്ധ കവിയായിരുന്ന ശ്രീ രമേഷ് ഗുപ്ത വക ഒരു മെഡൽ. പാറശ്ശേരി യുവജനസംഘം വക ഒന്നേമുക്കാൽ പവൻ തൂക്കമുള്ള ഒരു മെഡൽ,ബ്രഹ്മശ്രീ പഴയിടത്ത് ദാമോദരൻ നമ്പൂതിരി വക ഒരു മോതിരം,ഒറ്റപ്പാലം സാഹിത്യപരിഷത്ത് കളി ക്ക് ഒരു മോതിരം,ചെർപ്പു ളശ്ശേരിയിൽ നിന്നും പഴയന്നൂരിൽ നിന്നും ഓരോ മെഡൽ തുടങ്ങിയുള്ള അംഗീകാരങ്ങളും ആദരവുകളും ധാരാളമായി ലഭിച്ചു.ആസ്വാദകരുടെ ഈ തിരിച്ചറിവുകളും അനുമോദനങ്ങളും ആശീർവാദങ്ങളും കുഞ്ചുനായരെ പിന്നെപ്പിന്നെ അരങ്ങത്തും കളരിയിലും കൂടുതൽ കർമ്മനിരതനാക്കി.
ഇതിനിടയിൽ ഭാര്യവീട് സാമാന്യം പുതുക്കിപ്പണിതു.സ്ഥിര താമസം അവിടെയായി. ഭാര്യയുടെ അമ്മയും, അച്ഛനും ആ കാലത്തിനിടെ മരിച്ചുപോയി. ഭാര്യയുടെ നേരെ മൂത്ത ഒരു ജ്യേഷ്ഠത്തി കൂടെയായിരുന്നു. അപസ്മാരത്തിന്റെ അസുഖമുള്ളതിനാൽ അവർ അവിവാഹിതയായിത്തന്നെ കഴിഞ്ഞുകൂടി. പിന്നെ ലക്ഷ്മിക്കുട്ടിയുടെ ജ്യേഷ്ഠൻ ശങ്കുണ്ണിനായർ കൂടെത്തന്നെയായിരുന്നു.
കഥകളി പഠിക്കുന്ന കാലത്തു തുടങ്ങിയ കൃഷിയിലുള്ള കമ്പം മനസ്സിലന്നും ബാക്കി കിടന്നു. കാലം ചെന്നപ്പോൾ കുറേശ്ശെ കൃഷിയിടങ്ങൾ വാങ്ങി. കന്നും കൃഷിയും കഥകളിയുമായി ജീവിതം മുന്നോട്ടുപൊയ്ക്കൊണ്ടിരുന്നു. അപ്പോഴേക്കും ഏതാണ്ടു  നാല്പ്പതു വയസ്സ് കഴിഞ്ഞിരുന്നു.
ഭാര്യാസഹോദരൻ കൃഷികാര്യങ്ങളിൽ നൈപുണ്യമുള്ള  ആളെന്ന നിലയ്ക്കും,നാട്ടുകാരുടെയിടയിൽ ചെറുപ്പക്കാലത്തുതന്നെ സുസമ്മതനുമായിരുന്നു. ജാതിമതഭേദമെന്യേ ഏതൊരു കാര്യത്തിനും എപ്പോൾ വേണമെങ്കിലും കൈയ്മെയ് മറന്ന് ചെന്നെത്തുന്ന ഒരു പ്രകൃതം. കഥകളി യേക്കാൾ അയ്യപ്പൻ  വിളക്കിലായിരുന്നു കമ്പം. പിന്നെ,പഴനി,മധുര തുടങ്ങിയ ക്ഷേത്രങ്ങളിലേക്കു തീർത്ഥയാത്രകളും.കുഞ്ചുനായരുടെ കൃഷിയിലുള്ള താല്പ്പര്യം പൂർത്തീകരിച്ചത്,എല്ലാ നിലയ്ക്കും ഈ മനുഷ്യനായിരുന്നു. (എന്നാൽ നാൽപ്പത്തിരണ്ടാം വയസ്സിൽ അദ്ദേഹം അകാലചരമമടഞ്ഞു.)

അങ്ങനെയിരിക്കെ വൈദ്യരത്നം പി.എസ്.വാര്യർ അവർകളുടെ കോട്ടയ്ക്കൽ പി.എസ്.വി.നാട്യസംഘത്തിൽ കഥകളി ആചാര്യനായി ചെല്ലാൻ കുഞ്ചുനായർക്ക് അപ്രതീക്ഷിതമായി അവസരം കൈവന്നു.