കർണ്ണാടകനായർ സർവ്വീസ് സൊസൈറ്റിയുടെ മന്നം മെമ്മോറിയൽ എഡ്യുക്കേഷണൽ ട്രസ്റ്റ് സ്ക്കൂൾ


-സ്വന്തം ലേഖകൻ-

“ഭ്രാന്താലയം” എന്ന് സ്വാമിവിവേകാനന്ദനാൽ വിശേഷിപ്പിക്കപ്പെട്ട കേരളം, ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകത്തിൽ തന്നെ നവോത്ഥാനത്തിന്റെ കാഹളംവിളികേട്ടുണരാൻ തുടങ്ങി. അയിത്തമടങ്ങുന്ന അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ, അടിമത്തം തുടങ്ങിയ തുരുമ്പെടുത്ത ഫ്യൂഡൽ മൂല്യബോധങ്ങളെ തകർത്തെറിഞ്ഞത് വിശ്വമാനവീകതയുടെ പ്രകാശധാരചൊരിഞ്ഞുകൊണ്ടാണ്‌. സമുദായത്തിന്‌ പുറത്ത് പൊതുവിഹാരം നിഷേധിക്കപ്പെട്ട അവസ്ഥയിൽ, മനുഷ്യൻ, അനുവദനീയമായ സാമൂദായിക ഭൂമിയിൽ തന്നെ സംഘടിക്കുകയാണ്‌ ചെയ്തത്. ഈഴവനും,പുലയനും,നമ്പൂതിരിയും, നായരും സംഘടിച്ച്,സ്വയം പരിഷ്കരിക്കപ്പെടുകയും, അതുവഴി സമൂഹം നവീകരിക്കപ്പെടുകയും ചെയ്തത് കേരളം അഭിമാനപുരസ്സരം ഓർക്കുന്ന ചരിത്രകാലമാണ്‌ , നവോത്ഥാനകാലം.

നായർ സമൂഹം ആദരസമന്വിതം ആചാര്യനെന്ന് വിളിക്കുന്ന, രാഷ്ടം പത്മഭൂഷൺ നല്കി ആദരിച്ച ഭാരതകേസരി മന്നത്ത് പത്മനാഭൻ 99 വർഷം മുമ്പ്, 1914 ൽ നായർ സർവ്വീസ് സൊസൈറ്റിക്ക് പെരുന്നയിൽ വെച്ചാണ്‌ രൂപം കൊടുത്തത്. 1982 ലാണ്‌ കർണ്ണാടകത്തിൽ നായർസർവ്വീസ് സൊസൈറ്റി സംഘടിപ്പിക്കുന്നതിന്‌ പിന്നിൽ മറ്റൊരു സാഹചര്യമാണ്‌ ഒരുങ്ങിവന്നത്. മത്തിക്കരെയിൽ, ഒരു നായർ സഹോദരൻ മരണപ്പെട്ടപ്പോൾ, ആചാരപ്രകാരം മൃതശരീരം സംസ്കരിക്കാനും,അനന്തരക്രിയകൾ ചെയ്യാനും ഏതാനുംസുഹൃത്തുക്കളാണ്‌ഒത്തുക്കൂടിയത്.ഇത്തരം  സാഹചര്യങ്ങളിൽ,മറുനാട്ടിൽ മനുഷ്യൻ ഒറ്റപ്പെടുന്ന ജീവിതസന്ധികളെ അതിജീവിക്കണമെന്ന ചിന്തയാണ്‌,ഇന്ദിരാനഗറിലേയും ദൂരവാണിനഗറിലേയും സഹോദരങ്ങളെക്കൂടി ചേർത്ത് ഈ സംഘടന പിറവിയെടുത്തതിന്റെ മൂലകാരണം. ഇന്ന് ബാംഗ്ലൂർ മലയാളികൾക്കിടയിൽ 31 ശാഖകളോടെ നായർ സർവ്വീസ് സൊസൈറ്റി സുസംഘടിതമായ ഒരു സംഘടനയായി മാറിക്കഴിഞ്ഞു. എം.ബി. മേനോനായിരുന്നു സ്ഥാപകചെയർമാൻ.

കേരളത്തിലങ്ങോളമിങ്ങോളം വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്ഥാപിച്ച മന്നത്ത് പത്മനാഭന്റെ കാല്പാടുകൾ പിന്തുടർന്നുകൊണ്ടാണ്‌ എം.എസ്. നഗറിൽ, രാമസ്വാമിപാളയത്ത്,മന്നം മെമ്മോറിയൽ എഡ്യുക്കേഷണൽ ആന്റ് ചാരിറ്റബിൾ ട്രസ്റ്റ് രൂപീകരിക്കുകയും, എം.എം.ഇ.ടി.സ്ക്കൂൾ സ്ഥാപിക്കുകയും ചെയ്തത്. കേവലം 13 വിദ്യാർത്ഥികളിൽ തുടങ്ങിയ ഈ സ്ഥാപനത്തിന്‌ ഇന്ന് ദൂരവാണിനഗറിന്‌ സമീപം,ടി.സി.പാളയത്ത് മറ്റൊരു സഹോദരസ്ഥാപനം കൂടി ആരംഭിക്കാൻ കഴിഞ്ഞു. മൊത്തം,1300ലേറെ വിദ്യാർത്ഥികളും,അദ്ധ്യാപക-അനദ്ധ്യാപകജീവനക്കാരായി അറുപതോളം പേരും ഈ രണ്ടു വിദ്യാലയങ്ങളിലുമായിട്ടുണ്ട്. തോറനഹള്ളിയിൽ, ഹൊസ്ക്കൊട്ടെയിൽ നിന്ന് 11.കി.മീറ്റർ ദൂരെയായി ഒരു സി.ബി.എസ്.സി. സിലബസ്സിൽ, റസിഡൻസിസ്കൂൾ തുടങ്ങുക എന്നതാണ്‌ അടുത്തലക്ഷ്യം. അവിടെ 5 1/4 ഏക്കർ സ്ഥലം ഇതിനായി ലഭിച്ചിട്ടുണ്ട്.

1987ൽ വിദ്യാലയം,ഇടുങ്ങിയ ഒരു വാടകകെട്ടിടത്തിൽ ആരംഭിക്കുമ്പോൾ പ്രശ്നങ്ങളും,പരാധീനതകളും പ്രാരാബ്ധങ്ങളും തുറിച്ച് നോക്കുകയായിരുന്നു. പാവപ്പെട്ടവരും സാധാരണക്കാരുമായി വിദ്യാർത്ഥികൾ,ഗുണനിലവാരമുള്ള അദ്ധ്യാപകർക്ക് അർഹമായ ശബളം കൊടുക്കുകയും വേണം. ത്യാഗസന്നദ്ധതയും,പ്രതിബന്ധതയും,സാമ്പത്തിക അച്ചടക്കവും അനിവാര്യം. ഉയർന്ന റിസൽറ്റ് കൂടിയേതീരു. 22ട്രസ്റ്റിമാരും, എൻ.എസ്.എസ്.ഭാരവാഹികളും ഒത്തുപിടിച്ചിട്ടാണ്‌ സിൽവർജൂബിലി കഴിഞ്ഞവർഷം ആഘോഷിക്കുമ്പോഴേക്കും,വിദ്യാലയത്തെ പ്രശസ്തമായ നിലയിലേക്ക് കൈപിടിച്ചുയർത്താൻ കഴിഞ്ഞത്. ത്യാഗത്തിന്‌ വിലകിട്ടും എന്ന വസ്തുത സാർത്ഥകമാക്കികൊണ്ട് ഇന്ന് 95 നും 100നും ഇടയിൽ വിജയശതമാനം നിലനിർത്തികൊണ്ട് പോകുമ്പോൾ മറ്റൊരുവസ്തുത ഓർമ്മിക്കേണ്ടതായുണ്ട്.ചെറിയ ജീവിതസാഹചര്യങ്ങളിൽ നിന്ന് വരുന്ന വിദ്യാർത്ഥികളെയാണ്‌ ഈ നിലവാരത്തിലേക്ക് ഉയർത്തുന്നതെന്ന്.

കമ്പ്യൂട്ടറിന്റെ സാങ്കേതികവിദ്യയെ ഉപയോഗപ്പെടുത്തി സ്മാർട്ട്ക്ലാസ്സുകൾ തുടങ്ങി ആധുനികവിദ്യാഭ്യാസരീതികൾ ഇവിടെ നടപ്പിലാക്കിവരുന്നു. പഠനത്തോടൊപ്പം കായികമായും സാംസ്കാരികമായും ഉയർത്തുവാനുള്ള സൗകര്യങ്ങളും ഒരുക്കുന്നുണ്ട്. താലൂക്ക്-ജില്ലാതലമത്സരങ്ങളിൽ വിദ്യാർത്ഥികൾ മികവോടെ സമ്മാനങ്ങൾ സമാഹരിക്കുന്നുണ്ട്. സമൂഹിക അവബോധമുള്ള പൗരന്മാരാക്കി ഉയർത്തുന്നലക്ഷ്യത്തോടെ 2005 മുതൽ “ബാലജനഗൃഹ” പദ്ധതി നടപ്പിലാക്കുന്നുണ്ട്. കാലാനുസൃതമായി വൈജ്ഞാനികരംഗത്തുണ്ടാകുന്ന ചലനങ്ങളെ സാംശീകരിക്കുന്നതിന്‌ വേണ്ടുന്ന അദ്ധ്യാപകപരിശീലനവും നടത്തിവരുന്നുണ്ട്.

കെ.എൻ.എസ്.എസ് ചെയർമാൻ രാമചന്ദ്രൻപാലേരി, ജന.സെക്രട്ടറി എം.രാധാകൃഷ്ണൻ, പ്രത്യേക ക്ഷണിതാവ് ഐ.പി.രാമചന്ദ്രൻ,ട്രഷറർ വി.വിജയൻ എന്നിവരുടെ മേൽനോട്ടത്തിലും, എം.എം.ഇ.ടി.പ്രസിഡന്റ് ഒ.വി.പി.നമ്പ്യാർ,സെക്രട്ടറി എം. വിജയൻ നായർ എന്നിവരുടെ ഭരണത്തിലുമാണ്‌ ഈ വിദ്യാലയങ്ങൾ ഇന്ന് വിജയത്തിന്റെ പടവുകൾ ചവുട്ടിക്കയറുന്നത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സഹായഹസ്തമായി, പഠിക്കുന്നവർക്ക് പ്രോത്സാഹനം നല്കിക്കൊണ്ട്, സാമ്പത്തികശേഷിയുള്ളവരിൽനിന്ന് ധനശേഖരണം നടത്തി, സ്കോളർഷിപ്പുകളും എന്റൊവ്മെന്റുകളും വിദ്യാർത്ഥികൾക്കായി നല്കിവരുന്നുണ്ട്. വിദ്യാലയനടത്തിപ്പിൽ പെരുമയാർജ്ജിച്ച മറുനാടൻ മലയാളിക്ക്, ഈ സ്ഥാപനവും ഒരു തിലകക്കുറിയാണ്‌.