പ്രതികരണം

ഹീനമനസ്സുകളെ വരച്ചുകാണിക്കുന്നു

വര്‍ത്തമാനകാലത്ത് മാത്സര്യബുദ്ധിയോടെ   സ്ഥാനമാനങ്ങള്‍ക്ക് വേണ്ടി കലഹിക്കുകയും. തോളോടുതോള്‍ ചേര്‍ന്നുനിന്നവര്‍ തന്നെ  ഏണിപ്പടികള്‍ ചവുട്ടിക്കയറുവാന്‍ വഴികാട്ടികളായവരെ ചവുട്ടിത്താഴ്ത്താന്‍  ശ്രമിക്കുകയും ചെയ്യുന്ന ഹീനമനസ്സുകളെ വരച്ചുകാണിക്കുന്നു  രതീഷിന്റെ "ബലി" എന്ന  കവിത. "പച്ചിലകള്‍ കാണിച്ചെന്നെ  നീ കശാപ്പുശാലയിലെക്കാണോ കൂട്ടി കൊണ്ടു പോകുന്നത്?  ഈ വരികള്‍ ഏറെ പ്രസക്തമാകുന്നു. ......കാരുണ്യവും,സ്നേഹവും,വിശാലതയും ഉള്ളമനസ്സുകളെഒരുദുഷ്ടശക്തിക്കും .കീഴ്പ്പെടു ത്താനാവില്ലെന്ന .നഗ്നസത്യത്തിലേക്ക്  അവസാനവരികള്‍ രികള്‍ വിരല്‍ ചൂണ്ടുന്നു . ...രതീഷിനു  അഭിനന്ദനങ്ങള്‍ 
                                                                                                                                                     ജി.രഘുനാഥ് 
 കോങ്ങാട് 
കാലത്തിന്റെ കാപട്യം
( ഗിരിജ പതെക്കരയുടെസ്വര്‍ണ്ണ നിറമുള്ള താക്കോല്‍ ചെയിന്‍
( " സാര്‍ത്ഥകം സെപ്റ്റംബര്‍ ലക്കം" )  എന്ന കവിതയുടെ ആസ്വാദനം...)  
ഭൂത കാലങ്ങളില്‍, കൌമാരത്തിന്റെ യും യൌവ്വനത്തിന്റെയും നിഷ്കളങ്കതയില്‍ പണവും പണ മോഹവും ഇല്ല. അത് സൂക്ഷിക്കുവാന്‍ ഒരു താക്കോല്‍ക്കൂട്ടവും  വേണ്ട. അത് കൊണ്ടാണ് ഞാന്‍ അന്ന് നീ സമ്മാനമായി നല്‍കിയ ആ താക്കോല്‍ കൂട്ടം നിരസിച്ചത്‌.. നീരസമരുതെ...
ഇന്ന്, കാലം പോയ്‌  മറയുമ്പോള്‍ മനസ്സില്‍  അറകള്‍ പെരുകുന്നു, അതില്‍ നോവുകളും പുളകങ്ങളും രഹസ്യങ്ങളും പെരുകുന്നു... ഈ കാലം അത്ര നല്ലതല്ല സുഹൃത്തേ... എന്നെ എനിക്ക് ഒളിപ്പിക്കേണ്ടി വരുന്നു.. എന്നിലെ  നിഷ്കളങ്കത വറ്റിയത് ഞാന്‍ വെളിയില്‍ കാണാതെ മൂടി വെക്കാന്‍, കാപട്യത്തിന്റെ താക്കോല്‍ ഇട്ടു പൂട്ടാന്‍ ... എനിക്ക്  താക്കോല്‍ കൂട്ടം വേണ്ടി വന്നിരിക്കുന്നു... വീണ്ടും ഒന്ന് തരാമോ.. എന്റെ സുഹൃത്തേ...?
കാലത്തിന്റെ കാപട്യത്തെ കലവറയില്ലാതെ തുറന്നു കാണിക്കുന്ന ഗിരിജ പാതെക്കര യുടെ ഈ കവിത ഭാവ സുന്ദരം..  കവിക്കും, ഇത് പ്രസിദ്ധീകരിച്ച " സാര്‍ത്ഥക" ത്തിനും അഭിനന്ദനം... !
സബിത .എന്‍.
പാലാരിവട്ടം 
ഏറണാംകുളം

ഇത് പോലീസിന്റെ പണിയല്ല... 

സെപ്റ്റംബര്‍ മാസത്തിലെ എഡിറ്റോറിയല്‍ ശക്തമായ  ഒരു സന്ദേശമാണ് വാനക്കാരിലെ ക്കെത്തിക്കുന്നത്.  സമൂഹത്തിലെ 'തിന്മകള്‍' എതിര്‍ക്കപ്പെടണ്ടത് തന്നെയാണ് എന്ന് അംഗീരിക്കു മ്പോള്‍ത്തന്നെ, കാലഘട്ടത്തിന്റെ അനുവദനീയമായ അതിര്‍വരമ്പുകള്‍ ലംഘിക്കപ്പെടാത്ത സൌഹൃദങ്ങള്‍പോലും സദാചാരപോലീസിന്റെ ക്രൂരമായ ഇടപെടലുകള്‍ക്ക് വഴിവെക്കുന്നു എന്നത് ഖേദകരമാണ്. .തങ്ങളെതിര്‍ക്കുന്ന ഇടപെടലുകള്‍ സ്വന്തം വീട്ടില്‍ ഉണ്ടാവുകയും ആ ഇടപെടലുകളെ മറ്റൊരു കൂട്ടര്‍ നേരിടുകയും ചെയ്യുമ്പോഴുണ്ടാകുന്ന ഭവിഷ്യത്തുകളും  പുതിയ ചിന്തകള്‍ക്ക് വഴിതുറക്കുന്നു. 
ബാലകൃഷ്ണന്‍ വാക്കയില്‍
കൊടുങ്ങല്ലൂര്‍
മുഖ്യധാരാ രാഷ്ട്രീയ ദര്‍ശനത്തിന്റെ അപചയം തുറന്നു കാണിക്കണം 
സാര്‍ത്ഥകത്തിന്റെ തുടക്കം മുതല്‍ ഉള്ള വായനക്കാരന്‍ ആണ് ഞാന്‍. ക്രമാനുഗതമായ പുരോഗതി ഉണ്ട്. പുതിയ രൂപകല്‍പ്പന വന്നതോടെ കുറച്ചു കൂടി പ്രൊഫഷനല്‍ ആയി എന്ന് പറയാന്‍ തോന്നുന്നു, അതൊരു പ്രശംസ ആകില്ല എന്ന ഉറപ്പോടെ.

നമ്മുടെ സമൂഹം കൂടുതല്‍ ചുരുങ്ങി സ്വന്തം കാര്യങ്ങള്‍ മാത്രം അന്വേഷിക്കുകയും അതിനു വേണ്ടി മാത്രം സമയം ചെലവ് ചെയ്യുകയും ചെയ്യുന്നു. അത് മനുഷ്യന്റെ സ്വാര്‍ത്ഥത എന്ന് പറഞ്ഞു കുറ്റപ്പെടുത്തരുത്. ഈ കാലത്തിന്റെ രാഷ്ട്രീയം മനുഷ്യനെ അങ്ങനെ ചിന്തിപ്പിക്കുന്നു. കൂട്ടായ്മകള്‍, രാഷ്ട്രീയമായാലും മറ്റു എന്തായാലും പൊതു സമൂഹത്തിന്റെ പ്രശ്നങ്ങള്‍ ഏറ്റെടുക്കാന്‍ അപര്യാപ്തമാകുന്നു. മനുഷ്യന്‍ ഒറ്റപ്പെടലിന്റെ തുരുത്തില്‍ അഭയം തേടുന്നു. അവനു പിന്നേ കുടുംബം എങ്കിലും വേണം, സ്വയം രക്ഷ നേടാന്‍. അല്ലെങ്കില്‍ ജാതി, മതം, ഭാഷ എന്നീ സ്വന്തം ചിന്തകളില്‍ അഭയം തേടുമ്പോള്‍ കുറച്ചു കൂടി സുരക്ഷിതത്വം അനുഭവിക്കുന്നു. അത് ശരിയോ തെറ്റോ എന്നൊക്കെയുള്ള പ്രത്യയ ശാസ്ത്ര വിശകലന ബോധം ഒന്നും അവനില്ല. അത് പഠിപ്പിക്കാന്‍ ഒരു രാഷ്ട്രീയ പ്രസ്ഥാനമോ മുന്നില്‍ ഇല്ല. ഈ അവസ്ഥയില്‍ സ്വത്വ രാഷ്ട്രീയത്തിന്റെ പിടിയില്‍ അമരുന്ന സാധാരണ മനുഷ്യനെ ഏറ്റെടുക്കാന്‍  ഇവിടെ ഫണ്ടിംഗ് ഏജന്‍സികള്‍ ധാരാളം ഉണ്ട് താനും. 

ഇത് നമ്മുടെ മുഖ്യധാരാ രാഷ്ട്രീയ ദര്‍ശനത്തിന്റെ അപചയമാണ് സാക്ഷ്യപ്പെടുത്തുന്നത്.  അതിനെതിരെ പ്രതികരിക്കുന്ന രചനകള്‍ സാര്‍ത്ഥകത്തിലൂടെ ഉണ്ടാവുന്നുണ്ട് എങ്കിലും കൂടുതല്‍ ഗൌരവമായ ചിന്തകള്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഇന്ന് നല്ല നിലവാരവും അഭിപ്രായവും നേടിയെടുത്ത ഈ മാസികയും മുഖ്യ ധാരാ മാസികകളുടെ പോലെ തന്നെ ചിന്തിക്കുന്ന സമൂഹം അവഗണിക്കും എന്ന് ഭയപ്പെടുന്നു. അതുണ്ടാകില്ല എന്ന പ്രതീക്ഷയോടെ.ആശംസകള്‍..!
എ. എ. പ്രേംദാസ്,
ആര്‍. കെ. പുരം, ന്യു ദല്‍ഹി.

ഓര്‍മ്മകള്‍ക്കപ്പുറം 
ജൂലൈ ലക്കത്തില്‍, തോപ്പില്‍ ഭാസിയെകുറിച്ച് എഴുതിയ ഓര്‍മ്മക്കുറിപ്പ്‌ തീര്‍ച്ചയായും നല്ല വായനാനുഭവമായി. മഹാനായ കലാകാരനും പ്രിയസഖാവുമായ തോപ്പില്‍ ഭാസിയും കെ.പി.എ സി.യും  വിജയത്തിന്റെ പടവുകള്‍ താണ്ടുന്നത് ലളിതവും സത്യസന്ധവുമായ ഭാഷയില്‍ പറഞ്ഞിരി ക്കുന്നു. അക്കാലങ്ങളില്‍ നില നിന്നിരുന്ന സാമൂഹിക അനീതിയും, ഭരണകൂട ഭീകരതയും പുത്തന്‍ തലമുറക്കാര്‍ക്ക് ഒരു പക്ഷെ അന്യമായെക്കാം. ഒരു വ്യക്തിയെന്ന നിലയില്‍ സ്വന്തം തൂലിക കുടുംബത്തിനും ജീവിതത്തിനും ദോഷകരമാകുന്ന അനുഭവങ്ങള്‍ ഇതുപോലെ വിപ്ലവ കാരികള്‍ക്ക് ഉണ്ടായെന്നു വരാം. 

ശ്രീ. കെ. ആര്‍. കിഷോറിന്റെ  തൂലിക  സഖാവിനോടും അദ്ദേഹത്തിന്റെ കലാജീവിതതോടും നീതി പുലര്‍ത്തിയിട്ടുണ്ട്. 
 ബാല വാക്കയില്‍, 
കൊടുങ്ങല്ലൂര്‍ 
ചോരക്കളിയോട്‌ വിട

പ്രിയപ്പെട്ട ആർ.എം.പീ, 

നിന്നെ ഇല്ലാതാക്കണം എന്നതായിരുന്നു അവരുടെ ലക്ഷ്യം,
 അതുകൊണ്ടാണല്ലൊ, എന്നെ നശിപ്പിക്കുന്നതിലൂടേ
നിന്നെ നശിപ്പിക്കാനുള്ള ശ്രമം അവർ നടത്തിയത്‌.
എന്നാൽ എന്റെ മരണത്തിലൂടെ നീ വളർന്നുകൊണ്ടിരിക്കുകയാണ്‌. .....
നിനക്ക്‌ പരിചയായി  ഞാൻ നില്ക്കുകയായിരുന്നു.
അവർക്കെന്നെ ഒറ്റ് വെട്ടിന്‌ കൊല്ലാമായിരുന്നു,
എന്നാൽ അമ്പത്തൊന്ന്‌ വെട്ടുകളാണ്‌ വെട്ടിയത്‌.
അവർ ആനന്ദ  നൃത്തമാടുകയാണ്‌.....
ഞാനും നീയും അവരും അറിഞ്ഞിരുന്നില്ല.
നീ ഇത്രമാത്രം വളർന്നുപോകുന്നുവെന്ന്‌,
അവരുടെ ചുവടുകൾക്ക്‌ ഈണം പകരാൻ എന്നിലേല്പ്പിച്ച ഓരോ മുറിവും
എന്റെ രക്തസാക്ഷിത്വം നിനക്ക്‌ പ്രേരകമാവട്ടെ.


ഇന്നെന്നെ ചന്ദ്രഹാസത്തിലേറ്റിയ, തൊണ്ണൂറിലെത്തിനില്ക്കുന്ന ആ വന്ധ്യവയോധികനും, ആയുസ്സിന്റെ പരിമിതികളുണ്ടെന്നറിയുക.എന്റെ നഷ്ടപ്പെട്ട ആയുസ്സും ആരോഗ്യവും ആ സഖാവിന്‌ പകർന്നു നല്കാൻ കഴിഞ്ഞിരുന്നെങ്കിൽ...! ഇല്ലാത്ത മുഷ്ടി ചുരുട്ടി ഞാനദ്ദേഹത്തിന്‌ അഭിവാദ്യങ്ങൾ അർപ്പിക്കട്ടെ.....!

താനറിയാതെ ഇല പോലും അനങ്ങില്ലെന്ന്‌ പറഞ്ഞുകൊണ്ട്‌ എന്നെ വെട്ടിനുറുക്കിയത്‌, വലതുകൈ അറിഞ്ഞില്ലെന്ന്‌ ആവർത്തിച്ച്‌ പറയുന്നവരുടെ വലതു കൈ വെട്ടിമാറ്റിയാൽ....?


അവരെ സൂക്ഷിക്കനം. നാടുനന്നാക്കാൻ പടവെട്ടി നടക്കുന്നവർക്ക്‌ നൂറു ശതമാനം പേരും നന്നാകണം എന്നിരിക്കേ അമ്പതുശതമാനം മതി നമുക്ക്‌ ഭരണം പിടിക്കാൻ എന്ന്‌ പാടിനടക്കുന്ന ഇടതുപക്ഷ നേതാക്കൾ ഉള്ള നാടാണിത്‌. പാർലിമെന്ററി വ്യാമോഹത്തിന്റെ ആക്രാന്തിയിൽ ബാക്കി അമ്പതു ശതമാനാത്തെ വെട്ടിനുറുക്കിയും , ഭീഷണിപ്പെടുത്തിയും സ്വന്തം അണികളിൽ ചോരയുടെ മണം നിലനിർത്തണം. സുഖഭോഗങ്ങളില്‍  കുളിപ്പിച്ച്‌ വ്യാമോഹങ്ങൾ വളർത്തിയെടുത്ത്‌ അണികളെ കൊഴിഞ്ഞുപോകാതെ നിലനിർത്തുകയും വേണം.


ചോര കണ്ടാൽ വെറി പിടിക്കുന്ന ഒരു തലമുറ തന്നെ ഇവിടെ വളർന്നുവരുന്നുണ്ട്‌. വിസ്മയക്കാഴ്ച്ചകളും  ആഢംബരജീവിതവും അവരെ മദോന്മത്തരാക്കുന്നുണ്ട്‌. ചോര ചൊരിഞ്ഞായാലും അതെല്ലാം എത്തിപ്പിടിക്കണമെന്നവർ മോഹിക്കുന്നു.

കുടിലുകളിൽ എരിയുന്ന പാവം ജനതക്ക്‌ ആഢംബരജീവിതം കാണാക്കാഴ്ച്ചകളാണ്‌. അവരെ വ്യാമോഹിപ്പിച്ച്‌ ചൂണ്ടയിൽ കുടുക്കിയാണ്‌ ഗുണ്ടാസംഘങ്ങളാക്കി മാറ്റിയെടുക്കുന്നത്‌.


മുമ്പ്‌ നാലുപേരെ പാർട്ടിക്കു വേണ്ടി കൊന്നവൻ പിടിക്കപ്പെട്ടപ്പോൾ, പോലീസിനോട്‌ പൊട്ടിക്കരഞ്ഞു പറഞ്ഞു,“എനിക്ക്‌ പറ്റിപ്പോയി”
എന്നാൽ അവരുടെ അമ്മമാർ പറയും, നിനക്ക്‌ പറ്റിപ്പോയതല്ല, നിന്നെ പറ്റിച്ചതാണ്‌........ നീ , മുമ്പേ തിരിഞ്ഞുനോക്കണമായിരുന്നു., എന്ന്‌.

പാവപ്പെട്ട മനുഷ്യരുടെ അറിവില്ലായ്മയേയും ,കഴിവില്ലായ്മയേയും മുതലാക്കി, ഇടതുപക്ഷ വേഷം കെട്ടി നടക്കുന്ന കപടന്മാർ“കോർപ്പറേറ്റ് രാഷ്ട്രീയം” അടിച്ചേല്പ്പിക്കുകയാന്‌. ചാനലുകളും , അമ്യൂസ്മെന്റ്‌ പാർക്കും മാത്രമല്ല , വരുമാനം കൂടുതൽ കിട്ടുമെങ്കിൽ അമ്പലവും പള്ളികളും  കച്ചവടമായി തുടങ്ങാനും മടിക്കില്ല.

പൂജാരിയായും ,കർദ്ദിനാളായും, മുക്രിയായും ഈ നേതാക്കൾ തന്നെ നിയമിക്കപ്പെടും. ചൊല്പ്പടിക്ക്‌ നില്ക്കുന്നവർക്ക്‌ ശമ്പളം കൊടുക്കും. അങ്ങനെ അവർക്ക്‌ വേണ്ട തൊഴിലാളികളെ അവർ തന്നെ സൃഷ്ടിച്ച്‌ സ്വയം പര്യാപ്തത നേടും. കൊട്ടെഷനും  കാശും കള്ളുമില്ലാതെ പാർട്ടി വളർത്താനാകില്ല എന്നവർ അറിയുന്നു.


ആരാച്ചാരന്മാരും ശവംതീനികളുമില്ലാത്ത ഇടതുപക്ഷപ്രസ്ഥാനമാണ്‌ എന്റെ സ്വപ്നം. തുറന്ന മനസ്സുള്ള , സ്നേഹം തുളുമ്പുന്ന സഖാക്കൾ. വിഭിന്ന ആശയങ്ങളിൽ പ്രവർത്തിക്കുന്നവരെ ശത്രുക്കൾ എന്നതിനു പകരം പ്രതിയോഗികളായി കാണാൻ കഴിവുള്ള മാനസികാവസ്ഥയുള്ള സഖാക്കൾ.ഇപ്പോഴത്തെ ഈ രാഷ്ട്രീയ മനസ്സുകളെ ശുദ്ധീകരിക്കണം.

മുളകുപൊടിയും ആയുധവും തന്ന്‌ ശത്രുക്കളെ നേരിടാൻ നിയോഗിക്കപ്പെടുന്ന അനുയായികൾ ഒരു നിമിഷം ചിന്തിക്കണം.എന്തിനാണീ കൃത്യം ചെയ്യുന്നത്‌?ആർക്കെതിരെയാണ്‌ ഇത്‌ ചെയ്യുന്നത്‌? തങ്ങളെ നിയോഗിച്ചവർ എന്തുകൊണ്ട്‌ , സ്വയം ഈ കൃത്യംചെയ്യുന്നില്ലേ? അവർ നമ്മളെ ചതിക്കുകയാണെന്ന്‌ തിരിച്ചറിഞ്ഞാൽ, അവരുടെ മുഖത്ത്‌ കാർക്കിച്ച്‌ തുപ്പണം. അതാണ്‌ തുടക്കമാകേണ്ടത്‌. 

-സുധി തയ്യില്‍, ലോട്ടെ ഗോള്ള  ഹള്ളി, 
ബാംഗളൂര്‍ 

അത്യാഗ്രഹം വെടിയുക, 
ജനാധിപത്യ  രാഷ്ട്രീയം സ്വീകരിക്കുക ...

സാര്തഥകം ജൂണ്‍  ലക്കം  വായിച്ചു. എഡിറ്റോറിയല്‍ ഗംഭീരം.. സമകാലീന  സമൂഹം തിരിച്ചറിയാന്‍ വേണ്ടുന്ന പാഠങ്ങള്‍, ഉന്നതമായ സാംസ്കാരിക മൂല്യങ്ങള്‍,  സത്യത്തോടും ധര്മ്മത്തോടും    കാണിക്കുന്ന സത്യസന്ധത, വിശാല രാഷ്ട്രീയ ബോധം.. എല്ലാം ഉള്‍ ക്കൊള്ളുന്ന മുഖക്കുറിപ്പ്‌. 

 വിവിധസ്വഭാവങ്ങള്‍  പുലര്‍ത്തുന്ന രചനകളെ  സ്വീകരിക്കുവാനുള്ള മനസ്സ്  ഈ മാസികക്ക്  ഉണ്ടെന്ന്  മനസ്സിലാകുന്നു. 

 ഇന്ന് ലോക രാജ്യങ്ങളിലെ  നിയന്ത്രണം ന്യൂ നപക്ഷമായ  ബഹുരാഷ്ട കുത്തക കമ്പനികളില്‍ ആണല്ലോ. അതുപോലെ രാഷ്ട്രീയ പാര്‍ട്ടികള്‍ ജനങ്ങളില്‍നിന്ന് അകന്ന്‌  കമ്പനിവല്‍ കരിക്കുമ്പോഴാണു  ഒഞ്ചിയം, അരിക്കോട് പോലുള്ള പ്രശ്നങ്ങള്‍  ഉടലെടുക്കുന്നത്. ചുരുക്കി പറഞ്ഞാല്‍ ഏവര്‍ക്കും അഹങ്കാരവും, അധികാരമോഹവും, അമിത അത്യാഗ്രഹവും.  വലിയ കമ്പനികള്‍ മാര്‍ക്കറ്റുകള്‍ പിടിച്ചടക്കുന്നതുപോലെ രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ ജനങ്ങളെ അടിമകളാക്കി അടിച്ചമര്‍ത്തി ഭരിക്കാന്‍ ഇഷ്ട്ടപെടുന്നു .ഈ പോക്ക് നന്നല്ല ...! ഇതു ഇവിടം കൊണ്ട് അവസാനിക്കുകയില്ല ...!എന്നിട്ടും  ജനം നിസ്സഹരായി നോക്കി നില്‍കുന്ന അവസ്ഥയും കാണുന്നു. അതാണ്‌ വിസ്മയകരം... !

ചൈനക്ക് ശേഷം  ജനസoഖ്യയില്‍ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്ന ഇന്ത്യയിലെ ജനങ്ങള്‍ എങ്ങനെ ആഹാരം കഴിച്ച് ജീവിക്കുമെന്ന് ഗാന്ധിജിയോട് ചോദിച്ചപ്പോള്‍ മഹാത്മ ഗാന്ധി പറഞ്ഞ ഒരു വാചകം ഓര്‍മയില്‍ വരുന്നു -"ഭൂമിയില്‍ എല്ലാവര്ക്കും ആവശ്യത്തിനുളളതുണ്ട്, എന്നാല്‍ അത്യാഗ്രഹത്തിനുളളതില്ല."

 സമാധാനവും,സന്തോഷവും ഉടലെടുക്കണ
മെങ്കകില്‍ ഏതു മേഖലയില്‍ ആയാലും അത്യാഗ്രഹം വെടിഞ്ഞുള്ള ജീവിതത്തിന്‌ നാം ഓരോരുത്തരും തയ്യാറെടുത്തെ മതിയാകൂ..  അന്യന്റെ വാക്കുകള്‍ കവിതയായി ആസ്വദിക്കുന്ന കാലത്തിനു വേണ്ടി കാത്തിരിക്കാം....... !.........!........ .....!. ....... ......... .! ............                                                                                                      
 - സച്ചിദാനന്ദന്‍ ,കഴിമ്പ്രം

             Improving Fast
 All the very best to saarthakam and it is improving fast with each issue". 

                                                                                                                                      -Suresh Kodur

കാമ്പസ്‌ രചനകള്‍  വരേണ്ടിയിരിക്കുന്നു

 സാര്‍ത്ഥകം ഓണ്‍ലൈന്‍ മാസികഒരു സാഹിത്യ മാസിക മാത്രമായല്ല ആസ്വദിക്കാന്‍ ആയത് .വായിക്കുന്ന ഏതൊരാളിന്റേയും രാഷ്ട്രീയ സാംസ്കാരിക സാമൂഹ്യ ബോധങ്ങളുമായി‍വളരെ സക്രിയമായ ഇടപെടല്‍ നടത്തുന്ന ഒരു മാധ്യമ ധര്‍മ്മം കൂടി അതിനു നിര്‍വ്വഹിക്കാന്‍ ആവുന്നുണ്ട്.ഉദാഹരണത്ത്തിനു, കലാസാംസ്കാരിക രംഗങ്ങളിലെ പുതുപുത്തന്‍ വാര്‍ത്തകള്‍, വ്യക്തിവിശേഷങ്ങള്‍, പുതുതായി പ്രസിദ്ധീകരിക്കപ്പെട്ട പുസ്തകങ്ങളുടെ പരിചയപ്പെടുത്ത ലുകള്‍,  ‍ വിപണിയില്‍ ഇറങ്ങുന്ന ആനുകാലികങ്ങളുടെ ‍ പരസ്യങ്ങള്‍ ഇങ്ങനെ ഒരു ജേര്‍ണലിസ്റ്റ് വീക്ഷണ കോണിലൂടെ സാംസ്കാരിക രംഗത്തെ നോക്കിക്കാണുകയും ആവിഷ്കരിക്കുകയും ചെയുന്നുണ്ട് ഈ 'ഓണ്‍ലൈന്‍ ' ... 
മെയ്‌ ലക്കം ഓണ്‍ലൈന്‍ മാസികയുടെ എഡിറ്റോറിയല്‍ തന്നെ ശ്രദ്ധേയമായി ..സാഹിത്യത്തിന്റെയും സാഹിത്യകാരന്റെയും ഇടവും പ്രസക്തിയും കുറഞ്ഞു വരുന്നതിനെക്കുറിച്ച്ചും അതുമൂലം സമൂഹത്തില്‍ ഉണ്ടായേക്കാവുന്ന വിപത്തുകളെക്കുറിച്ചും വായനക്കാരെഅത് ഉത്ബോധിപ്പിക്കുന്നുണ്ട് ...സോമന്‍  കടലൂരിന്റെ വരകള്‍ അദ്ദേഹത്തിന്റെ കവിതകള്‍ പോലെത്തന്നെ കടലാഴമുള്ളതാണ്, ഹൃദ്യവും ചിന്തിപ്പിക്കുന്നതും ആണ് .വാഴേങ്കട കുഞ്ചുനായരുടെ ഒരു ലേഖനം -അദ്ദേഹം വര്‍ഷങ്ങള്‍ക്കു മുന്‍പ്   എഴുതിയത്-പ്രസിദ്ധീകരിച്ചത്  ഉചിതവും   ആദരസൂചകവുമായി. .  ..കൂടാതെ ലീലാമേനോന്‍ ,കെ.പി .ശങ്കരന്‍ പെരുമ്പടവം ,ടി പദ്മനാഭന്‍ ലെനിന്‍ രാജേന്ദ്രന്‍, ബാലചന്ദ്രന്‍ വടക്കേടത്ത്‌ തുടങ്ങിയവരുടെയെല്ലാം പ്രസംഗങ്ങളും പ്രസ്താവനകളും പ്രസിദ്ധീകരിച്ചതും വായനക്കാര്‍ക്ക് അവരെ സ്വയം update ചെയ്യാന്‍ സഹായകമായി .എഴുത്തച്ഛനും നമ്പ്യാരും എന്ന ലേഖനം മുതിര്‍ന്നവരുടെ കൌതുകങ്ങളെയും കുട്ടികൌതുകങ്ങളെയും ഒരുപോലെ ഉണര്‍ത്തി... 
കൂടുതല്‍ സര്‍ഗ്ഗാത്മക രചനകള്‍ വിശേഷിച്ചും 
കാമ്പസ്‌ രചനകള്‍ കൂടുതലായി വരേണ്ടിയിരിക്കുന്നു
 ഈ ഓണ്‍ ലൈനിലേക്ക്. 
എന്നാല്‍ മാത്രമേ ഇത് ഇതിന്റെ പേരിനെ 
അന്വര്‍ത്ഥമാക്കുകയുള്ളു.
-ഗിരിജ പി .പാതെക്കര 

  

മെച്ചപെട്ടു വരുന്നു

"സാര്‍ത്ഥകം" ഒന്നിനൊന്നു മെച്ചപെട്ടു വരുന്നു.
കൂടുതല്‍ വിഭവങ്ങളും കൂടുതല്‍ എഴുത്തുകാരെയും പ്രതീക്ഷിക്കുന്നു.
 "സാര്‍ത്ഥകം" കൂടുതല്‍ വളരെട്ടെ.
ഈ ഓണ്‍ലൈന്‍ മാസികയുടെ ശിൽപ്പികൾക്ക്‌` എന്റെ എല്ലാവിധ ഭാവുകങ്ങളും നേരുന്നു.


ലക്ഷ്മി മേനോന്‍
ബാംഗ്ലൂര്‍
കാത്തിരിക്കുന്നു

സാര്‍ത്ഥകം വായിച്ചു.. നല്ല വിഭവങ്ങള്‍ .
അടുത്ത ലക്കതിനായി കാത്തിരിക്കുന്നു.

ഗംഗാധരന്‍ മക്കനേരി
അഭിനന്ദനങ്ങള്‍

വളരെ നല്ല  വിഭവങ്ങളുമായി എത്തിയ  
ഈ  ലക്കം സാര്‍ത്ഥകത്തിനു അഭിനന്ദനങ്ങള്‍ !
                                                      കുഞ്ഞൂസ് 
കാനഡ  
...!അഭിനന്ദനങ്ങള്‍ !
"സാര്‍ത്ഥകം"   ഓണ്‍ലൈന്‍ മാഗസിന്  
ഹൃദയം നിറഞ്ഞ  അഭിനന്ദനങ്ങള്‍ !
-സച്ചിദാനന്ദന്‍ ,കഴിമ്പ്രം .






എല്ലാ  തലത്തിലും  മികവ്   കാണുന്നു
 സൃഷ്ടികള്‍    ഓരോന്നും  വളരെ  മൂല്യവത്തായതാണ് ,  എല്ലാ  തലത്തിലും  മികവ്   കാണുന്നു ... താങ്കളുടെ   അശ്രാന്ത  പരിശ്രമത്തിന്റെ  തേന്‍  നുകരാന്‍  എന്നെപോലെ   ഉള്ളവര്‍   എപ്പോഴും  കൂടെയുണ്ടാവും ... മാത്രമല്ല  ".സാര്‍ത്ഥകം " ഞങ്ങള്‍ക്ക്   വിരല്‍  തുമ്പില്‍  വിരിയുന്ന  അസാധാരണമായ  ഒരു  സാഹിത്യ  സദ്യ    .......
സ്നേഹാശംസകളോടെ  
 പ്രജോദ്   ചന്ദ്രന്‍ ......
എല്ലാ ഭാവുകങ്ങളും 
 ഒരു  മാസികയ്ക്ക്  വേണ്ട  സമ്പൂര്‍ണ്ണത ഈ  സംരഭത്തിനുണ്ട്  എന്നതില്‍  സന്തോഷം... കവിതകള്‍   കവിത  1,  കവിത  2  കവിത  3  എന്നിങ്ങനെ   തരം  തിരിച്ചത്  എന്തിനാണെന്നു  മനസ്സിലായില്ല.അണിയറപ്രവര്‍ത്തകര്‍ക്ക് "എല്ലാ ഭാവുകങ്ങളും "

സ്നേഹപൂര്‍വ്വം 
 മുരളീധരന്‍  ഹരിശ്രീ
പിറന്നാള്‍ സമ്മാനം  
കുഞ്ഞൂസ് എഴുതിയ കഥ നന്നായി . സ്വയം വയോജന     
കേന്ദ്രത്തിലെത്താന്‍  വെമ്പുന്ന  
അമ്മയുടെ  ചിത്രം പുതുമയുള്ളതാണ്.
                                                       വത്സന്‍,  അഞ്ചാംപീടിക 
പദ്മശ്രീ വാഴേങ്കട കുഞ്ചു നായരുടെ
ജീവിത കഥ
ശ്രീപി.വി.ശ്രീവത്സന്‍ സാര്‍ത്ഥകത്തില്‍ കഴിഞ്ഞ നാല് ലക്കങ്ങളിലുമായി  എഴുതി ക്കൊണ്ടിരിക്കുന്ന,  അന്തരിച്ച നാട്യാചാര്യന്‍  "പദ്മശ്രീ "വാഴേങ്കട കുഞ്ചു നായരുടെ ജീവിത കഥ എല്ലാ ലക്കങ്ങളും അതീവ വികാര വായ്പ്പോടെയാണ് വായിച്ചത്.  അടിസ്ഥാന പരമായി  ഞാന്‍ ഒരു കഥകളി ആരാധകന്‍ ആണ്. കുട്ടിക്കാലത്ത്, വേഷക്കാര്‍  ചുട്ടി കുത്തുന്ന  അണിയറയിലേക്ക് ഞാന്‍ എത്തിച്ചു നോക്കുമായിരുന്നു. അഭിനേതാക്കള്‍ ദേവന്മാരായി മാറുന്ന ആ കാഴ്ചകള്‍ കാണാന്‍. അന്നെല്ലാം ഞാന്‍ ധരിച്ചിരുന്നത്, അവര്‍ ധരിച്ചിരുന്ന ആഭരണങ്ങള്‍ യഥാര്‍ത്ഥ സ്വര്‍ണ്ണവും രത്നങ്ങളും തന്നെ ആണ് എന്നാണ്‌.കഥകളി ആശാന്മാരായ കലാമണ്ഡലം കൃഷ്ണന്‍ നായര്‍, ചെങ്ങന്നൂര്‍ രാമന്‍ പിള്ള, മാങ്കുളം വിഷ്ണു നമ്പൂതിരി, കലാമണ്ഡലം രാമന്‍കുട്ടി നായര്‍  , കുടമാളൂര്‍ കരുണാകരന്‍ നായര്‍, കുറിച്ചി   കൃഷ്ണ പിള്ള , കുഞ്ഞന്‍ പണിക്കര്‍ തുടങ്ങിയവരെ പോലെ എനിക്കും വലിയ കഥകളി ആചാര്യനാകണം എന്ന സ്വകാര്യ മോഹം മനസ്സില്‍ രഹസ്യമായി കൊണ്ട് നടന്നിരുന്നു. കലാമണ്ഡലം  ഗോപി അന്ന് വളര്‍ന്നു വരുന്നേ   ഉണ്ടായിരുന്നുള്ളൂ.                                                                                                                                                                                                            
  അക്കാലത്തെ ഒരു ചെറിയ ഓര്‍മ പങ്കുവെക്കട്ടെ. വേദി ഏറ്റുമാനൂര്‍ ക്ഷേത്രം. കഥ സന്താന  ഗോപാലം. വാഴേങ്കട കുഞ്ചു നായര്‍ ബ്രാഹ്മണന്‍, പത്നി  കുടമാളൂര്‍ കരുണാകരന്‍ നായര്‍, കലാമണ്ഡലം കൃഷ്ണന്‍ നായര്‍ അര്‍ജ്ജുനന്‍. അന്ത്യരംഗത്തില്‍, കൃഷ്ണാ ര്‍ജ്ജുനന്മാര്‍ ‍,  മരണപ്പെട്ട പത്തു കുട്ടികളെയും വിഷ്ണുവിന്റെ അനുഗ്രഹത്തോടെ  വൈകുണ്ഠ ത്തില്‍ നിന്ന് വീണ്ടെടുക്കുകയാണ്. എട്ടു - ഒന്‍പതു വയസ്സുള്ള ഞങ്ങള്‍ ഏതാനും കുട്ടികള്‍, അരങ്ങിന്റെ അരികില്‍ പറ്റിപ്പിടിച്ചു നിന്ന് വിസ്മയകരവും  വികാരഭരിതവുമായ  രംഗങ്ങള്‍  ശ്വാസം അടക്കിപിടിച്ചു നിന്ന്  കാണുകയാണ്. അര്‍ജുന വേഷക്കാരന്‍ ആയ കൃഷ്ണന്‍ നായര്‍, ഞങ്ങള്‍ കുട്ടികളെ ഉയരം അനുസരിച്ച് ഓരോരുത്തരെയും എടുത്തു ബ്രാഹ്മണന്  (വാഴേങ്കട കുഞ്ചു  നായര്‍ക്കു ) കൊടുക്കുകയും അദ്ദേഹം ഞങ്ങളെ ഓരോരുത്തരെയും എടുത്തു ഒന്ന് താളാത്മകമായി വീശി തന്റെ ഭാര്യ ( കുടമാളൂര്‍ ) ക്ക് കൈ മാറുകയും ചെയ്തു. ഒരു നിമിഷത്തില്‍, ഞാന്‍ അറിയുന്നുണ്ടായിരുന്നു, കുഞ്ചു നായര്‍ എന്നെ എടുത്തു കുടമാളൂരിന്റെ കയ്യിലേക്ക് എറിഞ്ഞു കൊടുക്കുമ്പോള്‍, പ്രസവിച്ച പത്തു കുട്ടികളില്‍ ഒരാളായി മാറുകയായിരുന്നു എന്ന്.

    വളരെ വര്‍ഷങ്ങള്‍ക്കു ശേഷം, ബോംബയിലെ ജയ് ഹിന്ദ്‌ ഹാളില്‍ " നളചരിത" ത്തിലെ നളന്‍     ആയി വേഷം കെട്ടി നിന്ന അവസരത്തില്‍, ഞാന്‍ ഈ കഥ ഓര്‍മിപ്പിച്ചപ്പോള്‍, അദ്ദേഹം ആ       നിമിഷം ഓര്‍ത്തു കൊണ്ട് പുഞ്ചിരിച്ചു..

ശ്രീ പി.വി.ശ്രീവത്സന്റെ ഈ രചനാ പാടവം കണ്ടപ്പോള്‍ ഞാന്‍ ഈ രംഗം ഓര്‍ത്തു പോയി,  അഭിനന്ദനങ്ങള്‍.
കുഞ്ചു നായരുടെ  മകളും സാര്‍ത്ഥകത്തിന്റെ സാരഥികളില്‍  ഒരാള്‍ ആണ് എന്നറിഞ്ഞതില്‍ ഏറെ സന്തോഷം. ആചാര്യന്‍ വാഴേങ്കട കുഞ്ചു നായരുടെ മഹത്തായ ഓര്‍മകള്‍ക്ക് മുന്നില്‍ നമോവാകം അര്‍പിക്കുന്നു.
   എല്ലാ നന്മകളും ആശംസകളും നേരുന്നു. 
ഡോക്ടര്‍ സി.എന്‍.എന്‍.നായര്‍, 
ബോംബെ.
മൊബൈല്‍:  (0) 9833971185

Excellent contents and Elegant  Presentation

I did go thru the online masika Saarthakam online masika current issue (April '12).  I am glad to see that it
has excellent contents and the presentation is elegent. I enjoyed it. My best wishes!!
Dr.C.N.N.Nair, Mumbai. 

ഉണര്‍വിന്റെ   വെളിച്ചംപോലെ 
അറിവിന്റെ  തണുത്ത  തലങ്ങളില്‍ 
ഉണര്‍വിന്റെ   വെളിച്ചംപോലെ 
ഈ    സൂര്യകാന്തിപ്പൂക്കള്‍ 
സാര്‍ത്ഥകം
വയിചീടില്‍ 
സാര്‍ത്ഥകം ജന്മം പോലും

ബാലന്‍ വാകയില്‍
കൊടുങ്ങല്ലൂര്‍                                                                                                     
നല്ല നിലവാരം
സാർത്ഥകം ഓൺലൈൻ വായിക്കുകയായിരുന്നു.  
സൃഷ്ടികളും മാസികയുടെ ഡിസൈനും 
വളരെ നന്നായി തന്നെ കൊടുത്തിരിക്കുന്നു. 
ഓൺലൈൻ സാഹിത്യസംരംഭങ്ങളിൽ 
ഈ മാസിക നല്ല നിലവാരം പുലർത്തുന്നുണ്ടെന്നു മനസ്സിലാകുന്നു.
                                                                                                                                           ശ്രീകൃഷ്ണ ദാസ്‌.  മാത്തൂര് 
പ്രതിസന്ധികളെ  വെല്ലുവിളിച്ചു 
മുന്നോട്ടു പോകുക 

 വ്യക്തികളോ, പ്രസ്ഥാനങ്ങളോ  ചിലപ്പോള്‍ ആവശ്യങ്ങള്‍  തേടി പ്പിടിക്കുകയും അവരുടെ  പ്രവര്‍ത്തനങ്ങളിലൂടെ  ലോകം പലതും അടുത്തറിയുകയും ചെയ്യും. വായനാ ശീലമുള്ളവർക്ക്‌ ഒഴിച്ചുകൂടാൻ   വയ്യാത്ത ഒരു   മാധ്യമമായി മാറിക്കൊണ്ടിരിക്കുകയാണ്‌ ഓൺ ലൈനിലൂടെയുള്ള പത്ര മാസികാ പ്രവർത്തനങ്ങൾ. ഓരോ രചനകളും രചയിതാവും വായനക്കാരും അവരവരുടെ ലോകത്തു നിന്ന്‌ കാണുകയും, അവരുടേതായ വീക്ഷണങ്ങളിലൂടെ ആസ്വദിക്കുകയും ചെയ്യുന്നു. എന്നാൽ ദൃശ്യകലകൾ, ഒരു സംവിധായകന്റെ ഭാവനയിലൂടെ അക്ഷര ങ്ങൾക്കനുയോജ്യമായി ചിത്രീകരിക്കപ്പെടുമ്പോൾ ആസ്വാദകൻ സംവിധായകന്റെ തലങ്ങളിലേക്ക്‌ അൽപ്പമെങ്കിലും എത്തിപ്പെടുന്നു. ഇവിടെയാണ്‌ ദൃശ്യമാധ്യമ സൃഷ്ടി വെല്ലുവിളിക്കപ്പെടുന്നത്‌.

 സാഹിത്യരചനകളും, ദൃശ്യകലകളും , വാർത്തകൾ തന്നേയും ആരോഗ്യപരവും, നിലവിലുള്ള      സാംസ്ക്കാരി കതലത്തിൽ നിന്നുള്ള നേർക്കാഴ്ച്ചകളുടെ ഉയരം തേടുമ്പോൾ, ആസ്വാദകരുടെ  വീക്ഷണങ്ങൾ അതിലൂടെ ഉയർന്നു വരാൻ ആരംഭിക്കുമ്പോൾ, കലയും സംസ്ക്കാരവും   സാർത്ഥ കമാകുന്നു. സാമൂഹിക നന്മയുടെ ദിശയിലേക്ക്‌ പ്രതിസന്ധികളെ വെല്ലുവിളിച്ചുകൊണ്ടു തന്നെ മുന്നോട്ടു പോകുവാൻ ഓൺലൈൻ മാസികാ പ്രവർത്തനങ്ങളിൽ വ്യാപൃതരാകുന്ന എല്ലാവർക്കും കഴിയട്ടെയെന്നാശിക്കുന്നു. എല്ലാ സഹായ സഹകരണങ്ങളും ഇപ്പോഴും ഉണ്ടായിരിക്കും. 

തുറന്ന മനസ്സോടെ ആശംസകൾ അർപ്പിക്കുന്നു.
 സ്നേഹപൂർവ്വം, 
                                                                                      സുധി തയ്യിൽ, 
                                                                                             ബാംഗ്ലൂർ

സാഹിത്യലോകത്തേക്ക്‌ 
ശ്രദ്ധേയമായ സംഭാവനകൾ പ്രതീക്ഷിക്കുന്നു

“സാർത്ഥകത്തിലേക്ക് ക്ഷണിച്ചതിന്‌ നന്ദി പ്രകാശിപ്പിക്കട്ടെ. സാർഥകം സന്ദർശിച്ചു, വളരെ നന്നായി അനുഭവപ്പെട്ടു. മനോഹരമായ ദൃശ്യാനുഭവം, നല്ല അവതരണം, തീർച്ചയായും ഉള്ളടക്കവും ഗുണപരം!
”സാർത്ഥകം“ പ്രവർത്തകർക്ക്‌ എല്ലാ ഭാവുകങ്ങളും നേരുന്നതോടൊപ്പം, മലയാള സാഹിത്യ ലോകത്തേക്ക്‌ ശ്രദ്ധേയമായ സംഭാവനകൾ ഈ മാസികയ്ക്കു നല്കാൻ കഴിയുമെന്ന്‌ പ്രത്യാശിക്കുകയും ചെയ്യുന്നു.
നന്ദിപുരസ്സരം
സുരേഷ്‌ കോടൂർ


 അഴീക്കോട്  മാഷില്‍ 
ഒരു സാധാരണക്കാരന്‍ ഉണ്ടായിരുന്നു... 
സാര്‍ത്ഥകം മാസിക വായിച്ചു. പ്രതീക്ഷിച്ചതിലേറെ നന്നായി. സന്തോഷം. മാസികയ്ക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
കൂട്ടത്തില്‍ ഒന്നു പറയട്ടെ, അഴീക്കോടുമാഷ് മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന പോലെ ദേവലോകത്തു നിന്ന് ഭൂമിയിലേക്ക് വഴിതെറ്റി വന്ന ഒരാളല്ല. ഒരു സാധാരണ മനുഷ്യന്റ സ്നേഹവും കാരുണ്യവും വാശിയും പകയും വൈരാഗ്യവും കൊണ്ടു നടന്നിരുന്ന ഒരാളായിരുന്നു. ഓരോ സംവാദവും ഓരോ വിവാദമായി മാറ്റുകയും വാഗ്വാദത്തിന്റെ ഒരു ഘട്ടത്തില്‍ ആശയപരമായ വിമര്‍ശന ത്തിന്റെ മേലങ്കി വലിച്ചെറിയുകയും വ്യക്തി വിദ്വേഷത്തിന്റെ പോര്‍ചട്ട അണിയുകയും ചെയ്തു. ജി. ശങ്കരകുറുപ്പു മുതല്‍ മോഹന്‍ലാല്‍ വരെയുള്ളവരുമായുള്ള സംവാദങ്ങള്‍ ഇതിനു സാക്ഷി മൊഴിയാകുന്നു. എന്നാല്‍ ഞാന്‍ എല്ലാ വിമര്‍ശനങങ്ങള്‍ക്കും അതീത നാണെന്നുള്ള ചിന്താഗതി മൂലം,  അദ്ദേഹത്തി നെതിരെ വരുന്ന ചെറിയ വിമര്‍ശനങ്ങള്‍ പോലും അദ്ദേഹത്തെ പ്രകോപിത നാക്കിയിരുന്നു. 

ആശുപത്രി വാസത്തിനിടയ്ക്ക് അദ്ദേഹം വാക്കുകള്‍ കൊണ്ടു വേദനിപ്പിച്ചവര്‍ എല്ലാവരും എല്ലാം മറന്നു അദ്ദേഹത്തോടും സ്നേഹവും ആദരവും പ്രകടിപ്പിച്ചു. അദ്ദേഹത്തി നരികിലേക്ക് ഒഴുകിയെത്തി. ഭാരതീയ സംസ്കാരത്തിന്റെ നീരുറവ ഇനിയും നിലച്ചിട്ടില്ലെന്നു ഇതു നമ്മെ ബോദ്ധ്യപ്പെടുത്തുന്നു. മലയാള ഭാഷയുടെ കരുത്തും വാക്കിന്റെ സൌന്ദര്യവും ഓരോ മലായാളി യേയും അനുഭവിപ്പിച്ചു കൊടുത്തു എന്നതാണു മാഷിന്റെ വര്‍ത്തമാന പ്രസക്തി. 
വരുംകാല ചരിത്രം മാഷെ അടയാളപ്പെടുത്തുന്നതും ഇങ്ങനെയായിരിക്കും മാഷ് നല്ല ഒരു അവസരവാദിയും കൂടിയായിരുന്നു. അതു കൊണ്ടുകൂടിയാണല്ലോ ഒരു പ്രണയത്തെപ്പോലും അതിന്റെ ഭാവ തീവ്രതയോടെ ഹൃദയത്തില്‍ ഏറ്റു വാങ്ങുവാനോ ആ പ്രണയത്തിനെ അതിന്റെ പൂര്‍ണ്ണത യിലെത്തിക്കാനോ കഴിയാതതെ പോയത്. ഇങ്ങനെയൊക്കെ ആണെങ്കിലും,  ജോലി ത്തിരക്കിനിടയില്‍ തനിക്ക് ആയിരം പൂര്‍ണ്ണചന്ദ്രന്‍മാരെ കാണുവാന്‍ കഴിഞ്ഞില്ലെന്നും , ആയിരം പൂര്‍ണ്ണ ചന്ദ്രന്മാര്‍   ഒരുപക്ഷേ തന്നെ വന്നു കണ്ടിട്ടുണ്ടാകാം എന്നും പറഞ്ഞ ആ സ്നേഹം നിറഞ്ഞ ധിക്കാരിയുടെ മുന്നില്‍ നമിക്കാതെ വയ്യല്ലോ.
ടി. എസ്. സലീല്‍, 
 ഇരിങ്ങാലക്കുട
ഉചിതമായ സംരംഭം
മാസിക വായിച്ചൂ. ഉചിതമായ സംരംഭം. എല്ലാ ആശംസകളും.
- അശോകന്‍ ചരുവില്‍

Attractive 

Your attempt is attractive and successful.Thank  you 
 
-P.K.Gopi


Appreciate the initiative 

Happy to note that there is an online publication from Bangalore from our friends…Went through the articles and all are good.  Appreciate the initiative and wish all the  very best for it’s good going.
Regards ,
-Satheesh Thottassery


സ്നേഹത്തിന്റെ 
ഒരു ചീന്ത്‌
വ്രണങ്ങൾ കൊണ്ട്‌ മൂടിയ ഈ ലോകത്തിൽ വചനങ്ങളല്ലാതെ ഒരുക്കൂട്ടാ നാവുന്നതൊന്നും സംഭരി ക്കുവാൻ കഴിഞ്ഞിട്ടില്ല. അഴുകിയ ധാന്യ മണികൾ പോലെ പൊടിഞ്ഞു പോകുന്ന ഈ ജീവിതത്തിൽ നില നിൽക്കുന്നതായി മറ്റൊന്നില്ല.ഇനിയും പിറവി യെടുത്തിട്ടില്ലാത്ത ഭാഷ കൾക്കപ്പുറം മനസ്സ്‌ തുടിയ്ക്കുന്നതു കൊണ്ടാകാം പ്രകൃതിയിലെ വസ്തുക്കൾ ക്കെല്ലാമിടയിൽ വിശുദ്ധമായ ചിന്തക ളിലൂടെ കവിതകളുടെ തോക്കുമായി നാം നടക്കുന്നത്‌. പ്രകാശത്തിന്റെ ഇഴകളാൽ തുന്നിക്കൂട്ടിയ വൃക്ഷം പോലെ "സാർത്ഥകം" ബോധിയുടെ തണൽ വിരിയ്ക്കുന്നു. ആ സ്മൃദ്ധിയിലേക്ക്‌, ആഹ്ലാദങ്ങളിലേക്ക്‌ ഞാനെന്റെ കൈകളാഴ്ത്തട്ടെ. സാർത്ഥകത്തിന്റെ ഉന്നതിയിലേക്കുള്ള പടവുകളുടെ നിർമ്മാണം നടത്താൻ നമ്മുടെ ഭാഷയുടെ മഴവില്ലു വിരിയിക്കാൻ ആ ഐക്യത്തിലേക്ക്‌ ഞാനും ഒത്തുചേരുന്നു.

-കരുണാനിധി, 
ഭിലായ്






"ബാലന്റെ ബാല്യം","ഇനിയെന്നാണാവോ"
ഈ കഥകള്‍ ശ്രദ്ധേയം 
"സാർത്ഥകം "മാസിക നല്ല നിലവാരം പുലർത്തുന്നു. ശ്രീമതി ബ്രിജി എഴുതിയ "ബാലന്റെ ബാല്യം" എന്ന കഥയിലൂടെ കടന്നുപോയപ്പോൾ, ഇത്രയും സരളമായ ഭാഷയിൽ കഥാകാരി "നാടോടുമ്പോൾ നടുവെ ഓടണം" എന്ന പഴമൊഴി അന്വർത്ഥമാക്കി അവതരിപ്പിച്ചതായി അനു ഭവപ്പെട്ടു. അതുപോലെ അഞ്ജലി മാനമ്പള്ളിയുടെ "ഇനിയെന്നാണാവോ" എന്ന കഥയിലൂടെ മനുഷ്യന്റെ ജീവിയ്ക്കുവാനുള്ള ത്വരയെ എടുത്തു കാണിക്കാൻ അവരുടെ രചനാ ശൈലിയിലൂടെ കഴിഞ്ഞിരിക്കുന്നു. 
മറ്റു വിഭവങ്ങളും ഒന്നിനൊന്നു മെച്ചമുള്ളതായിരിക്കുന്നു. "സാർത്ഥകം " അണിയറ ശിൽപ്പികൾക്ക്‌` എല്ലാ വിധ ഭാവുകങ്ങളും........

-രാജി സുരേഷ്‌
തകഴി