1-പ്രസാധനം



മണമ്പൂർ രാജൻ ബാബു

കാമുകനേയും കാമുകിയേയും പോലെ
പ്രസാധകനും എഴുത്തുകാരനും
ആദ്യമാദ്യം പരസ്പരാശ്ളേഷത്താൽ
മതി മറന്ന് അവർ
പുറം ലോകത്തെ പുറത്താക്കും
അന്യോന്യമൂറ്റിക്കുടിച്ച് നിർവ്വാണമടയും.
സ്വർഗ്ഗവും നരകവും വരുതിയിലാക്കി
ചെപ്പും പന്തും കളിക്കും
അക്കവും അക്ഷരവും ഇണചേർന്ന്
ചാപിള്ളകൾ പിറക്കുന്നതങ്ങനെ
ഒടുവിൽ
പഴി ചാരി പരസ്പരം പുറത്താക്കുമ്പോൾ
എഴുത്തുകാരൻ പ്രസാധകന്‌
വെറും സാധനം

പ്രസാധകന്റെ ആകാശമേടയിലേക്ക്
ആംഗിൾ ഓപ്ഫ് എലിവേഷനിൽ
എഴുത്തുകാരന്റെ നിരാശാഭരിതമായ നോട്ടം,
പിന്നെ,ഇരുവരും മണ്ണടിയുമ്പോൾ
സകല മൺമേടകൾക്കും മുകളിൽ
ധ്രുവനക്ഷത്രമായി എഴുത്തുകാരൻ!
നല്ലവരെക്കുറിച്ചല്ല ഈ കിസ്സ
നല്ല പ്രസാധകർ എവിടെയുണ്ട്‌?
പറയാം,അന്വേഷിച്ചുപോയവർ
തിരിച്ചെത്തട്ടെ.

2-കന്നഡകവിതയുടെ പരിഭാഷ
മൂലകവിത-രൂപാ ഹസ്സൻ
വിവർത്തനം-ഡോ: പാർവ്വതി.ജി.ഐത്താൾ

പാതിരാവിൽ ഒരു സംവാദം

വേണ്ടെങ്കിൽ
ഇല്ല
ഇവിടെ ഒന്നും സംഭവിച്ചിട്ടേ ഇല്ല
സംഭവിച്ചതൊക്കെ നേരം പോക്ക് മാത്രം
കണക്കല്ല
കൂട്ടിവെച്ചിട്ടില്ല
എന്ന് പറഞ്ഞുകൊണ്ട് ഒന്നിനും ബദ്ധമാകാതെ
എല്ലാം കൊടഞ്ഞുവെച്ച്‌
എഴുന്നേറ്റു പോകാം
വേണ്ടാത്തതെല്ലാം അംഗീകരിച്ച്
തോൾ തുറന്നു കെട്ടിപ്പിടിച്ച്
നിറഞ്ഞ്,നിറഞ്ഞ്
കയറിവരുന്ന
എല്ലാം
ഉള്ളിലേക്കൊതുക്കിവെച്ച് അടച്ചമർത്തിപ്പിടിച്ച്
എങ്ങനെയാണെഴുതുക
പരമ്പരാഗതമല്ലാത്ത
ശാസ്ത്രീയമല്ലാത്ത
ഛന്ദോബദ്ധമല്ലാത്ത
എന്നാലും അർത്ഥപൂർണ്ണമായ ഒരു കവിത!
അത് വിട്
ഇഷ്ടമുണ്ടെങ്കിൽ
കടലും കടക്കാം
അതെ,പക്ഷേ ആദ്യം കടക്കണം വാതിൽപ്പടി!
ഉള്ളിൽ നിന്ന്‌ പിടിച്ചുവലിക്കുന്ന
നൂലാമാലയായ വേരുകൾ
പുറത്തു നിന്ന്‌ വലിച്ചെടുക്കുന്ന
രൂപമില്ലാത്ത അവ്യക്തമായ ആകാരങ്ങൾ
ഇവിടെ ഒന്നിനും
പരിപൂർണ്ണമായ രൂപമില്ല
നിരാകാരത്തിന്‌ ആകാരം നിൽക്കുന്നത് മാത്രം
കൈകളുടെ പണിയെല്ലാം
ആകാരം നേടിയതെല്ലാം
ചരിത്രമായിത്തീർന്നു
വാതിൽപ്പടി കടന്നവർക്കെല്ലാം
പാതാളം അല്ലെങ്കിൽ
ആകാശം.
വേറെവിടേയാണ്‌ അവകാശം
രണ്ട്  അതിരറ്റങ്ങളുടെ നടുക്ക്
അതിക്രമിക്കുന്ന പരിമിതിയുണ്ടോ?
ഉപയോഗിച്ച് തേഞ്ഞ തുലാസിന്റെ തട്ട്
അളക്കാൻ വേണ്ടി മാത്രം
ജീവിക്കാൻ പറ്റില്ല
അതീതരെയെല്ലാം അളവിന്  കിട്ടുന്നില്ല
അളവിന്റെ പരിമിതിയിൽപ്പെട്ടവർ
വിട്,അതീതരാവില്ല.