റംസാൻ മുതൽ ഓണം വരെ



ലോകമെമ്പാടുമുള്ള ഇസ്ളാം മതവിശ്വാസികൾക്ക് ഇക്കഴിഞ്ഞ ഒരു മാസം വ്രതാനുഷ്ഠാനത്തിന്റെ പുണ്യനാളുകളായിരുന്നു. പകൽ മുഴുവൻ ഭക്ഷണം ത്യജിച്ച് ,അഞ്ചു നേരം നിസ്ക്കരിച്ച്,സഹജീവികളു ടെ കണ്ണീരൊപ്പി,ദാനധർമ്മങ്ങൾ ചെയ്ത് വിശ്വമാനവികതയുടെ വിപുലമായ സാഹോദര്യ സന്ദേശം ഏറ്റെടുത്ത പവിത്രദിനരാത്രങ്ങൾ. ഇരുളിന്റെ ദുരിതങ്ങളി ൽ നിന്ന് പുതിയ പ്രതീക്ഷകളുടെ ചന്ദ്രക്കല  അങ്ങകലെ ആകാശഗോപുരങ്ങളിൽ ഉദിച്ചുയർന്നപ്പോൾ നോമ്പു മുറിച്ച് അവർ റംസാൻ മാസത്തിലെ ചെറിയ പെരുന്നാൾ ആഘോഷിച്ചു,സ്നേഹത്തിന്റേയും സാഹോദര്യത്തിന്റേയും  പുത്തൻ പുലരികൾ ക്കായി അവർ കാത്തിരുന്നു.

ആഗസ്റ്റ് 15 ഇന്ത്യൻ ജനത സാഭിമാനത്തിന്റെ ത്രിവർണ്ണ പതാക ഉയർത്തുന്ന ദിനം. നാനൂറിലേറെ വർഷങ്ങൾ സാമ്രാജ്യത്വശക്തികൾക്ക് കീഴിൽ തലകുനിച്ച് നിന്ന നാളുകളിൽ നിന്ന്‌ മോചനത്തിന്റെ സ്വാതന്ത്ര്യ വായു പ്രവഹിച്ച ദിനം.കക്ഷിരാഷ്ട്രീയത്തിന്നതീതമായി അനേകായിരം ധീര ദേശാഭിമാനികൾ ജീവനും,ജീവിതവും വകവെക്കാതെ അടർക്കളത്തിൽ നിന്ന് അടരാടിയ ദിനങ്ങളുടെ സാക്ഷാത്ക്കാരം. ഓരോ സ്വാതന്ത്ര്യ ദിനം നാം ആഘോഷിക്കുമ്പോഴും വിഭജനത്തിന്റെ വാൾ നമ്മുടെ ഹൃദയത്തിലേൽപ്പിച്ച ഉണങ്ങാത്ത മുറിവുകൾ വേദനിപ്പിച്ചുകൊണ്ടേയിരിക്കുന്നു. ഇന്ത്യക്കും പാക്കിസ്ഥാനും നേരെ ബ്രിട്ടീഷുകാരന്റെ സാമ്രാജ്യത്വക്കഴുകക്കണ്ണുകൾ ഇറുക്കി ക്രൂരമായി ചിരിക്കുന്നത്‌ നാം കാണുന്നുണ്ട്‌...പക്വമായ ജനാധിപത്യ മതനിരപേക്ഷതയിലേക്ക് നീങ്ങിക്കൊണ്ട് ആ മുറിവുകൾ ഉണക്കാൻ ഇന്ത്യക്കും പാക്കിസ്ഥാനും കഴിയും എന്നു തന്നെ വിശ്വസിക്കാം. ഇരുരാഷ്ട്ര നേതൃത്വവും അതിനുസാഹചര്യമൊരുക്കാൻ ശേഷിയുള്ളവർ തന്നെയാണ്‌.
പൊന്നിൻ ചിങ്ങമാസത്തിന്റെ പൂവിളിയായി. അത്തപൂക്കളമിട്ട്,തൂശനില പരത്തി,തുമ്പപ്പൂ ചോറു വിളമ്പി,ഓണപ്പാട്ടുകൾ പാടി പൊന്നോണത്തിന്റെ വരവായി.....ഓണച്ചന്തയുടെ ഒരുക്കങ്ങൾ..ഓണക്കോടിയുടുക്കാൻ തിടുക്കം...മണ്ണിനടിയിൽ നിന്ന് പൊന്തിവരുന്ന പൂമ്പാറ്റകൾ പോലെ ഒളിവിൽ പ്പോയ കലാരൂപങ്ങൾ കേരളാന്തരീക്ഷത്തിലേക്ക് പറന്നുയരുന്ന ദിനരാത്രങ്ങൾ.
സമൃദ്ധിയുടേയും സമത്വത്തിന്റേയും സന്ദേശം പരത്തിക്കൊണ്ട് വരുന്ന മാവേലി മന്നനെ വരവേൽക്കാൻ മലയാളി വെമ്പുകയാണ് .എല്ലാ വായനക്കാർക്കും സാർത്ഥകം ന്യൂസിന്റെ ഓണാശംസകൾ......