സ്വാതന്ത്ര്യ ചിന്തകൾ

സ്വാതന്ത്ര്യ ചിന്തകൾ

ഇന്ത്യയുടെ രാഷ്ട്രീയാധികാരം,ജൻമിമുതലാളിത്തത്തിന്റെ കൈകളിലേക്ക് ചെന്നുവീഴുന്നത്,ജനതയുടെ പൂർണ്ണസ്വാതന്ത്ര്യത്തിലേക്ക് വഴി തെളിയിക്കില്ല എന്ന് പുരോഗമനവാദികൾ ആശങ്കപ്പെട്ടിരുന്നു. എങ്കിലും ജനാധിപത്യ മൂല്യങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ട് ആറരപ്പതിറ്റാണ്ടുകൾ,സ്വതന്ത്രാധികാരം കൈവിടാതെ ലോകരാജ്യങ്ങൾക്കിടയിൽ അവഗണിക്കാനാവാത്ത ശക്തിയായി നിലനിൽക്കുന്നത് ജനതയുടെ വിജയം തന്നെയാണ് . തെരെഞ്ഞെടുപ്പു പ്രക്രിയകകൾ കുറ്റമറ്റതല്ലെങ്കിൽ കൂടി സമാധാനപരമായി നടത്താനും അകത്തു നിന്നും പുറത്തു നിന്നുമുള്ള ഭീഷണികളെ നേരിടാൻ കഴിയുന്നതും ഇന്ത്യയുടെ നേട്ടമാണ്‌.
എന്നാൽ ബാബറി മസ്ജിദ് തകർന്നതോടെ യഥാർത്ഥത്തിൽ തരിപ്പണമായത് നമ്മുടെ മതേതരമൂല്യങ്ങളായിരുന്നു.
വിദ്യാഭ്യാസ-ആരോഗ്യ രംഗങ്ങളി ൽ,ഉൽപ്പാദനത്തിൽ,ശാസ്ത്രസാങ്കേതിക വിനിമയമേഖലകളി ൽ എല്ലാം തന്നെ മുന്നേറ്റം നടത്തിയത് അഭിമാനകരമാണ്‌. ഉള്ളവനും,ഇല്ലാത്തവനും തമ്മിലുള്ള  വിടവ് കുറയ്ക്കാൻ കഴിയാതിരുന്നത് മൂലധനശ്ശക്തികൾ ഭരണ നിർവ്വഹണമേഖലകളിൽ പിടി മുറുക്കിയത് കൊണ്ടാണ്‌. കഴിഞ്ഞ രണ്ട് പതിറ്റാണ്ടു കളായി ആഗോളീകരണ പ്രക്രിയക്ക് പരവതാനി വിരിച്ചതോടെ,കർഷകത്തൊഴിലാളികളുമടങ്ങുന്ന പാവപ്പെട്ടവനാണ്‌ ആ പരവതാനിയിൽ കുളിപ്പിച്ച് കിടത്താൻ വിധിക്കപ്പെട്ടത്‌. ആഗോള മൂലധനസ്രോതസ്സിനെ അമിതമായി ആശ്രയിക്കുന്നത്‌ കൊണ്ട് അവരുടെ മുതൽ മുടക്ക് ശേഷി കുറയുന്ന അവസ്ഥയിൽ നമ്മുടെ ഉൽപ്പാദനം കുറയുന്നു. രൂപയുടെ മൂല്യം കുറയുന്നു.ആ കാരണം കൂടി പറഞ്ഞ് പെട്രോൾ,ഡീസൽ,ഗ്യാസ് എന്നിവയുടെ വിലക്കയറ്റം-സാധാരണക്കാരന്റെ നടുവൊടിയുകയാണ്‌.
സാമ്രാജ്യത്വ വിരുദ്ധ മുദ്രാവാക്യം മുഴക്കി സ്വാതന്ത്ര്യ സമരം നടത്തിയ ജനത നവ സാമ്രാജ്യത്വ മൂലധനശ്ശക്തികളുടെ കാൽക്കീഴിൽ കിടന്നു നരകിക്കുമ്പോൾ വള്ള ത്തോളിന്റെ വരികൾ ചൊല്ലി ദേശീയബോധം ഇനിയും തട്ടിയുണർത്തേണ്ടി വരും.