ബാംഗ്ലൂര്‍ വര്‍ത്തമാനം

 

സർഗ്ഗാത്മകതയെ വികസിപ്പിക്കണം.

ടി.പി.ഭാസ്ക്കര പൊതുവാള്‍ 
എനിക്ക്‌ കുട്ടികളെ ഇഷ്ടമാണ്‌. അവർ കുസൃതിയും കറുമ്പും കാണിക്കും.യാതൊരു കുറുമ്പും കാണിക്കാത്ത നിർദ്ദോഷിയായ,നിശ്ശബ്ദനായ  കുട്ടിയെ ഒന്നിനും കൊള്ളില്ല. ഏതെങ്കിലും തരത്തിലുള്ള കഴിവും വാസനയുമുള്ള കുട്ടികൾ വെറുതെ അടങ്ങയൊ തുങ്ങി ഇരിക്കില്ല. അവരെ അവരുടെ പാട്ടിനു വീടണം. പാട്ട്‌ പാടുന്നവരെ പാടാനും, ചിത്രം വരക്കുന്നവരെ ചിത്രം വർക്കാനും,നൃത്തം ചെയ്യുന്നവരെ നൃത്തം ചെയ്യാനും ,കവിത-കഥാ രചന നടത്തുന്നവരെ അതിനെല്ലാം വീട്ടുകാർ അനുവദിക്കണം. പാട്ടു പാടുന്നതിലൂടെ ചിത്രം വർക്കുന്നതിലൂടെ നൃത്തം ചെയ്യുന്നതിലൂടെ കവിത രചിക്കുന്നതിലൂടെ ഓരോരുത്തരും അവരുടെ വികാര വിചാര വ്രേചനമാണ്‌ നടത്തുന്നത്‌. അവരവരുടെ മനസ്സിൽ കെട്ടിക്കിടക്കുന്ന സംഘർഷങ്ങളാണ്‌ അത്തരം സർഗ്ഗാത്മകപ്രവർത്തനങ്ങളിലൂടെ അണപൊട്ടി ഒഴുകുന്നത്‌. അങ്ങനെ അവർ ശാരീരികവും മാനസീകവുമായി ശാന്തരും സമാധാനമുള്ളവരുമായി മാറുന്നു. അവർക്ക്‌ ജീവിതവിജയമുണ്ടാകും. പാട്ടു പാടുന്നവരേയും മറ്റു കലാപ്രകടനം നടത്തുന്നവരേയും നോക്കി നമ്മുടെ അമ്മമാർ പറയുന്നത്‌ എന്താണ്‌?“പാടിക്കൊണ്ടു നടന്നോ,അടുത്ത വീട്ടിലെ രാധേടെ കൊച്ചിനെ പരീക്ഷയിൽ തോല്‍പ്പിച്ചേക്കണം.അല്ലെങ്കിൽ എന്റെ സ്വഭാവം മാറും”.മറ്റുള്ളവരെ തോല്‍പ്പിക്കണം.അവനവന്റെ കുട്ടി ജയിച്ചാൽ പോരെ?എന്തിനാണ്‌ മറ്റുള്ളവർ തോല്‍ക്കാൻ ആഗ്രഹിക്കുന്നത്‌. അത്‌ പോസിറ്റീവ് എനർജിയല്ല ഉണ്ടാക്കുന്നത്‌. DSC_0049.JPG

ആമയും മുയലും പന്തയം വെച്ചപ്പോൾ മുയൽ പറഞ്ഞു, “ഞാൻ നിന്നെ തോല്പ്പിക്കും”.എന്നാൽ ആമ പറഞ്ഞത്‌ ,“ഞാൻ ജയിക്കും ”എന്നു മാത്രമാണ്‌. എന്തുണ്ടായി.ജയിക്കുമെന്ന്‌ പറഞ്ഞ ആമ ജയിച്ചു. തോല്‍പ്പിക്കുമെന്നു പറഞ്ഞ മുയൽ തോറ്റു.

എട്ടാംക്ളാസ്സ്‌ വരെ കണക്കിൽ തോറ്റുക്കൊണ്ടിരുന്ന ഞാൻ എട്ടിൽ ജയിച്ചു. കാരണം എന്റെ ടീച്ചറാണ്‌. എട്ടിൽ പഠിപ്പിക്കാൻ ഒരു പുതിയ കണക്കു ടീച്ചർ വന്നു. കവിത ചൊല്ലി,കഥ പറഞ്ഞു,പാട്ടു പാടി, ഗഹനമായ കണക്ക്‌ എന്ന വിഷയത്തെ ലാഘവമാക്കി അവതരിപ്പിച്ചപ്പോൾ ഞങ്ങൾക്കെല്ലാവർക്കും താല്‍പ്പര്യമായി. കണക്കും ദഹിച്ചുതുടങ്ങി. അപ്പോൾ ഞങ്ങൾ എല്ലാവരും കണക്കിൽ ജയിച്ചു. അപ്പോഴാണ്‌ ഞാൻ മനസ്സിലാക്കിയത്‌, കണക്കിൽ ഞാൻ തോറ്റിരുന്നത്‌ എന്റെ കുറ്റം കൊണ്ടായിരുന്നില്ല എന്ന്‌. ചീത്ത കുട്ടികളെന്നും,മണ്ടന്മാരെന്നും കുട്ടിക്കാലത്ത്‌ പേരെടുക്കുന്നവർ യഥാർത്ഥത്തിൽ ചീത്തയോ, മണ്ടനോ അല്ല. നമ്മുടെ സമൂഹത്തിൽ വളർന്നുവന്നിട്ടുള്ള മിഥ്യാബോധമാണ്‌. എല്ലാവരാലും നിന്ദിക്കപ്പെട്ട കുട്ടികൾക്കുമൊരു സ്വകാര്യഹൃദയമുണ്ടാകും. അതിലേക്കിറങ്ങിച്ചെല്ലാൻ വീട്ടുകാർക്കും,അദ്ധ്യാപകർക്കും കഴിയണം. അല്ലെങ്കിൽ അവർ സമൂഹത്തിനു തന്നെ ഭാരമായി, ദുരന്തമായി മാറിയെന്നിരിക്കും. നിന്ദിക്കപ്പെട്ട ഒരു കുട്ടിയെ ഞാൻ അഭിനന്ദിച്ചു.. ഒരു കവിത പൂരിപ്പിച്ചതിന്‌ സമ്മാനവും കൊടുത്തു.അവൻ അത്ഭുതപ്പെട്ടു. വീട്ടിൽ ചെന്നു ഈ കാര്യം പറഞ്ഞപ്പോൾ ,അത്‌ കട്ടതായിരിക്കുമെന്ന്‌ പറഞ്ഞ്‌ അവന്റെ അച്ഛൻ അവനെ വീണ്ടും വേദനിപ്പിച്ചു. എന്നോട്‌ കാര്യം പറഞ്ഞപ്പോഴാണ്‌ എല്ലാം ഞാൻ വിശദീകരിച്ചത്‌. അപ്പോഴാണ്‌ ആ അച്ഛൻ തിരിച്ചറിഞ്ഞത്‌. എല്ലാം അയാൾ ഏറ്റു പറഞ്ഞു. ആ സംഭവത്തിലൂടെ ആ കുട്ടിയിൽ അത്ഭുതകരമായ മാറ്റമുണ്ടായി. ഇന്നവൻ ഇംഗ്ളീഷ്‌ സാഹിത്യത്തിൽ എം.എ.ക്കു പഠിക്കുകയാണ്‌. കുട്ടികളോട്‌ കരുണ കാണിക്കണം. അവർ ഭാവിയുടേ വാഗ്ദാനങ്ങളാണ്‌. അവരെ തീവ്രവാദിയും സാമൂഹ്യദ്രോഹിയും കുറ്റവാളികളുമാക്കിമാറ്റുന്നത്‌ നമ്മുടെ സമൂഹമാണ്‌. DSC_0020 copy.jpg



നാം പ്രസരിപ്പിക്കേണ്ടത്‌ പോസിറ്റീവ് എനർജിയാണ്‌. സ്നേഹപൂർവ്വം.ഓരോ കുട്ടിയേയും നെഞ്ചോടു ചേർത്തു പിടിക്കുമ്പോൾ ഒരോരുത്തരുടേയും ഹൃദയം സ്നേഹം കൊണ്ട്‌ നിറയും. അത്‌ കവിഞ്ഞൊഴുകും. അപ്പോൾ കവിതയും, സംഗീതവും നൃത്തവും ഒഴുകും. അത്‌ തുറന്നു വീടണം. അവർ നല്ലവരായി വളരട്ടെ. അവരിൽ സ്വാർത്ഥതയുടേയും, ദുരഭിമാനത്തിന്റേയും ,അസൂയയുടേയും വിഷവിത്തുകൾ പതിയാതിരിക്കട്ടെ. അതിന്നിട നാം കൊടുക്കരുത്‌. കാലത്തിന്റെ കുത്തൊഴുക്കില്‍ നഷ്ടമാവുന്ന  ഒന്നാണ് ഭാഷയും ,സംസ്ക്കാരവും. മലയാളിയുടെ സംസ്ക്കാരത്തിന്റെ ജൈവതാളങ്ങള്‍ യാന്ത്രികയുഗത്തിന്റെ തിരക്കുകളില്‍ പെട്ട് നഷ്ടപ്പെടുന്നു. അവനവനെ അറിയാനും ,സമൂഹത്തെ തിരിച്ചറിയാനും  ഇണങ്ങാനും ,പിണങ്ങാനും  പഠിപ്പിച്ചു തന്ന അമ്മമലയാളത്തെ  നാം തിരിച്ചുപിടിക്കേണ്ടി യിരിക്കുന്നു. മലയാളഭാഷയുടെ മൂല്യങ്ങളെ  വളര്‍ത്തി എടുക്കേണ്ടത്  സമൂഹത്തിന്റെ   ധാര്‍മ്മിക ഉത്തരവാദിത്വമാണെന്നും  ഭാസ്ക്കര പൊതുവാള്‍ അഭിപ്രായപ്പെട്ടു. 

" ധ്വനി " മലയാളീ വനിതാസംഘടനയു ടെ  മൂന്നാം വാര്‍ഷികത്തോടനുബന്ധിച്ചു  ഷെട്ടിഹള്ളി ഇന്ത്യന്‍ പബ്ലിക് സ്ക്കൂളില്‍ വെച്ച് "മധുരം മലയാളം "പരിപാടി യുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയായിരുന്നു കണ്ണൂര്‍   മലയാള ഭാഷാ പാറശാല  ഡയരക്ടര്‍ "ശ്രീ  ടി.പി. ഭാസ്ക്കര പൊതുവാള്‍.
 ചെയര്‍പേഴ്സന്‍  ഇന്ദിരാബാലന്‍ അദ്ധ്യക്ഷത വഹിച്ചു. ഗായിക സുമിത്രാരാജന്‍ ഗാനങ്ങള്‍ ആലപിച്ചു. കുമാരി ശ്രീലക്ഷ്മി ,കെ.ആര്‍.ജയലക്ഷ്മി എന്നിവര്‍ കവിതകള്‍  ചൊല്ലി. വാസന്തികൃഷ്ണന്‍,ഇന്ദിരാ ശ്രീകുമാര്‍,സുധാകരുണാകാരന്‍ ,സാവിത്രിപരമേശ്വരന്‍.രുഗ്മിണി ശേഖര്‍,മാലതി പാണി,ശ്രീദേവി നാരായണന്‍ ,കനകമോഹന്‍,രശ്മിരാജ്,രുഗ്മിണി കൃഷ്ണന്‍ ,എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു. നിര്‍മ്മലാ ജോര്‍ജ്ജ് നന്ദി പ്രസംഗം നടത്തി. 
 സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്

കുട്ടികൾ ടി.വി മലയാളം മാത്രം പഠിച്ചാൽ പോരാ


                                                                  സുഗതകുമാരി

പുതിയ തലമുറയിലെ കുട്ടികൾ മലയാളം പഠിക്കാൻ തയ്യാറാകാത്തതിനാൽ സ്ക്കൂളുകളെല്ലാം ഇംഗ്ളീഷ്‌ മീഡിയം ആയിക്കൊണ്ടിരിക്കുന്നു. മലയാളി മാനസികമായി മറ്റാർക്കോ അടിമപ്പെട്ടിരിക്കുകയാണ്‌. കുട്ടികൾ ടെലിവിഷനിലൂടെ മാത്രം മലയാളം അറിഞ്ഞാൽ പോരാ. ഭാഷ നശിച്ചാൽ സംസ്ക്കാരം നശിക്കും. കുട്ടികളെ മലയാളം അഭ്യസിപ്പിക്കാൻ രക്ഷിതാക്കൾ ശ്രമിക്കണം.കുട്ടികൾ മലയാളം പഠിക്കാൻ താല്പ്പര്യം കാണിക്കാത്തത്‌ വേദനാജനകം.മലയാളം നഷ്ടപ്പെട്ടാൽ മലയാളിക്ക്‌ അസ്തിത്വം ഇല്ലാതെയാകും.മറുനാട്ടിലേക്കാൾ കഷ്ടമാണ്‌ തിരുവനന്തപുരത്തെ സ്ഥിതി. മലയാളം എഴുതാനും വായിക്കാനും അറിയില്ലായെന്ന്‌ അഭിമാനത്തോടെ പറയുന്ന കുട്ടികൾ ഏറെ കേരള തലസ്ഥാനത്തുണ്ട്‌. തമിഴനും,കന്നടിഗനും, ഭാഷയോടു കാട്ടുന്ന സ്നേഹം നമുക്കില്ല. ഭാഷയെ വികലമാക്കുന്നവരിൽ ടെലിവിഷൻ അവതാരകരുടെ പങ്കും വളരെ വലുതാണ്‌. ഇത്തരം അടിമത്തങ്ങളിൽ നിന്ന്‌ മോചനം പ്രാപിക്കേണ്ട കാലം അതിക്രമിച്ചുകഴിഞ്ഞു. 
മറുനാട്ടിൽ ജീവിക്കുന്ന മലയാളികൾ തങ്ങളുടെ കുട്ടികളെ കേരളത്തിന്റെ സംസ്ക്കാരവും, തനിമയും പഠിപ്പിക്കണം. മലയാളം സംസാരിക്കുന്നത്‌ അഭിമാനത്തോടേ കാണുന്ന തലമുറയായിരിക്കണം മറുനാട്ടിലുണ്ടാകേണ്ടത്‌. നമ്മുടെ സംസ്ക്കാരങ്ങളും, പൈതൃകങ്ങളും ആർക്കും അടിമ വെക്കാനുള്ളതല്ല. പുഴകളും ,വയലുകളും,  കായലുകളും  സംരക്ഷിക്കണം. വികസനത്തിന്റെ മറവിൽ നമ്മുടെ മണ്ണ്‌ കവർന്നുകൊണ്ടുപോകാൻ വിദേശികളെ  അനുവദിക്കരുത്‌. നാട്ടിൽ വയലുകൾ നികത്തി കെട്ടിടങ്ങൾ നിർമ്മിക്കുകയാണ്‌. മദ്യവ്യവസായം,സ്ത്രീപീഡനം,ശിശുപീഡനം എന്നിവയെല്ലാം നിറഞ്ഞ കേരളത്തെക്കുറിച്ച്‌ നല്ലതൊന്നും പറയാനില്ല എന്നും കവയിത്രിയും,പരിസ്ഥിതിപ്രവർത്തകയുമായ സുഗതകുമാരി അഭിപ്രായപ്പെട്ടു. ബാംഗ്ളൂരിലെ ഓണാഘോഷങ്ങളോടനുബന്ധിച്ച്‌ കൈരളികലാസമിതിയുടെ  വേദിയിൽ സംസാരിക്കുകയായിരുന്നു അവർ. 
 "എഴുത്തും കാലവും " എന്നാ വിഷയത്തെ അധികരിച്ച് കവി പി.കെ.ഗോപി പ്രഭാഷണം നടത്തി. കൈരളികലാസമിതി പ്രസിടന്ടു എന്‍.എ.എസ്.പെരിഞ്ഞനം,സുധാകരന്‍ രാമന്തളി,സേതുമാധവന്‍ എന്നിവര്‍ പ്രസംഗിച്ചു. 

യോഗത്തില്‍ സാഹിത്യരചാനാമല്‍സരത്തി ല്‍ വിജയികളായ തങ്കച്ചന്‍ പന്തളം,ഇന്ദിരാ ബാലന്‍ ,ബ്രിജി,ഉഷാശര്‍മ്മ  എന്നിവര്‍ക്ക് ക്യാഷ് അവാര്‍ഡും ,സര്‍ട്ടിഫിക്കറ്റും ശ്രീമതി സുഗതകുമാരി,പി.കെ.ഗോപി എന്നിവര്‍ നല്കി.

 സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്
പി.കെ ഗോപി


ആണത്തത്തോടെ ജീവിക്കുകയും അതിസൂക്ഷ്മമായി അഭിനയിക്കുകയും ചെയ്ത അസാധാരണ അഭിനേതാവായിരുന്നു തിലകൻ. അഭിനയകലയെ സ്നേഹിക്കുന്ന സാധാരണ പ്രേക്ഷകന്റെ മനസ്സിൽ ഏതു വലിയ നടന്റെ പ്രതിച്ഛായയുടേയും മുകളിൽ തിലകന്റെ കഥാപാത്രങ്ങൾ ഉയർന്നുനില്ക്കുന്നു. ജീവിതത്തിലും സിനിമയിലും കടുത്ത കയ്പ്പുകളനുഭവിച്ച്‌ കലയുടെ മാത്രം കിരീടം അണിഞ്ഞ ആ മനുഷ്യൻ സത്യൻ എന്ന നടനുശേഷം തന്റെ മനസ്സിൽ വിസ്മയാനുഭൂതികൾ സൃഷ്ടിച്ച നടനായിരുന്നുവെന്നും പി.കെ.ഗോപി പറഞ്ഞു.
ദീപ്തിവെൽഫെയർ അസോസിയേഷൻ സംഘടിപ്പിച്ച തിലകൻ അനുസ്മരണയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ദീപ്തി വൈസ് പ്രസിഡണ്ട്‌ ബിനുബേബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽകെ.സന്തോഷ്‌കുമാർ,സുധാകരന്‍രാമന്തളി,വി.സോമരാജൻ,വിഷ്ണുമംഗലംകുമാർ, സെബാസ്റ്റ്യൻ എന്നിവർ സംസാരിച്ചു. 
 സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്
                         ഉണങ്ങാത്ത മുറിവുകളിലൂടെ നേടിയ സ്വാതന്ത്ര്യം.. .!

- ആർ.ദീപക്

അനേകം മുറിവുകളേറ്റുവാങ്ങിക്കൊണ്ടാണ്‌ 
ഇന്ത്യക്ക്‌ സ്വാതന്ത്ര്യം നേടാനായത്‌. 
ഭൂമിശാസ്ത്രപരമായ അതിരുകളല്ല ഒരു രാഷ്ട്രം എന്ന സങ്കല്പ്പത്തെ നിർണ്ണയിക്കുന്നത്‌. ജനതയുടെ ചരിത്രപരവും സാംസ്ക്കാരികവും രാഷ്ട്രീയവുമായ
 വൈരുദ്ധ്യവൈവിദ്ധ്യങ്ങളും അതിൽതന്നെയുള്ള ഐക്യവുമാണ്‌ ദേശീയതയെ രൂപപ്പെടുത്തുന്നത്`. 
മതാധിഷ്ഠിതമായ വിഭജനത്തോടെ അയ്യായിരത്തിലേറെ മനുഷ്യജീവനുകളാണ്‌ 
സ്വാതന്ത്ര്യത്തിനു വേണ്ടി നമുക്ക്‌ ബലിയർപ്പിക്കേണ്ടിവന്നത്‌. 
ഗാന്ധിജി ഉയർത്തിപ്പിടിച്ച അഹിംസാസമരത്തെ അപഹാസ്യമാക്കിക്കൊണ്ടാണ്‌ അധികാരക്കൈമാറ്റത്തിന്റെ ഉടമ്പടി തയ്യാറാക്കപ്പെട്ടത്‌. 
രക്തം ചിന്താതെ നേടിയ സ്വാതന്ത്ര്യം എന്ന്‌ കൊട്ടിഘോഷിക്കുന്നവർ 
സ്വാതന്ത്ര്യനേട്ടത്തോടെ വർഗ്ഗീയഭീകരത വളർന്ന്‌ ഹിന്ദുക്കളും മുസ്ളീങ്ങളും വെട്ടിമരിക്കേണ്ടിവന്നതിന്റെ മുറിവുകളെ വിസ്മരിക്കരുത്‌. 


പരിഷ്ക്കാരിയും, മതനിബന്ധനകൾ അനുഷ്ഠിക്കാത്തവനുമായ മുഹമ്മദ്‌ അലി ജിന്ന മുസ്ളീം ലീഗിന്റെ നേതാവയതും, ഹൈന്ദവാധിപത്യം  നിലനിന്നിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ  നേതാവായി, മതേതരത്വവും,യുക്തിവാദവും ഉയർത്തിപ്പിടിച്ച ജവഹർലാൽ നെഹ്രുവും   വന്നത്‌ വിരോധാഭാസമാണ്‌. 
ഇത്തരം ഒരു രാഷ്ട്രീയ സാഹചര്യം എന്തുകൊണ്ട്‌ വളർന്നുവന്നുവെന്നതും, വിഭജനം ഒഴിവാക്കാൻ എന്തെങ്കിലും സാദ്ധ്യത ഉണ്ടായിരുന്നോ എന്നും പരിശോധിക്കേണ്ടതാണ്‌. അതേ സമയം സുഭാഷ് ചന്ദ്രബോസ് സംഘടിപ്പിച്ച ഐ.എൻ.യുടെ വീക്ഷണവും എത്രത്തോളം പ്രസക്തമായിരുന്നൂ എന്നും ചിന്തിക്കേണ്ടതുണ്ട്‌.


“ക്വിറ്റ് ഇന്ത്യാ” സമരത്തിൽ നിന്ന്‌ 1942-ഇന്ത്യന്‍  കമ്മ്യൂണിസ്റ്റ് പാർട്ടി വിട്ടുനിന്നത്‌ ഏറെ വിവാദമുണ്ടാക്കിയതാണ്‌.ആ തീരുമാനത്തെക്കുറിച്ച്‌ പാർട്ടിക്കു പിന്നീട്‌ വീണ്ടുവിചാരമുണ്ടായെങ്കിലും ആ കുറ്റം എതിരാളികൾ ഇന്നും പാർട്ടിക്കെതിരെ ഉയർത്തുന്ന ആരോപണമാണ്‌. എന്തായാലും ഇടതു പക്ഷപാർട്ടികൾക്ക് ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ ഗണ്യമായ സ്വാധീനമില്ലാതെപോയത് മതപരമായി ഭിന്നിപ്പിക്കാനും വർഗ്ഗീയകലാപത്തിലേക്കും രക്തരൂക്ഷിതമായ വിഭജനത്തിലേക്കും ഇന്ത്യയെ നയിച്ചു എന്ന യാഥാർത്ഥ്യം  ഇ.എം.എസ് തന്റെ “ഇന്ത്യന്‍  സ്വാതന്ത്ര്യസമരചരിത്രം” എന്ന ഗ്രന്ഥത്തിലൂടെ വ്യക്തമാക്കുന്നുണ്ട്‌. അന്നത്തെ മുറിവുകൾ ഇന്നും ഉണങ്ങാതെ വ്രണമായി ചികിൽസക്ക്‌ വഴങ്ങാത്ത അവസ്ഥയിൽ ഭീകരമായി രാഷ്ട്രത്തെ തുറിച്ചുനോക്കുന്നു ണ്ട്‌.
വി.എന്‍.എസ്‌ , കാലടി.
ബാംഗ്ളൂരിലെ ഇ.എം.എസ് പഠനവേദി ബി.ഇ.എൽ - സി.ഐ.ടി.യു ഹാളിൽ സ്വാതന്ത്ര്യ ദിനത്തി ൽ നടത്തിയ ഇ.എം.എസ്. കൃതികളുടെ 74 ആം സഞ്ചികയുടെ ചർച്ച ഉല്‍ഘാടനം ചെയ്തുകൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു ആർ.ദീപക്. 
സി. എച്. പദ്മനാഭന്‍.
വി.എൻ.എസ് കാലടി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സി.എച്ച്.പദ്മനാഭൻ പ്രബന്ധ മവതരിപ്പിച്ചു. ആർ.വി.ആചാരി, കെ.ആർ.കിഷോർ, എ.ഗോപിനാഥ്, വല്ലപ്പുഴ ചന്ദ്രശേഖരൻ, ബിരൺജിത്ത്‌, മുരളീകൃഷ്ണൻ, ടി.വി. രഘു, പി.വി.എൻ.രവീന്ദ്രൻ, എന്നിവർ ചർച്ചയിൽ പങ്കെടുത്തു സംസാരിച്ചു. സി.കുഞ്ഞപ്പൻ നന്ദി പ്രകാശിപ്പിച്ചു.
സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്  
പി.സുരേഷ്
കൺവീനർ മലയാളം ഐക്യവേദി

മലയാളമടക്കം പല ഭാഷകളും മരണഭീഷണി നേരിട്ടുക്കൊണ്ടിരിക്കുന്ന അവസ്ഥയാണ്‌. ഭാഷ മരിക്കുമ്പോൾ സംഭവിക്കുന്നത്‌ സംവേദനനാശമാണ്‌. ഭാഷ ആവാസവ്യവസ്ഥയുടെ ഭാഗമാണ്. ഭാഷയില്ലാത്ത മനുഷ്യൻ , മീനിനെ വെള്ളത്തിൽ നിന്ന്‌ പുറത്തെടുത്തിട്ടതുപോലെ ശ്വാസം മുട്ടി മരിക്കും. ഭാഷയിൽ നിന്ന്‌ അന്യവല്ക്കരിക്കപ്പെടുമ്പോൾ മനുഷ്യന്‌ നഷ്ടപ്പെടുന്നത്‌ ചരിത്രവും,സംസ്ക്കാരവുമാണ്‌. മഹത്തരങ്ങളായവ നഷ്ടപ്പെടുന്ന അവസ്ഥ ഭീകരമാണ്‌. ഭാഷ നഷ്ടപ്പെടുമ്പോൾ സമൂഹത്തിന്‌ നഷ്ടപ്പെടുന്നത്‌ പൊതുധാരയാണ്‌.
നൂറുവർഷത്തിന്നിടയിൽ ആയിരത്തിലേറെ പ്രാദേശികഭാഷകളാണ്‌ ഇല്ലാതായത്‌. ഭാഷയെ നശിപ്പിച്ചാൽ അധിനിവേശം എളുപ്പമാകുമെന്നത്‌ സാമ്രാജ്ജ്യത്വശക്തികളുടെ തിരിച്ചറിവാണ്‌. അതിന്‌ വേണ്ട മാർഗ്ഗങ്ങളും അവരുടെ കയ്യിലുണ്ട്‌. ഒരു ഭാഷയുടെ ശക്തിയും ചൈതന്യവും നാട്ടുപാട്ടുകളിൽ പ്രസരിക്കുന്നുണ്ട്‌. ഐറിഷ്‌ ഭാഷയെ നശിപ്പിക്കാൻ അവരുടെ ഭാഷയിലെ നാടൻപാട്ടുകാരെ ഇംഗ്ളീഷുകാർ തിരഞ്ഞുപിടിച്ച്‌ കൊല്ലുകയായിരുന്നു. മുഴുവൻ ജനങ്ങളും ഐറിഷ്‌ ഭാഷ സംസാരിച്ചിരുന്ന ഐർലന്റിൽ പത്ത്‌ ശതമാനം പേർ മാത്രമേ ഇപ്പോൾ ആ ഭാഷ സംസാരിക്കുന്നുള്ളു. ബാക്കിയുള്ളവർ ഇംഗ്ളീഷിലേക്ക് മാറിക്കഴിഞ്ഞിരിക്കുന്നു.

മാതൃഭാഷക്കുവേണ്ടി സംസാരിക്കുന്നത്‌ ഇംഗ്ളീഷ്‌ വിരുദ്ധനിലപാടാണെന്ന്‌ കരുതരുത്‌. ഇംഗ്ളീഷ്‌ ലോകഭാഷയല്ല, എന്നാൽ അതൊരു ബന്ധഭാഷയാണ്‌. സംസാരിക്കുന്നവരുടെ  കണക്കെടുത്താൽ അത്‌ നാലാംഭാഷ മാത്രമാണ്‌. അതൊരു വരേണ്യഭാഷയുമല്ല. ഇംഗ്ളീഷ്‌ അറിയാത്തവരിലും ലോകോ ത്തരഡോക്ടർമാരും, ശാസ്ത്രജ്ഞരും, എഴുത്തുകാരുമുണ്ട്‌.

മാതൃഭാഷയോട്‌ വികാരപരമായ സമീപനമോ ഭാഷാമൗലികവാദമോ അല്ല വേണ്ടത്‌. മനുഷ്യന്‌ അനിവാര്യമായത്‌ ഭാഷാടിത്തറയാണ്‌. അത്‌ ലഭ്യമാകുന്നത്‌ മാതൃഭാഷയിലാണ്‌. ഭാഷാടിത്തറ ദുർബ്ബലമായവർ സാംസ്ക്കാരികമായും ദുർബ്ബലമായിരിക്കും. ആന്തരീകബലം വേണമെങ്കിൽ ഭാഷാബന്ധവും സുദൃഢമായിരിക്കണം.. ലോകത്തിലെ ഏറ്റവും പ്രസക്തവും ,പ്രശസ്തവുമായ എല്ലാ ശാസ്ത്രഗവേഷണങ്ങളും ദാർശനീക ചിന്തകളും ക്ളാസ്സിക്കുകളും പിറന്നത്‌ മാതൃഭാഷയിലായിരുന്നു. ഐൻസ്റ്റീനും,പ്ളേറ്റോയും കാറല്‍ മാർക്സും,ഫ്രോയിഡും,ഡോസ്റ്റോവ്സ്ക്കിയും , ടോൾസ്റ്റോയിയും അവരവരുടെ കണ്ടെത്തലുകളും ,ആത്മപ്രകാശനങ്ങളും നടത്തിയത്‌ മാതൃഭാഷയിലായിരുന്നു. ഇന്ത്യക്കാരൻ മാതൃഭാഷാപണ്ഡിതരേയോ സംസ്കൃതപണ്ഡിതരേയോ ഉദ്ധരിക്കുന്നത്‌ നാണക്കേടായി പരിഗണിക്കുന്നു, ഇംഗ്ളീഷുകാരെ ഉദ്ധരിക്കുന്നത്‌ മേൻമയും.ഈ ചിന്താപരമായ പാപ്പരത്തം മാറണം. ലോകശാസ്ത്രത്തിൽ ഉന്നതമെന്ന്‌ അംഗീകരിക്കപ്പെട്ട ഗണിത/ജ്യോതിശ്ശാസ്ത്രഗ്രന്ഥങ്ങൾ രചിക്കപ്പെട്ടത്‌ മലയാളത്തിലാണ്‌. ദാർശനീകസൈദ്ധാന്തികമികവും മലയാളത്തിനുണ്ട്‌. സ്റ്റ്രകചറലിസം,പോസ്റ്റ്-സ്റ്റ്രകചറലിസം എന്നിവയുടെ പദാവലികളും വിശകലനങ്ങളും മലയാളത്തിലേക്ക് കൊണ്ടുവരാൻ കെ.സച്ചിദാനന്ദൻ വളരെ ബുദ്ധിമുട്ടിയിട്ടുണ്ട്‌. മലയാളത്തിന്‌ അഭിമാനകരമായ നേട്ടങ്ങൾ സംഭരിക്കാൻ കഴിഞ്ഞിട്ടുണ്ട്‌.

ഭാഷ സാംസ്ക്കാരികോർജ്ജം മാത്രമല്ല, ആത്മവിനിമയത്തിന്റേയും, സൗന്ദര്യബോധത്തിന്റേയും വിനിമയമാണ്‌. ആത്മാഭിമാനത്തിന്റെ അടയാളം കൂടിയാണ്‌. ഭാഷ കൊണ്ട്‌ മനുഷ്യനെ ഭിന്നിപ്പിക്കാനും കഴിയും. ഒരേ നാട്ടിൽ ഭിന്നഭാഷക്കാരെ താമസിപ്പിച്ചാൽ തമ്മിൽ സംഘട്ടനമുണ്ടാക്കാൻ കഴിയും.

അടിസ്ഥാനവികാരങ്ങൾ പ്രകടിപ്പിക്കുന്നത്‌ മാതൃഭാഷയിലാണ്‌. മലയാളം നമ്മുടെ സംസ്ക്കാരമാണ്‌. തലമുറകളായി വളർന്നുവന്ന യുക്തിചിന്തയെ മാതൃഭാഷയിലൂടെയാണ്‌ പരിവർത്തിപ്പിക്കുന്നത്‌. അന്യഭാഷയിലൂടെ വൈദ്യം പഠിച്ചവൻ മെഡിക്കൽ ടെക്നീഷ്യനാകുന്നു. മാതൃഭാഷയിലൂടെ വൈദ്യം പഠിച്ചവൻ നാഡിമിടിപ്പുകൾ തിരിച്ചറിഞ്ഞ്‌ യഥാർത്ഥവൈദ്യനാകുന്നു. മാതൃഭാഷകൊണ്ട്‌ വിജ്ഞാനത്തെ ജ്ഞാനം/അവബോധമാക്കി മാറ്റാൻ കഴിയും,അതാണ്  പ്രതിഭ. ഭൗതികസുഖങ്ങൾ ഉപേക്ഷിച്ച്‌ ,കൊട്ടാരം വിട്ടിറങ്ങിപ്പോയ സിദ്ധാർഥൻ മാതൃഭാഷയുടെ തത്വജ്ഞാന/സൗന്ദര്യാത്മകമായ അവബോധത്തിലൂടേയാണ്‌ ബുദ്ധനായത്‌.അനുഭവത്തെ ആന്തരീകമായി സ്വാംശീകരിക്കുകയാണുണ്ടായത്‌. ഗാന്ധിജി ഗുജറാത്തിയിലാണ്‌ തന്റെ “സത്യാന്വേഷണകഥകൾ” എഴുതിയത്‌.
വികാരത്തെ മാതൃഭാഷയിലൂടെ സൗന്ദര്യാത്മകമായി പുനഃസൃഷ്ടിക്കുമ്പോഴാണ്‌ കവിത ഉണ്ടാകുന്നത്‌. (അപവാദങ്ങളുണ്ടായേക്കാം).വിനിമയവും വിയോഗവും ശോഭയാർജ്ജിക്കുന്നത്‌ മാതൃഭാഷയിലാണ്‌. ഇത്‌ യുക്തിയാണ്‌. പുതിയ തലമുറയ്ക്ക്‌ മാതൃഭാഷ നഷ്ടപ്പെട്ടുക്കൊണ്ടിരിക്കുകയാണ്‌. അതുകൊണ്ടു തന്നെ അവർ വ്യക്തിത്വം പ്രകടിപ്പിക്കാൻ അശക്തരാകുന്നു. അവർ വായനശാലയിലില്ല, സാഹിത്യത്തിലില്ല, രാഷ്ട്രീയത്തിൽ തീരെയില്ല. അവർ എവിടെയാണ്‌?അവർ അപ്രത്യക്ഷരായിരിക്കുന്നു. അവർ ഇരിക്കുന്നത്‌ പാലായിലും,തൃശൂരിലുമുള്ള പ്രൊഫഷണൽ കോഴ്സുകലിലേക്കുള്ള ട്യൂഷൻസെന്ററുകളിലാണ്‌. എല്ലാവർക്കും എഞ്ചിനീയറും, ഡോകടറുമാകണം.നമുക്കവർ മാത്രം മതിയോ? കർഷകരും, അദ്ധ്യാപകരും ,വക്കീലന്മാരും,ന്യായാധിപന്മാരും, പത്രാധിപരും വേണ്ടേ? നമ്മൾ ഭൂമിയിൽ നിന്നകലുന്നു, പ്രകൃതിയിൽ നിന്നകലുന്നു,തെരുവിൽനിന്നകലുന്നു. ഗാന്ധിജി ദണ്ഡിയാത്ര നടത്തിയത്‌ തെരുവിലൂടെയായിരുന്നു,സ്വന്തം വീട്ടുമുറ്റത്തായിരുന്നില്ല. തെരുവുകൾ തെണ്ടികൾക്കു നടക്കാനുള്ളതാണെന്ന ധാരണ ശരിയല്ല.. ജീവിതത്തിൽ നിന്ന്‌ തെരുവുകളെ  അടർത്തിമാറ്റുമ്പോൾ നമ്മളിൽ നിന്ന്‌ മാറിപ്പോകുന്നത്‌ ജനാധിപത്യമാണ്‌. അതു പോലെയാണ്  ഭാഷ. വിവർത്തനം ചെയ്യപ്പെടുമ്പോൾ എന്തു നഷ്ടപ്പെടുന്നുവോ അതാണ് കവിത. കവിത വികാരമാണ്‌. വികാരം വിവർത്തനത്തിന്‌ വഴങ്ങില്ല. വിചാരങ്ങൾ ആകാം. “നാലുകെട്ട്‌” എന്ന പദം വിവർത്തനം ചെയ്യാൻ കഴിയില്ല. അത്‌ മലയാളിയുടെ  ചരിത്രപരമായ സംസ്ക്കാരത്തിന്റെ അടയാളമാണ്‌. മറ്റൊരു ഭാഷയും അതിന്‌ വഴങ്ങില്ല. “കുടിയൊഴിപ്പിക്കൽ” എന്ന കവിതയിൽ വൈലോപ്പിള്ളി “കൂര” എന്നും“മേട”എന്നും പ്രയോഗിക്കുന്നു. "കൂര" പാവപ്പെട്ടവന്റെ ജീവിതവ്യവസ്ഥയുടേയും "മേട" സമ്പന്നന്റെ താമസ സ്ഥലത്തിന്റേയും അപരനാമങ്ങളാണ്‌. കേരളീയ ജീവിതത്തിന്റെ ചരിത്രസന്ദർഭങ്ങളിൽ നിന്ന്‌ ആർജ്ജിച്ചെടുത്ത അറിവാണ്,കവിതയിലെ പാഠം നാം തിരിച്ചറിയുന്നത്‌. ടെക്സ്റ്റിൽ നിന്നാണ്‌ കോണ്ടെക്സ്റ്റ് ഉണ്ടാകുന്നത്‌.

നമ്മളിന്നും സാങ്കേതികസാദ്ധ്യതകളെ അറിവിന്റെ വികാസത്തിന്‌ ഉപയോഗപ്പെടുത്താൻ ശീലിച്ചിട്ടില്ല. ലോകവിജ്ഞാനങ്ങളെ ചൈനക്കാരൻ സ്വന്തം ഭാഷയിലേക്ക് മാറ്റി ഇന്റർനെറ്റിലൂടെ വിതരണം ചെയ്യുകയാണ്‌,അവർ ചെയ്യുന്നത്‌. അറിവിന്റെ വികേന്ദ്രീകരണമാണ്‌ ,അതാണ്‌ ജനാധിപത്യം. അതിലൂടെ ആ ജനത വളരുകയാണ്‌. നമ്മുടെ ശാസ്ത്ര-സാങ്കേതിക-ഗവേഷണങ്ങൾ ഇംഗ്ളീഷ്‌ ഭാഷയിലെഴുതുന്നു. മാതൃഭാഷയിൽ ആ അറിവുകൾ ലഭിക്കുന്നില്ല. അത്‌ ഇംഗ്ളീഷുകാരന്‌, വിദേശിക്ക്‌ ഉപയോഗമാകുന്നു. അറിവിനെ സാമൂഹികതയുടെ വിശാലതലത്തിൽ നിന്നും മാറ്റി വ്യക്തിപരതയുടെ ഒരു തലം രൂപപ്പെടുത്തി അവിടെ പ്രതിഷ്ഠിക്കുന്നു. അപ്പോള്‍ വ്യക്തിപരമായ സ്വകാര്യവല്ക്കരണം നടക്കുന്നു. ഇത്‌ മനസ്സിലാക്കാനും ,ഉണർന്നുപ്രവർത്തിക്കാനുമാണ്‌ കാലം നമ്മോടാവശ്യപ്പെടുന്നത്‌. ആന്തരീകബലമില്ലാതെ, മാതൃഭാഷയില്ലാതെ നമുക്ക്‌ ചലിക്കാനാകില്ല.

ബാംഗ്ളൂരിലെ സാംസ്ക്കരികസമിതിയായ സർഗ്ഗധാര സംഘടി പ്പിച്ച “മാതൃഭാഷ എന്തുകൊണ്ട്‌” എന്ന സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പി.സുരേഷ്‌. പ്രസിഡന്റ് രഞ്ജിത്ത്‌ അദ്ധ്യക്ഷതവഹിച്ച യോഗത്തിൽ സെക്രട്ടറി ശാന്തകുമാർ സ്വാഗതം ആശംസിച്ചു. ഇന്ദിരാബാലൻ മുഖ്യാതിഥിയെ സദസ്സിനു പരിചയപ്പെടുത്തി.
സാംസ്ക്കാരികപ്രതിനിധികൾ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു. 
 -സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്  

    


സെബാസ്റ്റ്യൻ പോൾ

രാഷ്ട്രീയരംഗത്തെന്നതുപോലെ മാധ്യമരംഗത്തും വിശ്വാസ്യത പ്രധാനഘടകമാണ്‌. 
 വിശ്വാസ്യത നഷ്ടമായാൽ മാധ്യമങ്ങൾക്കും രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും  നിലനില്‍പ്പില്ല. 
ടി.പി. ചന്ദ്രശേഖരൻ വധവുമായി ബന്ധപ്പെട്ട്‌ 
ഇപ്പോൾ  നടക്കുന്ന മാധ്യമപ്രചാരണം ലക്ഷ്യമിടുന്നത്‌ 
ഏതാനും ഇടതുപക്ഷനേതാക്കളെ ജയിലടക്കുക എന്നതിലുപരിയായി 
ഇടതുപക്ഷത്തിന്റെ വിശ്വാസ്യത തകർക്കുകയാണെന്ന്` 
സെബാസ്റ് റ്യൻ പോൾ അഭിപ്രായപ്പെട്ടു. 
ശാന്തകുമാര്‍, സെബാസ്റ്റ്യന്‍ പോൾ, സുരേഷ് കോടൂര്‍, സി.കുഞ്ഞപ്പന്‍ എന്നിവര്‍ 

ജനാധിപത്യ സംവിധാനത്തിൽ രാഷ്ട്രീയപാർട്ടികളെ തിരുത്താനും ഉപേക്ഷിക്കാനും തെരെഞ്ഞെടുപ്പു പ്രക്രിയയിലൂടേയും മറ്റും ജനങ്ങൾക്ക് അവസരം ലഭിക്കുന്നുണ്ട്‌. 
എന്നാൽ മാധ്യമങ്ങളുടെ കാര്യത്തിൽ ഇത്തരം ഇടപെടലുകൾ സാധ്യമാവുന്നില്ല.
ജനകീയ ഇടപെടലിലൂടെ മാധ്യമങ്ങളുടെ പക്ഷപാതിത്വം തുറന്നുകാട്ടപ്പെടേണ്ടതുണ്ട്‌. 
മാധ്യമ രംഗത്ത്‌ നിഷ്പ ക്ഷത ഇല്ലെന്നും പക്ഷം പിടിക്കേണ്ടിവരുമെന്നും അദ്ദെഹം പറഞ്ഞു. ഇക്കാര്യത്തിൽ ജനങ്ങളുടെ പക്ഷത്താണോ, മുതലാളിത്തത്തിന്റെ പക്ഷത്താണൊ മാധ്യമപ്രവർത്തകൻ എന്നാണ് പരിശോധി ക്കേണ്ടത്‌.

ജനപക്ഷ മാധ്യമ നിലപാടുകൾക്കുവേണ്ടിയുള്ള
സാംസ്ക്കാരികകൂട്ടായ്മ സംഘടിപ്പിച്ച
മാധ്യമ സംവാദത്തിൽ സംസാരിക്കുകയായിരുന്നു
മാധ്യമ നിരൂപകൻ ഡോ: സെബാസ്റ്റ്യൻ പോൾ.
 ബി ഈ എല്‍ സി ഐ റ്റി യു ഹാളില്‍ ചേര്‍ന്ന
യോഗത്തില്‍ ശാന്തകുമാര്‍ എലപ്പുള്ളി സ്വാഗതം ആശംസിച്ചു,
സുരേഷ് കോടൂര്‍ അധ്യക്ഷത വഹിച്ചു. 

-സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്   
                                                കണിക്കൊന്ന പ്രകാശനം ചെയ്തു

ടി.പി. ഭാസ്ക്കര പൊതുവാള്‍
മലയാളിറൈറ്റേഴ്സ്  ആന്റ്  ആര്‍ട്ടിസ്റ്റ്  ഫോറം അംഗവും, കര്‍ണ്ണാടക നായര്‍ സര്‍വീസ് സൊസൈറ്റി  ഭാരവാഹിയുമായ പി.കൃഷ്ണന്‍ നമ്പ്യാരുടെ കവിതാസമാഹാരം "കണിക്കൊന്ന" കണ്ണൂര്‍ മലയാളഭാഷ പാറശാല ഡയരക്ടര്‍ ടി.പി. ഭാസ്ക്കര പൊതുവാള്‍  കെ.എന്‍.എസ് എസ്  ചെയര്‍മാന്‍  രാമചന്ദ്രന്‍ പലേരിക്ക് ആദ്യപ്രതി നല്‍കി പ്രകാശനം ചെയ്തു. റൈറ്റേഴ്സ് ഫോറം പ്രസിഡണ്ട്  ഡോ;എം.പി. രാജന്‍ ആധ്യക്ഷം വഹിച്ചു. സെക്രട്ടറി അനവര്‍ മുത്തില്ലത്ത് സ്വാഗതം പറഞ്ഞു. കെ.ജി .ശങ്കര്‍ ,സുധാകരന്‍ രാമന്തളി ,കെ.ആര്‍.കിഷോര്‍ ജോസഫ് വന്നേരി ,അഡ്വ ;വിജയകുമാര്‍ എന്നിവരടക്കം മറ്റു സംഘടനാപ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്ചു. ശ്രീപ്രിയ, ലജീഷ് ,എസ് .മുരളി, നിത്യരവീന്ദ്രന്‍ എന്നിവര്‍ കണിക്കൊന്നയിലെ കവിതകള്‍ ആലപിച്ചു.
             -സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്   

ധാർമ്മികമൂല്യങ്ങൾക്കായി മാധ്യമപ്രവർത്തനം ഉപയോഗപ്പെടുത്തണം.

 -ആർ.മുരളീധരൻ


സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന മൂല്യച്യുതിക്കെതിരെ ധാർമ്മികബോധം വളർത്തിയെടുക്കുന്നതിൽ മാധ്യമങ്ങൾക്ക്‌ ഗണ്യമായ പങ്കു വഹിക്കാനുണ്ടെന്ന്‌ നോർത്ത്‌ വെസ്റ്റ്‌ കേരളസമാജം പ്രസിഡണ്ട്‌ ആർ.മുരളീധരൻ അഭിപ്രായപ്പെട്ടു. ബാംഗ്ലൂർ ജാലഹള്ളിയിൽ "സാർത്ഥകം ഓൺ ലൈൻ മാസികയുടെ" നവീനരൂപകൽപ്പന ഉൽഘാടനം ചെയ്ത്‌ കൊണ്ട്‌ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ഏറെ വിമർശനത്തിനും, അപവാദങ്ങൾക്കും, സൂക്ഷ്മപരിശോധനക്കും വിധേയമായിക്കൊണ്ടിരിക്കുമ്പോൾ ഗൗരവവും,പ്രതിബന്ദ്ധതയും ഈ കാലഘട്ടം ആവശ്യപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

 , മാസികയുടെ മാനേജിംഗ്‌ ഡയറക്ടർ ആർ. ബാലൻ അദ്ധ്യക്ഷത വഹിച്ച 
യോഗത്തിൽ കെ.ആർ.കിഷോർ (മാനേജിംഗ്‌ എഡിറ്റർ) സ്വാഗതമാശംസിച്ചു. വായന ഭീകരമായ ഭീഷണി നേരിട്ടുകൊണ്ടിരിക്കുന്ന വർത്തമാനകാലത്തിൽ ഇത്തരം ഓൺലൈന്മാസികാപ്രവർത്തനം ഗുണപരമായ മാറ്റങ്ങൾക്ക്‌ വഴിയൊരുക്കാൻ കഴിയട്ടെ എന്ന്‌ നോർത്ത്‌ വെസ്റ്റ്‌ കേരളസമാജം ജനറൽ സെക്രട്ടറി എം.എ.കരീം ആശംസിച്ചു. തുടർന്ന്‌ അല്ലത്ത്‌ഉണ്ണിക്കൃഷ്ണൻ,വി.എൻ.എസ്‌.കാലടി,എസ്‌. മോഹനൻ,പി.ബാബു,സി.പി.മുരളി,കെ.പി.അശോകൻ,സുധാകരുണാകരൻ,എം.ജെ.ഏഡംസ്‌ എന്നിവരും ആശംസകൾ അർപ്പിച്ചു.

ചീഫ്‌ എഡിറ്റർ ഇന്ദിരാബാലൻ നന്ദി പ്രകാശിപ്പിച്ചു. 

-സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്   



ഗാനങ്ങളുടെ രാജശില്‍പ്പിയാണ് വയലാര്‍

സുധാകരന്‍ രാമന്തളി

    ( വയലാര്‍ -കവിയും കവിതയും- ചര്‍ച്ച ) 


മലയാളിയുടെ ഹൃദയത്തില്‍  എന്നെന്നും ജ്വലി ച്ചു നില്‍ക്കുന്ന 
ഗാനങ്ങളുടെ രാജശില്‍പ്പിയാണ് വയലാര്‍.
മരിച്ചിട്ടും മരിക്കാത്ത കവിയുടെ മനുഷ്യസ്നേഹം
 അദ്ദേഹത്തിന്റെ കവിതയിലും ഗാനങ്ങളിലും  ജീവിതത്തിലും നിറഞ്ഞുനിന്നിരുന്നു വെന്ന് സുധാകരന്‍ രാമന്തളി  അഭിപ്രായപ്പെട്ടു. 
മൈസൂര്‍ റോഡിലുള്ള സൊസൈറ്റി സില്‍വര്‍ ജുബിലി ഹാളില്‍ ഡക്കാന്‍ കള്‍ച്ചറല്‍ സൊസൈറ്റി "വയലാര്‍ -കവിയും കവിതയും" 
എന്ന  വിഷയത്തില്‍  മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു, സുധാകരന്‍ രാമന്തളി 
സതീഷ്‌ തോട്ടശ്ശേരി അദ്ധ്യക്ഷത വഹിച്ചു .ആര്‍.വി.ആചാരി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. സുബ്രമണ്യന്‍ ,പി.ഉണ്ണികൃഷ്ണന്‍എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.പദ്മകുമാര്‍ സ്വാഗതവും, ജി.ജോയ് നന്ദിയും രേഖപ്പെടുത്തി.

സതീഷ്‌ തോട്ടശ്ശേരി ,സണ്ണി ജോര്‍ജ്ജ് , വസന്ത രാമന്‍, മണികണ്ഠൻ
എന്നിവര്‍ വയലാര്‍ കവിതകള്‍ ആലപിച്ചു .
-സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്   



നവോത്ഥാന പ്രസ്ഥാനം സാമ്രാജ്യത്വ 
വിരുദ്ധ സമരത്തിലൂടെ വളര്‍ന്നു
 
 സതീഷ്‌ തോട്ടശ്ശേരി

( " കേരളീയ സംസ്കൃതി ഇരുപതാം നൂറ്റാണ്ടിൽ"  ചർച്ച )

ശ്രീനാരായണഗുരുവിന്റെ നേതൃത്വത്തിൽ, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആരംഭിച്ച കേരളീയ നവോത്ഥാനം സാമ്രാജ്യത്വ വിരുദ്ധ ദേശീയ സ്വാതന്ത്ര്യപ്രസ്ഥാനത്തിലൂടേയും വളർന്ന്‌ വികസിക്കുകയാണുണ്ടായത്‌.വിദ്യാഭ്യാസം, സാഹിത്യം, നാടകം,സിനിമ,പത്രമാസികാപ്രസിദ്ധീകരണങ്ങൾ,കഥാപ്രസംഗം,മോഹിനിയാട്ടം എന്ന്‌ തുടങ്ങി ജീവിതത്തിന്റെ സമസ്ത മണ്ഡലങ്ങളേയും പരിവർത്തിപ്പിക്കാൻ കഴിഞ്ഞ അനുകരണീയവും,മഹത്തരവുമായ കേരളീയ സംസ്കൃതി കാത്തുസൂക്ഷിക്കാനും പുതിയ തലമുറയിലേക്ക് പകർന്നുകൊടുക്കാനും നമുക്ക്‌ കഴിയണമെന്നും“കേരളീയ സംസ്കൃതി ഇരുപതാംനൂറ്റാണ്ടിൽ” എന്ന വിഷയത്തെ ആസ്പ്പദമാക്കി പ്രബന്ധം അവതരിപ്പിച്ചുകൊണ്ട്‌ ബാംഗ്ളൂർ സൌത്ത്‌ വെസ്റ്റ് കേരളസമാജം പ്രസിഡന്റ്‌ സതീഷ്‌ തോട്ടശ്ശേരി അഭിപ്രായപ്പെട്ടു.

കെ.ആർ.കിഷോർ


നിരവധി മനുഷ്യരുടെ ത്യാഗോജ്ജ്വലമായ പ്രവർത്തനങ്ങളിലൂടെ കേരളീയ സമൂഹം നേടിയെടുത്ത മഹത്തായ സംസ്ക്കാരത്തെ തകർക്കാൻ ഇരുപതാം നൂറ്റാണ്ടിന്റെ അന്ത്യപാദങ്ങളിൽ ബോധപൂർവ്വമായ ഇടപെടലുകളാണുണ്ടായ്ത്‌.പഴകി ദ്രവിച്ച ഫ്യൂഡൽ-നാടുവാഴിത്തമൂല്യങ്ങളെ തകർത്ത്‌ മതേതര-ജനാധിപത്യ -സാർവ്വദേശീയ സാഹോദര്യബോധത്തെ സ്വാംശീകരിച്ച ജനതക്ക്‌ മേൽ മുതലാളിത്തം കടന്ന്‌ കയറുകയാണുണ്ടായത്‌.
ജാതിമത ശക്തികളെ വളർത്തിയെടുക്കാനും,സങ്കുചിത താല്പ്പര്യങ്ങളിലൂടെ സമൂഹത്തെ ഭിന്നിപ്പിക്കാനും, പുരോഗമന വിരുദ്ധരാഷ്ട്രീയ വീക്ഷണം വളർത്താനും, സിനിമ, പരസ്യം,ടെലിവിഷൻ തുടങ്ങിയ മാധ്യമങ്ങ്ളെ ഉപയോഗപ്പെടുത്താനും ആഗോളശക്തികൾ ശ്രമിക്കുമ്പോൾ അതു തിരിച്ചറിയാനും,അതിനെതിരെ ക്രിയാത്മകമായി പ്രതികരിക്കാനും സാംസ്ക്കാരികപ്രവർത്തകർ തയ്യാറാകേണ്ടത്‌ കാലത്തിന്റെ അനിവാര്യതയാണെന്നും ചർച്ച ഉൽഘാടനം ചെയ്തുകൊണ്ട്‌ കെ.ആർ.കിഷോർ അഭിപ്രായപ്പെട്ടു.
വിമോചന സമരത്തോടെയാണ്‌ ജാതിമത ശക്തികൾക്ക്‌ കേരളസമൂഹത്തിന്റെ ത്വരിതഗതമായ മുന്നേറ്റത്തെ തടയിടാൻ കഴിഞ്ഞതെന്നും അത്‌ തിരിച്ചറിയപ്പെടേണ്ടതാണെന്നും ചർച്ചയിൽ പങ്കെടുത്തികൊണ്ട്‌ വിഷ്ണുമംഗലം കുമാർ അഭിപ്രായപ്പെട്ടു.

കെങ്കേരി സാറ്റ്ലൈറ്റ് ടൌൺ ഭാനുവിദ്യാസമസ്തേ സ്ക്കൂൾ അങ്കണത്തിൽ വെച്ച്‌ സംഘടിപ്പിച്ച ചർച്ചയിൽ സമാജം പ്രസിഡന്റ്‌ പ്രമോദ് വി.നമ്പ്യാർ അദ്ധ്യക്ഷത വഹിച്ചു.പി.ഉണ്ണിക്കൃഷ്ണൻ, സതീഷ് വർമ്മ,രാജേഷ്, മഹേഷ്, എന്നിവർ ചർച്ചയിൽ പങ്കെടുത്ത്‌ സംസാരിച്ചു.

-സാര്‍ത്ഥകം  ന്യൂസ്‌ സര്‍വീസ്